കുറ്റിപ്പുഴ നമ്പര്‍ വണ്‍ ഇറിഗേഷന്‍ നിശ്ചലം; വിളകള്‍ കരിഞ്ഞുണങ്ങുന്നു, കിണറുകള്‍ വറ്റിവരണ്ടു
നെടുമ്പാശ്ശേരി: ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലകളില്‍ ഒന്നായ കുന്നുകര പഞ്ചായത്തിലെ കുറ്റിപ്പുഴ നമ്പര്‍ വണ്‍ ഇറിഗേഷന്റെ പ്രവര്‍ത്തനം താറുമാറായതിനെ തുടര്‍ന്ന് കാര്‍ഷിക വിളകള്‍ കൂട്ടത്തോടെ നാശത്തിലേക്ക് നീങ്ങുന്നു. പമ്പിങ് നടക്കാത്തതിനെ തുടര്‍ന്ന് പ്രദേശത്തെ നൂറുകണക്കിന് ജനങ്ങളാണ് കുടിവെള്ളം കിട്ടാതെയും കഷ്ടപ്പെടുന്നത്. ഈ ഇറിഗേഷനില്‍ നിന്നും വെള്ളം പമ്പ് ചെയ്യുന്നതിനെ തുടര്‍ന്നാണ് വേനല്‍ കടുക്കുമ്പോള്‍ പഞ്ചായത്തിലെ നാല്, അഞ്ച്, ആറ്, ഏഴ്, ഒന്‍പത് വാര്‍ഡുകളിലെ അഞ്ച് കിലോമീറ്ററോളം ചുറ്റളവില്‍ കിണറുകളില്‍ ഉറവ് ലഭിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ഇറിഗേഷന്‍ പമ്പുകളില്‍ ഒന്നാണ് കുറ്റിപ്പുഴ നമ്പര്‍ വണ്‍. ഇവിടെ നിന്നുള്ള ജല ലഭ്യത കണക്കിലെടുത്ത് ഏക്കറുകണക്കിന് സ്ഥലത്താണ് കര്‍ഷകര്‍ വാഴ, പച്ചക്കറി, ജാതി തുടങ്ങിയ കൃഷികള്‍ ചെയ്തിരിക്കുന്നത്. കുറ്റിയാല്‍, എലിതുരുത്ത്, കുറ്റിപ്പുഴ പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്യുന്നതിനും നമ്പര്‍ വണ്‍ ഇറിഗേഷനില്‍ നിന്നാണ് വെള്ളം പമ്പ് ചെയ്യുന്നത്.
സാധാരണയായി ഈ പാടശേഖരങ്ങളില്‍ വിളവെടുപ്പിന് ശേഷം ഫെബ്രുവരി അവസാനത്തോടെ വെള്ളം പമ്പിങ് തുടങ്ങുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ പ്രളയത്തിന് ശേഷം ആദ്യം ഇറക്കിയ കൃഷി നശിച്ചതിനെ തുടര്‍ന്ന് വീണ്ടും വിത്തിറക്കേണ്ടി വന്നു. ഇതോടെ വിളവെടുപ്പും ഒരു മാസത്തോളം വൈകി. ഇതേതുടര്‍ന്ന് വിളവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം മാര്‍ച്ച് 23 ന് വെള്ളം പമ്പിങ് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൊയ്ത്ത് പൂര്‍ത്തിയാകാത്തതിനാല്‍ ഏതാനും ദിവസം കൂടി കഴിഞ്ഞ ശേഷമാണ് പമ്പിങ് ആരംഭിക്കാനായത്. എന്നാല്‍ പമ്പിംഗ് തുടങ്ങി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മോട്ടോര്‍ തകരാറിലാകുകയായിരുന്നു. മാത്രമല്ല നേരത്തേ അറ്റകുറ്റപണികള്‍ നടന്നതില്‍ വന്‍ ക്രമക്കേട് നടന്നതായും കര്‍ഷകര്‍ പരാതിപ്പെടുന്നു. ഇതിനായി കരാറുകാരന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടുനില്‍ക്കുകയായിരുന്നെന്നാണ് പരാതി. പുഴയില്‍ നിന്നും വെള്ളം വലിച്ചെടുക്കാന്‍ 18 ഇഞ്ച് വ്യാസമുള്ള പൈപ്പും പുറത്തേക്ക് തള്ളുന്നതിന് 14 ഇഞ്ച് പൈപ്പുമാണ് നേരത്തേ ഉണ്ടായിരുന്നത്. എന്നാല്‍ ഒരു മാസം മുന്‍പ് നടന്ന അറ്റകുറ്റപണിയില്‍ പുഴയില്‍ നിന്നുള്ള പൈപ്പ് 16 ഇഞ്ചാണ് ഇട്ടിരിക്കുന്നത്.ഇതേതുടര്‍ന്ന് പുറത്തേക്ക് തള്ളുന്ന വെള്ളത്തിന്റെ അളവും വലിയ തോതില്‍ കുറഞ്ഞു. ഇവിടെ നിന്നും പ്രധാനമായും കുറ്റിപ്പുഴ, വയല്‍കര, വടക്കേ അടുവാശ്ശേരി എന്നിങ്ങനെ മൂന്ന് ഭാഗത്തേക്കാണ് വെള്ളം എത്തുന്നത്.ഇതില്‍ രണ്ട് ഭാഗത്തേക്ക് വെള്ളം എത്താന്‍ രണ്ട് കിലോമീറ്ററിലധികം സഞ്ചരിക്കണം.
വെള്ളത്തിന്റെ പുറത്തേക്കുള്ള തള്ള് കുറഞ്ഞതോടെ പമ്പിങ് പുനരാരംഭിച്ചാല്‍ തന്നെ ഈ ഭാഗങ്ങളില്‍ വെള്ളമെത്താല്‍ ദിവസങ്ങള്‍ തന്നെ വേണ്ടി വരും. തുടര്‍ച്ചയായി 16 മണിക്കൂര്‍ പമ്പിങ് നടത്താന്‍ ഗ്രാമ പഞ്ചായത്തും കൃഷി ഭവനും നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതും പാലിക്കപ്പെടുന്നില്ല. ഇവിടെ 100 എച്ച്.പി ശേഷിയുടെ പുതിയ മോട്ടോര്‍ സ്ഥാപിച്ച് എല്ലാ സംവിധാനവും ഏര്‍പ്പെടുത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പ്രവര്‍ത്തനമാരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല.
പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനത്തെ തന്നെ പ്രധാന പഞ്ചായത്തുകളില്‍ ഒന്നാണ് കുന്നുകര. പ്രളയത്തില്‍ കുന്നുകരയിലെ കൃഷികള്‍ ഒന്നാകെ പിഴുതെറിയപ്പെട്ടെങ്കിലും മണ്ണിനോട് മല്ലടിക്കുന്ന പരമ്പരാഗത കൃഷിക്കാരുടെ ഒരുമയോടെയുള്ള പരിശ്രമം മൂലം നെല്‍ കൃഷി അടക്കമുള്ള വിവിധയിനം കൃഷികള്‍ പുനരുദ്ധരിക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായി വേനല്‍ കനക്കുകയും, പമ്പിങ് മുടങ്ങുകയും ചെയ്തതോടെ കൃഷികള്‍ വ്യാപകമായി വരണ്ടുണങ്ങിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."