ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ചു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രതിപക്ഷ നേതാക്കളും പ്രമുഖരുമായവരുടെ സുരക്ഷ വെട്ടിക്കുറച്ച് മുഖ്യമന്ത്രി ആദിത്യനാഥിന്റെ പുതിയ പരീക്ഷണം.
അതിവിശിഷ്ട വ്യക്തികളെന്ന സംസ്‌കാരം സംസ്ഥാനത്ത് നിന്ന് മാറ്റുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് നടപടിയെക്കുറിച്ച് യോഗി ആദിത്യനാഥും ബി.ജെ.പി നേതൃത്വവും പറയുന്നത്.
സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍മുഖ്യമന്ത്രിമാരുമായ മുലായം സിങ് യാദവ്, അഖിലേഷ് യാദവ്, പാര്‍ട്ടിയുടെ മറ്റ് നേതാക്കളായ ശിവ്പാല്‍ യാദവ്, അസംഖാന്‍, ഡിംപിള്‍ യാദവ്, രാം ഗോപാല്‍ യാദവ്, ബി.എസ്.പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മായാവതി തുടങ്ങിയവര്‍ക്കുള്ള അതിസുരക്ഷയാണ് വെട്ടിക്കുറച്ചത്.
അതേസമയം ബി.ജെ.പി നേതാവായ വിനയ് കത്യാര്‍ക്ക് ഇസെഡ് കാറ്റഗറി സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. മുഖ്യമന്ത്രി ആദിത്യനാഥിന്റെ സുരക്ഷയും നേരത്തെയുള്ളതില്‍ നിന്ന് വര്‍ധിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പലയിടങ്ങളില്‍ നിന്നായി ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണിതെന്നാണ് ന്യായീകരണം.
ശനിയാഴ്ച രാത്രിയോടെയാണ് ഉത്തരവ് നടപ്പാക്കിയത്. ഉത്തര്‍പ്രദേശ് ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഇന്റലിജന്‍സ് അഡീഷനല്‍ ഡയരക്ടര്‍ ജനറല്‍, സുരക്ഷാ വിഭാഗം അഡീഷനല്‍ ജനറല്‍, പൊലിസ് മേധാവി എന്നിവരുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്താണ് പ്രതിപക്ഷ നേതാക്കളുടെ സുരക്ഷ വെട്ടിക്കുറക്കാന്‍ തീരുമാനമെടുത്തത്.
സംസ്ഥാനത്ത് 46 വി.ഐ.പികള്‍ ഉള്‍പ്പെടെ 105 പേരുടെ സുരക്ഷ ആദിത്യനാഥ് സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. ബി.എസ്.പി ദേശീയ ജന. സെക്രട്ടറിയും രാജ്യസഭാംഗവുമായ സതീഷ് ചന്ദ്ര മിശ്രയുടെ സുരക്ഷ പൂര്‍ണമായും എടുത്തുകളഞ്ഞിട്ടുണ്ട്. സുരക്ഷ ചില നേതാക്കള്‍ തങ്ങളുടെ അഭിമാനത്തിന്റെ ഭാഗമാക്കികൊണ്ടുനടക്കുകയാണെന്ന് ആദിത്യനാഥ് നേരത്തെ ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."