ചുണ്ണാമ്പുത്തറ മേല്‍പാലം പരിസരം മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി
പാലക്കാട്: ഇവിടെ മാലിന്യം തള്ളരുത്. ഈ പ്രദേശം ക്യാമറയുടെ നിരീക്ഷണത്തിലാണ്. നഗര പരിസരത്തെല്ലാം പാലക്കാട് നഗരസഭയുടെ ഇത്തരത്തിലുള്ള ബോര്‍ഡുകള്‍ കാണാം. എന്നാല്‍, ഇതുകൊണ്ടൊന്നും യാതൊരു പ്രയോജനവുമില്ലെന്ന് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതിന്റെ പരിസരം നിരീക്ഷിച്ചാല്‍ മനസ്സിലാവും.
വീട്ടിലെ പച്ചക്കറിമാലിന്യം മുതല്‍ അറവുമാലിന്യം വരെ ഇത്തരം പ്രദേശങ്ങളില്‍ കാണാം. ചുണ്ണാമ്പുത്തറ മേല്‍പാലത്തിനു താഴെ ഈ പരിസരത്ത് മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് സൂചിപ്പിക്കുന്ന രണ്ട് ബോര്‍ഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്.
എന്നിട്ടും ഈ പ്രദേശം മുഴുവന്‍ മാലിന്യക്കൂമ്പാരമാണ്. ദുര്‍ഗന്ധത്താല്‍ ഇതുവഴി നടക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് യാത്രക്കാര്‍. പ്രഭാതസവാരിക്കെത്തുന്നവരും മറ്റ് സമയങ്ങളില്‍ വാഹനങ്ങളിലെത്തുന്ന വരുമെല്ലാം ഇവിടെ മാലിന്യം വലിച്ചെറിയുകയാണ്. രാത്രിയായാല്‍ പ്രദേശം ഇരുട്ടിലാണെന്നുളളതും ഇവിടം മാലിന്യക്കൂമ്പാരമാകുന്നതിന് കാരണമാകുന്നു.
കന്നുകാലികളുടെ ശല്യവും പ്രദേശത്ത് രൂക്ഷമാണ്. പൊതുവെ ഗതാഗതത്തിരക്കേറിയ പ്രദേശമാണ് ചുണ്ണാമ്പുത്തറ മേല്‍പ്പാലം. ഈ പ്രദേശത്താണ് ഇത്തരത്തില്‍ മാലിന്യം കൂമ്പാരമായിക്കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."