ഇന്ത്യയെ ബാധിച്ച വൈറസ് ബി.ജെ.പിയാണെന്ന് ചെന്നിത്തല: ബി.ജെ.പി നീക്കം ആപത്കരം
തിരുവനന്തപുരം: ഇന്ത്യയെ ബാധിച്ച വൈറസ് ബി.ജെ.പിയാണെന്നും ഈ തിരഞ്ഞെടുപ്പിനുശേഷം ബി.ജെ.പി എന്ന വൈറസ് തുടച്ചു നീക്കപ്പെടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
മുസ്‌ലിം ലീഗിനെതിരെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പരാമര്‍ശങ്ങള്‍ ബോധപൂര്‍വമാണ്. ഇത് ആപത്കരവുമാണ്. പച്ചയായ വര്‍ഗീയ പരാമര്‍ശമാണ്. ഇതിനെതിരേ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കോണ്‍ഗ്രസിനും മതേതര ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കുമൊപ്പം തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിനെതിരെ യോഗി ആദിത്യനാഥ് നടത്തിയത് നികൃഷ്ടമായ പ്രസ്താവനയാണ്. വെറുപ്പിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തെ കേരളത്തിലെ ജനങ്ങള്‍ പുല്ല് പോലെ തള്ളിക്കളയും.
മതവും സമുദായവും ഉപയോഗിച്ച്, ജനങ്ങളെ ഭിന്നിപ്പിച്ച് അധികാരത്തിലേറിയ ആദിത്യനാഥിനെപ്പോലുള്ളവര്‍ക്ക് സമുദായ സൗഹാര്‍ദം നിലനിര്‍ത്താന്‍ അക്ഷീണം പ്രയത്‌നിക്കുന്ന ലീഗിനെ പോലൊരു രാഷ്ട്രീയ പ്രസ്ഥാനത്തെ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രിക്ക് ജനാധിപത്യം, മതേതരത്വം തുടങ്ങിയ പദങ്ങള്‍ പോലും ചതുര്‍ത്ഥിയാണ്.
ഇന്ത്യയിലെ മുസ്ലീങ്ങളടക്കമുള്ള ന്യുനപക്ഷങ്ങള്‍ക്ക് നേരെയുള്ള ആക്രോശമാണ് ലീഗിനെതിരായ യോഗി ആദിത്യനാഥിന്റെ വാക്കുകളില്‍ തെളിഞ്ഞ് കണ്ടത്. ഇദ്ദേഹത്തെപ്പോലൊരാള്‍ മുഖ്യമന്ത്രി പോലുള്ള ഭരണഘടനപരമായ പദവിയിലിരിക്കുന്നത് തന്നെ ഇന്ത്യന്‍ ജനാധിപത്യത്തിന് നാണക്കേടാണെന്നും ചെന്നിത്തല പറഞ്ഞു.
ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ തകര്‍ക്കപ്പെട്ടപ്പോള്‍, ഇന്ത്യ മുഴുവന്‍ വര്‍ഗീയ കലാപങ്ങള്‍ നടമാടിയപ്പോള്‍ സ്‌നേഹത്തിന്റെയും, സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് നല്‍കിയ എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ പാര്‍ട്ടിയാണ് മുസ്ലീം ലീഗെന്ന് യോഗി ആദിത്യനാഥിനറിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."