കണ്ണൂരില്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് തിരി തെളിഞ്ഞു
കണ്ണൂര്‍: ഒരുകാലത്ത് ഇന്ത്യയിലെ വിവിധ മൈതാനങ്ങളില്‍ നടന്ന പ്രമുഖ ടൂര്‍ണമെന്റുകളിലും മറ്റും പങ്കെടുത്ത് പേരും പെരുമയും നേടിയെടുത്ത ഫുട്‌ബോള്‍ താരങ്ങള്‍ വീണ്ടും ബൂട്ടണിഞ്ഞപ്പോള്‍ പഴയകാലത്തെ അനുഭവങ്ങള്‍ മറന്നിട്ടില്ലെന്ന് തെളിയിക്കുന്നതായി കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച അഖിലേന്ത്യാ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്.
മാധവറാവു സിന്ധ്യ ചാരിറ്റബിള്‍ ട്രസ്റ്റും ദയാ ചാരിറ്റബിള്‍ ട്രസ്റ്റും സംയുക്തമായി നടത്തുന്ന അഖിലേന്ത്യാ വെറ്ററന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലാണ് പഴയ പടക്കുതിരകളുടെ തേരോട്ടം നടന്നത്. മുന്‍ കാലത്ത് ഇന്ത്യന്‍ ടീമിനും സംസ്ഥാന ടീമുകള്‍ക്കും വന്‍കിട ക്ലബുകള്‍ക്കും വേണ്ടി പോരാട്ടം നടത്തിയ പഴയ കാല കളിക്കാര്‍ ഇനിയും പോരാടാന്‍ സജ്ജമാണെന്ന് തെളിയിക്കുന്നതായി മല്‍സരം.ഇന്നലെ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ അക്ബര്‍ ട്രാവല്‍സ് കേരള കോയമ്പത്തൂല്‍ വെറ്ററന്‍സ് ടീമിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്.
ആദ്യപകുതിയുടെ പതിനഞ്ചാം മിനുട്ടില്‍ ഷിബു നേടിയ ഗോളിന് മുന്നിട്ട് നിന്നിരുന്നു.രണ്ടാം പകുതിയില്‍ അക്ബര്‍ ട്രാവല്‍സിന് വേണ്ടി മുപ്പത്തിയൊന്നാം മിനുട്ടില്‍ രണ്ടാം ഗോളും നേടി.
നേരത്തെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ സൂരജ് അധ്യക്ഷനായി.സന്തോഷ് ട്രോഫി കേരള ടീം പരിശീലകന്‍ വി.പി ഷാജി മുഖ്യാഥിതിയായിരുന്നു.
വെറ്ററന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കെ.പി സുധാകരന്‍, ബി ജെ പി നേതാവ് കെ രഞ്ചിത്ത്, കോര്‍പ്പറേഷന്‍കൗണ്‍സിലര്‍ വെള്ളോറ രാജന്‍ നറുക്കെടുപ്പ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു.
സി.വി സുനില്‍കുമാര്‍, സി കെ വിനോദ്, എന്‍ അജിത്ത്, രഞ്ചിത്ത് താളിക്കാവ് സംസാരിച്ചു.ഇന്ന് രണ്ട് മല്‍സരങ്ങള്‍. 3.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ കണ്ണൂര്‍വെറ്ററന്‍സ് ആലുവ വെറ്ററന്‍സിനെയും 5.30ന് കെല്‍ട്രോണ്‍ വി.എഫ്.സി കണ്ണൂര്‍ എം.ജി ആര്‍ വെറ്ററന്‍സ് പോണ്ടിച്ചേരിയെയും നേരിടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."