ചിറക്കല്‍ ചിറ ജലസംഭരണിയായി സംരക്ഷിക്കും: മന്ത്രി ഐസക് 2.3 കോടിയുടെ നവീകരണം ഉടന്‍ തുടങ്ങും
കണ്ണൂര്‍: ചിറക്കല്‍ ചിറ മികച്ച ശുദ്ധജല സംഭരണിയായി സംരക്ഷിക്കാനും സൗന്ദര്യവല്‍ക്കരിക്കാനുമുള്ള 2.3 കോടിയുടെ പദ്ധതി ഉടന്‍ ആരംഭിക്കുമെന്നു മന്ത്രി ഡോ. ടി.എം തോമസ് ഐസക്.
മുന്‍കാലങ്ങളില്‍ സമൃദ്ധമായ ജലസംഭരണികളായി നിലനിന്ന കുളങ്ങളും ചിറകളും തോടുകളും ഇല്ലാതായതാണ് ഇന്നു നാം അനുഭവിക്കുന്ന രൂക്ഷമായ ജലക്ഷാമത്തിനു കാരണമെന്നും ചിറ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. അവശേഷിക്കുന്ന ജലസംഭരണികളെ ശുചീകരിച്ച് സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണു സര്‍ക്കാര്‍ ഹരിതകേരളം മിഷനു തുടക്കമിട്ടത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാണു പ്രധാനമായും ഇത്തരം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. എന്നാല്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലാണു ചിറക്കല്‍ ചിറ നവീകരണവും സൗന്ദര്യവല്‍ക്കരണവും നടക്കുക. സംസ്ഥാനത്ത് ഈ രീതിയില്‍ പുനരുദ്ധരിക്കുന്ന ആദ്യത്തെ ജലസ്രോതസാണു ചിറക്കല്‍ ചിറയെന്നും മന്ത്രി പറഞ്ഞു.ചിറയ്ക്ക് ചുറ്റും പടവുകള്‍ പണിതും സംരക്ഷണഭിത്തി നിര്‍മിച്ചും ഇതിനെ മനോഹമരമാക്കാനും പദ്ധതിയുണ്ട്. ചിറയുടെ കരയിലെ പുരാതന കെട്ടിടങ്ങള്‍ നവീകരിക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ചിറ നവീകരണത്തിനായി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 2.3 കോടി രൂപയുടെ പ്രവൃത്തികള്‍ക്കുള്ള ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നതായും മന്ത്രി പറഞ്ഞു.ചിറയുടെ ഉടമസ്ഥരായ ചിറക്കല്‍ രാജ സി.കെ രവീന്ദ്രവര്‍മയുമായും മന്ത്രി ചര്‍ച്ച നടത്തി. ചിറക്കല്‍ ചിറയെ ജലസംഭരണിയായി സംരക്ഷിക്കുന്നതിനും സൗന്ദര്യവല്‍ക്കരിക്കുന്നതിനുമുള്ള പൂര്‍ണ അനുവാദം കുടുംബത്തില്‍ നിന്നു ലഭിച്ചതായി മന്ത്രി അറിയിച്ചു. ശുദ്ധജല സംഭരണിയായി ചിറ നിലനില്‍ക്കുന്നിടത്തോളം കാലം പ്രദേശത്തെ കിണറുകളിലെ ഉറവ വറ്റിപ്പോവുന്ന അവസ്ഥയുണ്ടാവില്ല.നിര്‍ദിഷ്ട തലശ്ശേരി പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായുള്ള ടൂറിസ്റ്റ് സര്‍ക്യൂട്ട് പ്രോജക്ടില്‍ ചിറക്കല്‍ ചിറ ഉള്‍പ്പെടുത്തി പ്രദേശത്തിന്റെ വിനോദസഞ്ചാര സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പി.കെ ശ്രീമതി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍ കെ.പി ജയബാലന്‍, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് എ സോമന്‍, വൈസ് പ്രസിഡന്റ് കെ.സി ജിഷ എന്നിവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ആനക്കുളം, തളിയില്‍ കുഞ്ഞികുളം എന്നിവയും മന്ത്രി സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."