വനിതാ കമ്മിഷന്റെ പേരില്‍ വ്യാജ ഫോണ്‍ ഭീഷണി
കൊല്ലം: കൊല്ലം സ്വദേശിനിയായ പെണ്‍കുട്ടിയുടെ കാന്‍സര്‍ ചികിത്സക്കായി നാട്ടുകാരുടെ സഹായത്തോടെ സ്വരൂപിച്ച ചികിത്സാ സഹായ ഫണ്ട് തട്ടിയെടുക്കുന്നതിന് കുട്ടിയുടെ മുത്തശ്ശിയെ വനിതാ കമ്മീഷന്റെ പേരുപറഞ്ഞ് വ്യാജ ഫോണ്‍ ചെയ്ത് ഭീഷണിപ്പെടുത്തിയതായി പരാതി. ബന്ധുവായ സ്ത്രീ വനിതാ കമ്മിഷനില്‍നിന്നാണെന്നും പറഞ്ഞ് ഫോണിലൂടെ പെണ്‍കുട്ടിയുടെ അമ്മൂമ്മയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ വനിതാ കമ്മിഷന് ലഭിച്ചു. ഓഡിയോ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് കൈമാറിയതായും കമ്മിഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയവരെ അറസ്റ്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും കമ്മിഷനംഗം ഡോ. ഷാഹിദാ കമാല്‍ അറിയിച്ചു. പൊലിസിനോട് കൂടുതല്‍ അന്വേഷണം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തതായും ഷാഹിദാ കമാല്‍ അറിയിച്ചു. പെണ്‍കുട്ടി കോളേജ് വിദ്യാര്‍ഥിനിയാണ്. മാതാപിതാക്കള്‍ നേരത്തേ മരിച്ചുപോയതിനാല്‍ മുത്തശ്ശിയുടെ പേരില്‍ പെണ്‍കുട്ടിയുടെ ചികിത്സക്കായി നിക്ഷേപിച്ച 27 ലക്ഷം രൂപ വേണമെന്ന് അവകാശപ്പെട്ടാണ് മാതാവിന്റെ സഹോദരനും ഭാര്യയും മറ്റ് ബന്ധുക്കളും ഭീഷണിപ്പെടുത്തുന്നതെന്ന് പെണ്‍കുട്ടിയുടെ സഹപാഠികളും അധ്യാപകരും ചേര്‍ന്ന് വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് ഷാഹിദാ കമാല്‍ നേരിട്ട് സ്ഥലം സന്ദര്‍ശിച്ച് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. ഇപ്പോള്‍ താമസിക്കുന്ന സ്ഥലം സുരക്ഷിതമല്ലാത്തതിനാല്‍ പഠിക്കുന്ന കോളജിനടുത്ത് വീട് വാടകക്കെടുത്ത് ഇവരെ മാറ്റിതാമസിപ്പിക്കാനും നടപടികള്‍ സ്വീകരിക്കും. ബന്ധുക്കള്‍ പണത്തിനായി ശല്യപ്പെടുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുമെന്നും വനിതാ കമ്മിഷന്റെ പേര് പണം തട്ടാനായി ഉപയോഗിച്ചത് ഗൗരവമുളള വിഷയമാണെന്നും കമ്മീഷന്‍ അഭിപ്രായപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാതൃകാപരമായ ശിക്ഷ കുറ്റക്കാര്‍ക്ക് നല്‍കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."