HOME
DETAILS
MAL
ഭാര്യയെ തലയ്ക്കടിച്ച് കൊന്ന കേസ് പ്രതിക്ക് ജീവപര്യന്തം തടവ്
backup
July 07 2020 | 02:07 AM
മഞ്ചേരി: ഭാര്യയെ മഴുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ മഞ്ചേരി അഡിഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കുഴിമണ്ണ ആക്കപ്പറമ്പ് പുളിയക്കോട് പുറ്റമണ്ണ തവളക്കുഴിയന്‍ പൂലാട്ട് ഉലാം അലി (54) യെയാണ് ജഡ്ജി എം. അഹമ്മദ് കോയ ശിക്ഷിച്ചത്. 2017 നവംബര്‍ 22ന് വൈകിട്ട് 5.30നാണ് കേസിനാസ്പദമായ സംഭവം. ആക്കപ്പറമ്പ് മേല്‍മുറി പുളിയക്കോട് മുതീരി കോമുക്കുട്ടിയുടെ മകള്‍ ഖദീജ (41) യാണ് കൊല്ലപ്പെട്ടത്.
ദമ്പതികള്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. സംഭവദിവസം വഴക്ക് രൂക്ഷമാവുകയും പ്രതി ഖദീജയെ മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന് ഇറങ്ങിയോടിയ ഖദീജയെ പിന്തുടര്ന്നെത്തിയ പ്രതി വീടിനടുത്തുള്ള പറമ്പില്‍ വച്ച് മഴുകൊണ്ട് അടിക്കുകയായിരുന്നു. അടിയേറ്റ് തലയോട്ടി പിളര്‍ന്ന നിലയിലായിരുന്ന വീട്ടമ്മയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മഞ്ചേരി സി.ഐ എന്‍.ബി ഷൈജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കുറ്റപത്രം സമര്‍പ്പിച്ചതും. ആകെയുള്ള 42 സാക്ഷികളില്‍ 23 പേരെ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.വാസു കോടതി മുന്‍പാകെ വിസ്തരിച്ചു. എട്ടു തൊണ്ടി മുതലുകളും 18 രേഖകളും ഹാജരാക്കി. പാലക്കാട് ജില്ലാ ജയിലില്‍ ആയിരുന്ന പ്രതിയെ ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."