നിപിന്‍കുമാറിന് പഠിക്കണം; ആര് കൈപിടിക്കും
ചെറുവത്തൂര്‍: നെഹ്‌റു കോളജിലെ ഒന്നാംവര്‍ഷ ബി.എ മലയാളം ക്ലാസ് മുറിയില്‍ പരിമിതികളെ തോല്‍പ്പിച്ച നിപിന്‍ കുമാര്‍ എന്ന വിദ്യാര്‍ഥിയുണ്ട്. ക്ലാസ് മുറിക്ക് പുറത്ത് അമ്മ ശാന്തയും. ശാരീരിക വിഷമതകളെ അമ്മയെന്ന സ്‌നേഹത്തിന്റെ കരുത്തില്‍ തോല്‍പ്പിച്ച് മുന്നേറിയ നിപിന്റെ പഠനമോഹങ്ങള്‍ ഇന്ന് പ്രതിസന്ധിയിലാണ്.
സഹായഹസ്തങ്ങള്‍ നീണ്ടില്ലെങ്കില്‍ 12 വര്‍ഷക്കാലം ഒരമ്മ ചുമലിലേറ്റി നടന്ന സ്വപ്നമാണ് ഇല്ലാതാവുക. പടന്നക്കാട് നെഹ്‌റു കോളജിലേക്കുള്ള യാത്രാ ചെലവ് കണ്ടെത്താന്‍ കഴിയുന്നില്ല എന്നുള്ളതാണ് നിലവിലെ പ്രതിസന്ധി. ആനിക്കാടി പാലയിലെ ടി.വി ശാന്തയുടെയും പി. കരുണാകരന്റെയും മകനാണ് ടി.വി നിപിന്‍കുമാര്‍. പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്നതിനാല്‍ പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. പഠിക്കണം എന്ന മകന്റെ ആഗ്രഹം സാക്ഷാത്കരിക്കാന്‍ അമ്മ ശാന്ത മകനെയും ചുമലിലേറ്റി സ്‌കൂളുകളില്‍ എത്തി. ഒടുവില്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മിന്നും ജയം നേടുകയും സുപ്രഭതം റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു.
വീട്ടില്‍നിന്ന് നൂറ് മീറ്റര്‍ അകലെയുള്ള റോഡ് വരെ മകനെയും ചുമലിലേറ്റി അമ്മ നടക്കും. ബസ് യാത്രയ്ക്ക് ശാരീരിക വിഷമതകള്‍ അനുവദിക്കാത്തതിനാല്‍ ഓട്ടോയിലാണ് കോളജിലെത്തുന്നത്. ഓട്ടോയില്‍ കോളജിലെത്തി തിരിച്ച് വരണമെങ്കില്‍ ദിവസം 400 രൂപയാണ് ചെലവ്. കൂലിപ്പണി ചെയ്യുന്ന പിതാവിന് ഇത് താങ്ങാനാവുന്നതിലും അപ്പുറമാണ്. സ്‌കൂള്‍ പഠന കാലത്ത് വാഹനത്തിന്റെ ചെലവ് വഹിച്ചിരുന്നത് അധ്യാപകര്‍ ചേര്‍ന്നായിരുന്നു.
പരസഹായമില്ലാതെ എവിടേക്കും പോകാന്‍ കഴിയാത്ത നിപിന്‍കുമാറിന് ഭക്ഷണം കഴിക്കാനും പ്രാഥമിക കാര്യങ്ങള്‍ നടത്താനും ഒരാളുടെ സഹായം വേണം. അതുകൊണ്ട് തന്നെ മകനെ ക്ലാസ് മുറിയിലിരുത്തിയ ശേഷം ഈ അമ്മ പുറത്ത് കാത്തിരിക്കും. ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുടങ്ങിയ പതിവ് കോളജിലും തുടരുന്നു. പ്ലസ്ടു പരീക്ഷയില്‍ 63 ശതമാനം മാര്‍ക്കോടെ മികച്ച വിജയമായിരുന്നു നിപിന്‍ സ്വന്തമാക്കിയത്. കുട്ടമത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലായിരുന്നു ഹയര്‍സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കിയത്.
തുടര്‍ന്നും പഠിക്കണമെന്ന ആഗ്രഹത്തിന് മാതാപിതാക്കള്‍ പിന്തുണ നല്‍കുകയും ചെയ്തു. പടന്നക്കാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ പ്രവേശനം ലഭിച്ചു. ഒരുമാസം മകനെ വിദ്യാലയത്തിലെത്തിക്കാനുള്ള തുക കുഞ്ഞിപ്പാറ വായനശാല അധികൃതര്‍ ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. എങ്കിലും പഠനം പൂര്‍ത്തിയാകുന്നത് വരെ വാഹനത്തിന് ഉണ്ടാകുന്ന സാമ്പത്തിക ചെലവ് എങ്ങനെ കണ്ടെത്തുമെന്നതാണ് ഈ കുടുംബത്തിന്റെ മുന്നിലുള്ള ചോദ്യം. കൈപിടിക്കാന്‍ സുമനസുകള്‍ മുന്നോട്ട് വന്നാല്‍ നിപിന്റെ പഠനമോഹനങ്ങള്‍ക്ക് കരിനിഴല്‍ വീഴില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."