കുടിയന്‍മാരെല്ലാം മൂലക്കടവിലേക്ക് ചേക്കേറി വഴിനടക്കാനാവാതെ നാട്ടുകാര്‍
ചൊക്ലി: ദേശീയ പാതയോരത്തെ മദ്യഷാപ്പുകള്‍ക്ക് പൂട്ട് വീണതോടെ പ്രതിസന്ധിയിലായത് പ്രാന്തപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍. മാഹി ടൗണില്‍ 32 മദ്യഷാപ്പുകള്‍ പൂട്ടിയപ്പോള്‍ മദ്യപ സംഘം കൂട്ടത്തോടെയെത്തുന്നത് ചൊക്ലി, പള്ളൂര്‍, പന്തക്കല്‍, മൂലക്കടവ് പ്രദേശങ്ങളിലെ മദ്യഷാപ്പുകള്‍ തേടിയാണ്.
മദ്യപരുടെ അനിയന്ത്രിത വരവ് പ്രദേശവാസികളുടെ ഉറക്കം നഷ്ടപ്പെടുത്തിയിരിക്കുകയാണ്. അടിപിടിയും ബഹളവുമായി റോഡുകളെല്ലാം മദ്യപര്‍ കൈയടക്കിയതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ക്കും വഴിനടക്കാന്‍ പോലും കഴിയുന്നില്ല. രാത്രി മുഴുവന്‍ കുടിച്ച് പൂസായി പാതയോരത്ത് വീണുറങ്ങുന്നവരും ധാരാളമാണ്.
ന്യൂ മാഹി പൊലിസ് സ്റ്റേഷനിലെ പാറാല്‍ മുതല്‍ ചൊക്ലി പൊലിസ് സ്റ്റേഷന്‍ അതിര്‍ത്തിയായ ചൊക്ലി പഞ്ചായത്ത് ഓഫിസ് വരെ പോണ്ടിച്ചേരി സംസ്ഥാനമാണ്. ഇവിടെ 11 മദ്യഷാപ്പുകളാണുള്ളത്.
അതിരാവിലെ തന്നെ കുറ്റ്യാടി,തൊട്ടില്‍പാലം ബസുകളില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കോപ്പാലം- മാക്കുനി റോഡില്‍ 12 വന്‍കിട ബാറുകളാണ് സ്ഥിതി ചെയ്യുന്നത്. സ്‌കൂളും, ആരാധനാലയങ്ങളും ഈ റോഡിലുണ്ടെങ്കിലും നിയന്ത്രണമില്ല. മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ ഒരു ചില്ലറ വില്‍പന കേന്ദ്രവും, ഒരു ബാര്‍ ഹോട്ടലുമാണുള്ളത്.
ഈ റോഡില്‍ മാഹി സബ്ജയില്‍ സ്ഥിതി ചെയ്യുന്നു. അതിനാല്‍ തന്നെ ഇവിടെ ട്രെയിന്‍ യാത്രക്കാര്‍ക്കു മദ്യപന്‍മാര്‍ ശല്യമാവുകയാണ്. മാഹി ടൗണിലെ ജനങ്ങള്‍ക്ക് സ്വസ്ഥത ലഭിച്ചപ്പോള്‍ പള്ളൂര്‍, മൂലക്കടവ് പ്രദേശങ്ങളിലുള്ളവര്‍ക്ക് തലവേദനയാവുകയായിരുന്നു.
വാഹനങ്ങളില്‍ അതിര്‍ത്തി കടന്നുവരുന്ന മദ്യം പിടിക്കാന്‍ പൊലിസും എക്‌സൈസും കാവലുണ്ട്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നവരെ കൈകാര്യം ചെയ്യാന്‍ പോണ്ടിച്ചേരി പൊലിസുണ്ടെങ്കിലും ഇവരുടെ സേവനം ഫലപ്രദമാവുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പൂട്ടിയ ഷാപ്പുകള്‍ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റാനും നീക്കമുണ്ട്. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വീണ്ടും ഒരു ഷാപ്പു കൂടി തുറക്കാന്‍ സജ്ജമാക്കിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പു കാരണം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കുകയാണ്. മദ്യഷാപ്പുകള്‍ അടച്ചതോടെ തൊഴില്‍ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."