അഹമ്മദ് കുട്ടി ഹാജിയുടെ വിയോഗം; നഷ്ടമായത് ഏറനാട്ടിലെ പാട്ടുകാരനെ
കിഴിശ്ശേരി: തവനൂര്‍ ഒന്നാം മൈല്‍ മണല്‍ പാറ ആറ്റാശ്ശേരി അഹമ്മദ് കുട്ടി ഹാജിയുടെ വിയോഗത്തിലൂടെ കാലാ പ്രേമികള്‍ക്കു നഷ്ടമായത് ഏറനാട്ടിലെ പാട്ടുകാരനെ. ചെറു പ്രായത്തില്‍ തന്നെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായതോടെ പാര്‍ട്ടിയുടെ ആശയ പ്രചാരണത്തിനു പാട്ടു പാടാന്‍ അഹമ്മദ് കുട്ടി ഹാജിയെ തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയും പാട്ടും ജീവിതമാക്കിയതോടെ എം.സി ബാപ്പുട്ടിയുടെ നേതൃത്വത്തില്‍ വോയ്‌സ് ഓഫ് ഏറനാട് എന്ന പേരില്‍ കിഴിശേരിയില്‍ പ്രത്യേക കലാ സംഘത്തിനു രൂപം നല്‍കി.
കല്യാണ വീടുകളില്‍ വട്ടപ്പാട്ടു ഹരമാക്കിയ സംഘം വിവിധ സ്റ്റേജുകളില്‍ നിറഞ്ഞു നിന്നപ്പോള്‍ ഗായകനായി അഹമ്മദ് കുട്ടി ഹാജിയുമുണ്ടായിരുന്നു. അന്നു കലാരംഗത്തു നിറഞ്ഞു നിന്നിരുന്നവര്‍ക്കൊപ്പം വിവിധ ജില്ലകളിലെ സ്റ്റേജ് പരിപാടികളില്‍ അഹമ്മദ് കുട്ടി ഹാജി പാടിയിട്ടുണ്ട്. കല്യാണ വീടുകളില്‍ 'വോയ്‌സ് ഓഫ് ഏറനാടിന്റെ ' വട്ടപ്പാട്ട് സംഘം സജീവമായി.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിക്കു കീഴില്‍ നടന്ന ഭാഷാ സമര വെടിവെപ്പിനെ ചിത്രീകരിച്ചു കരിപ്പൂര്‍ മൊയ്തീന്‍ കുട്ടിയുടെ നേതൃത്വത്തില്‍ 'മലപ്പുറം രക്തക്കളം' എന്ന കഥാ പ്രസംഗം കേരളത്തിന്റെ വിവിധ ജില്ലകളില്‍ അരങ്ങേറിയപ്പോള്‍ മജീദ് റഹ്മാന്‍ കുഞ്ഞിപ്പയെ കോര്‍ത്തിണക്കി പാട്ടു പാടാന്‍ അഹമ്മദ് കുട്ടി ഹാജിയുമുണ്ടായിരുന്നു. കാളപൂട്ടു പ്രേമിയായിരുന്ന ഹാജിയാര്‍ ദൂരെ ദിക്കുകളിലേക്കു കാളപൂട്ട് കാണാന്‍ പോകുന്നതു പതിവായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."