'റെവല്യൂഷനറി കുമ്പസാരവും ബഡായി വേഷവും'
കൊതിക്കെറുവും തെരഞ്ഞടുപ്പില്‍ കസേരകിട്ടാത്ത ചൊറിച്ചിലുമായി വിപ്ലവമുന്നണിയില്‍നിന്നു ചാടി ബൂര്‍ഷാമുന്നണിയില്‍ അന്തിയുറക്കം തുടങ്ങിയ റെവല്യൂഷനറി ചന്ദ്ര'ചൂടന്‍'പാര്‍ട്ടിയില്‍നിന്നു, പൊറുതിതുടങ്ങി രണ്ടുകൊല്ലം പിന്നിട്ടപ്പോഴാണു ചില വെളിപാടുകള്‍ പുറത്തുവരുന്നത്.
നിയമസഭാതെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ ക്ഷീണം ഒട്ടൊന്നുമല്ല തളര്‍ത്തിയത്. മുന്നണിമാറ്റം തടയാന്‍ കഴിയാത്തതില്‍ അതീവദുഃഖിതനാണത്രെ പാര്‍ട്ടി ജനറല്‍. മുന്നണിമാറുന്ന സമയത്ത് എന്തൊക്കെ പുകിലായിരുന്നു. അന്നൊന്നും തോന്നാത്ത കുറ്റബോധമാണിപ്പോള്‍. സംസ്ഥാന ചീങ്കണ്ണികള്‍ക്കെതിരേ അണികളിലുള്ള അസംതൃപ്തി ഊതിവീര്‍പ്പിക്കുന്ന തരത്തിലാണു ചൂടന്‍ ജനറല്‍ അലറിയത്.
ആര്‍.എസ്.പി തെരഞ്ഞെടുപ്പില്‍ ദയനീയമായി പൊട്ടിയെന്നും ഇടതുമുന്നണി വിട്ടുപോന്നതിനെ തടയാനായില്ലെന്നും അതില്‍ അതിയായ ദുഃഖമുണ്ടെന്നും രണ്ടുവട്ടമെങ്കിലും ആലോചിക്കാതെ തിടുക്കത്തില്‍ വിട്ടുപോയതില്‍ കുണ്ഠിതമുണ്ടെന്നും ജനറല്‍ കുമ്പസാരിക്കുന്നു. തെറ്റുകള്‍ തിരുത്തേണ്ട സമയമായി. പൊളിഞ്ഞു പാളീസായ സുധീരമുന്നണിയില്‍ എത്രനാള്‍ തുടരും. ആകെ ആശങ്ക.
അവിടംകൊണ്ടും തീര്‍ന്നില്ല. മുഖ്യമന്ത്രിയെന്നനിലയില്‍ പഴയ കോമ്രേഡ് പിണറായി കേമനാണത്രെ. പെരുമാറ്റവും സൂപ്പര്‍. ധാര്‍ഷ്ട്യമില്ല, അസഹിഷ്ണുതയില്ല. വെറും 'സാധു'. ഭേദപ്പെട്ട ഭരണം. ക്ലീന്‍ ചിറ്റ്!! കുറ്റബോധം കൂടിവന്നപ്പോള്‍ ആദര്‍ശസുധീരനെ ഞോണ്ടാനും ജനറല്‍ മടിച്ചില്ല. കോണ്‍ഗ്രസിനകത്തു പ്രതിപക്ഷനേതാവിനെപ്പോലെയാണു സുധീരനെന്നും ആദര്‍ശശുദ്ധി നല്ലതാണെങ്കിലും അനവസരത്തിലുള്ള ആദര്‍ശശുദ്ധി അശുദ്ധിയാണെന്നും ജനറല്‍ അമറി.
അസീസിന്റെയും പ്രേമചന്ദ്രന്റെയും പ്രത്യേകതാല്‍പ്പര്യമാണ് ഇടതുമുന്നണി വിടാനുള്ള കാരണമെന്നു ദേശീയജനറല്‍ പറയാതെ പറയുകയും ചെയ്തു. എന്നാല്‍, എല്ലാം കേട്ടിരുന്ന ഇരവിപുരം സംസ്ഥാനസെക്രട്ടറി ഡബിള്‍ എ അസീസിനു സഹിച്ചില്ല. പാര്‍ട്ടിക്കുള്ളില്‍ മുന്നണിമാറ്റവുമായി ബന്ധപ്പെട്ടു രണ്ടഭിപ്രായം ഇപ്പോഴും നിലവിലുണ്ടെന്ന രഹസ്യക്കണ്ടെത്തല്‍ അംഗീകരിക്കാതെ ജനറലിനെ അസീസ് തിരുത്തി. കായലില്‍ നിന്നു കടലിലേയ്ക്ക് എടുത്തുചാടിയതു പാര്‍ട്ടി കൂട്ടായി എടുത്ത തീരുമാനമാണെന്നും അതു തെറ്റെന്നു പറയുന്നതു ശരിയല്ലെന്നുമായിരുന്നു തിരുത്തല്‍.
പിന്നീട് ആദര്‍ശപ്പാര്‍ട്ടിക്കാരെക്കുറിച്ചും ചവച്ചുതുപ്പി. ഉമ്മച്ചന്‍ സര്‍ക്കാരിനും മന്ത്രിമാര്‍ക്കുമെതിരായുള്ള ആരോപണങ്ങളെ പ്രതിരോധിച്ചില്ല. തദ്ദേശതെരഞ്ഞെടുപ്പിലെ തോല്‍വിയില്‍നിന്ന് ഒരുപാഠവും പഠിച്ചില്ല. എന്നാല്‍, തെരഞ്ഞെടുപ്പിലെ സാമുദായികധ്രുവീകരണവും കുഞ്ഞുമോനെപ്പോലുള്ളവരുടെ തെണ്ടിത്തരവും തിരിച്ചടിയായെന്നു സമ്മതിക്കുകയും ചെയ്തു. നിരവധി പവര്‍മാള്‍ട്ട് പ്രവര്‍ത്തകരാണ് പാലായനത്തിനു മുന്‍പ് ആര്‍.എസ്.പിക്ക് ഉണ്ടായിരുന്നത്.
എന്നാലിപ്പോള്‍ ഒട്ടും വാജീകരണമില്ല. പാര്‍ട്ടി അശയിലിട്ടപോലെയായി. എന്നാലും പാര്‍ട്ടി നശിക്കില്ലെന്നും ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നും സംസ്ഥാനജനറല്‍ പറഞ്ഞുവച്ചു. ഇടതുമുന്നണി വിട്ടുപോകാനുളള സംസ്ഥാനഘടകന്മാരുടെ തീരുമാനത്തിനു പാര്‍ട്ടി ദേശീയഘടകന്മാര്‍ക്കും പ്രത്യേകിച്ചു ബംഗാള്‍ഘടകത്തിനും വിയോജിപ്പായിരുന്നുവെന്ന കാര്യം സൗകര്യപൂര്‍വം മറക്കാം. അടുത്തൊരു കരപറ്റുന്നതുവരെ ഈ കലഹം തുടരാനാണു സാധ്യത. ലോക്‌സഭയിലുള്ള പിടിവള്ളികൂടിയില്ലാതായാല്‍ പാര്‍ട്ടി സ്വയം വാനിഷിങ്ങായാലും അത്ഭുതപ്പെടാനില്ല.
'ബഡായി ബംഗ്ലാവില്‍'
സസുഖം വാഴവേ
രാഷ്ട്രീയത്തിലിറങ്ങി എം.എല്‍.എ ആയതിന്റെ 'ശിക്ഷ'യനുഭവിക്കയാണു കൊല്ലത്തെ ആസ്ഥാനനടന്‍. നടനവൈഭവം എല്ലാരംഗത്തും വേണമെന്നാഗ്രഹിക്കുന്നയാളാണ് അദ്ദേഹം. നാടകം, സിനിമ, രാഷ്ട്രീയം എന്നീ മൂന്നുമേഖലയിലും അഭിനയത്തിന്റെ സാധ്യതകള്‍ വളരെയുണ്ട്. പുതുതായി രാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്തയാളായതിനാല്‍ 'പൊളിറ്റിക്കല്‍ ഡ്രാമ' ആദ്യമൊന്നും അത്ര വശമില്ലായിരുന്നു.
യൂത്തന്മാര്‍ 'പ്രതീകാത്മക' കേസുമായി പൊലിസ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് ആ ഡ്രാമയെക്കുറിച്ചു നടനരാഷ്ട്രീയക്കാരനു ബോധംവീണത്. ചരിത്രത്തിലാദ്യമാണ് ഒരു എം.എല്‍.എയെ കാണ്‍മാനില്ലെന്നുകാട്ടി പൊലിസില്‍ പരാതി ലഭിക്കുന്നത്. പരാതിക്ക് രസീത് കൊടുത്ത പാവം പൊലിസേമാന് യൂത്തന്മാരുടെ നടനവൈഭവം മനസിലായില്ല. അതോടെ അദ്ദേഹത്തിന്റെ പണി നിന്നനില്‍പ്പില്‍ തെറിച്ചു മറ്റൊരിടത്തായി. പോസ്റ്റുമാനെ കാണ്‍മാനില്ല, പ്രേംനസീറിനെ കാണ്‍മാനില്ല എന്നീ സിനിമാപ്പേരുകള്‍ക്കൊപ്പം എം.എല്‍.എയെ കാണ്‍മാനില്ലെന്ന വാര്‍ത്ത നാട്ടുകാര്‍ക്കും കൗതുകമായി.
24 മണിക്കൂറും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയാറായി നിരവധി ഘടാഘടികന്മാര്‍ ഉടുത്തൊരുങ്ങി നില്‍ക്കവേയാണു ബഡായി ബംഗ്ലാവില്‍നിന്നു നടന്റെ പ്രത്യക്ഷപ്പെടല്‍. തഴക്കവും പഴക്കവും ചെന്നവരെ കടത്തിവെട്ടി എം.എല്‍.എയായി. മറ്റുസഖാക്കള്‍ നേടിയ ഭൂരിപക്ഷമില്ലെങ്കിലും ഭാഗ്യം നന്നായി തുണച്ചു. എന്നാല്‍, രാഷ്ട്രീയം ബഡായിയാണെന്നു വിചാരിച്ചതാണു കുഴപ്പമായത്.
ജനങ്ങള്‍ക്കൊപ്പമുണ്ടായില്ലെങ്കിലും സദാ ഉണ്ടെന്നുള്ള 'ഫീല്‍' നല്‍കുന്നതാണു രാഷ്ട്രീയബുദ്ധി. അതുണ്ടായില്ല. അഭിനയം സിനിമയില്‍മാത്രം മതിയെന്നു കരുതിയതാണ് അബദ്ധമായത്. അവസരം കാത്തിരുന്നവര്‍ കാലുവാരി. ആകെ ചമ്മിയെങ്കിലും രാഹുലനെ തോണ്ടി തല്‍ക്കാലം രക്ഷപ്പെട്ടു. ഇപ്പോള്‍ എം.എല്‍.എ. സ്‌പോട്ടിലുണ്ടോയെന്ന നിരന്തര അന്വേഷണത്തിലാണു ശത്രുക്കള്‍.
വാലറ്റം: സഹിഷ്ണുതയും അസഹിഷ്ണുതയും എന്താണെന്നറിയണമെങ്കില്‍ കശുവണ്ടിയുടെനാട്ടിലേയ്ക്കുവരണം. എം.പിയും മന്ത്രിയുമാണ് ഇതിലെ കഥാപാത്രങ്ങള്‍. പ്രധാനയോഗങ്ങളില്‍ സ്ഥലം എം.പിയെ മനഃപൂര്‍വം മാറ്റി നിര്‍ത്തുന്നുവെന്നാണു മുഖ്യആക്ഷേപം. മന്ത്രി അസഹിഷ്ണുതയാണു കാട്ടുന്നതെന്ന് എം.പി പരാതിയും പറഞ്ഞു. എം.പിയോടു ചൊറിച്ചിലുണ്ടായതിന്റെ പക എന്തെന്നു നാട്ടുകാര്‍ക്കറിയാം. അതുപക്ഷേ, മന്ത്രിയുടെ മാത്രം കുറ്റമല്ല. പാര്‍ട്ടി ഒരാളെ 'പരനാറി'യാക്കിയാല്‍ അതു വീണ്ടും ഒപ്പം കൂടുന്നതുവരെ തുടരും. അതാണ് ഇവിടെയും സംഭവിച്ചത്. സഹിഷ്ണുതയെന്തെന്നു പാര്‍ട്ടി പാഠങ്ങളില്‍ പഠിച്ചിട്ടില്ലാത്ത മന്ത്രി അല്‍പ്പം മേഴ്‌സി കാണിച്ചുകൂടെയെന്നാണു നാട്ടുകാരുടെ ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."