യു.പിയില്‍ പൊലിസുകാര്‍ കൊല്ലപ്പെട്ട സംഭവം തിരിഞ്ഞുകുത്തി ആ കത്ത്
ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ റെയ്ഡിനെത്തിയ പൊലിസുകാര്‍ ഗുണ്ടകളുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ പൊലിസ് പ്രതിക്കൂട്ടില്‍. സംഭവശേഷം ദിവസങ്ങള്‍ പിന്നിട്ടിട്ടും ഗുണ്ടാനേതാവായ വികാസ് ദുബെയെ പിടികൂടാനായില്ലെന്നതിനു പുറമേ, പൊലിസിലെ ചിലര്‍തന്നെ സഹപ്രവര്‍ത്തകരെ ഒറ്റുകൊടുത്തെന്ന ആരോപണങ്ങള്‍ക്കു ശക്തിപകരുംവിധമുള്ള തെളിവുകള്‍ പുറത്തുവരുന്നതും പൊലിസിനെ കുഴയ്ക്കുകയാണ്. അതേസമയം, ആരോപണത്തെ തുടര്‍ന്ന് ഇന്നലെ മൂന്നു പൊലിസുകാരെക്കൂടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
റെയ്ഡിനിടെ ഗുണ്ടകളുടെ വെടിയേറ്റ് മരിച്ച ഡിവൈ.എസ്.പി ദേവേന്ദ്ര മിശ്ര ആഴ്ചകള്‍ക്കു മുന്‍പ് എഴുതിയെന്നു പറയപ്പെടുന്ന കത്താണ് ഇപ്പോള്‍ വിവാദമാകുന്നത്. ചൗബേയ്പൂര്‍ പൊലിസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസര്‍ അടക്കമുള്ള ചില പൊലിസുകാര്‍ക്ക് വികാസ് ദുബെയുമായി ബന്ധമുണ്ടെന്നും പൊലിസിന്റെ തീരുമാനങ്ങള്‍ ചോര്‍ത്തിനല്‍കുന്നുണ്ടെന്നും അന്വേഷണ സംഘത്തലവനായ ഡിവൈ.എസ്.പി മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നതെന്നാണ് വിവരം. എന്നാല്‍, ഇങ്ങനെയൊരു കത്തില്ലെന്നാണ് യു.പി പൊലിസ് വ്യക്തമാക്കുന്നത്. റെയ്ഡിനിടെ ചൗബേയ്പൂര്‍ സ്റ്റേഷന്‍ ഓഫിസര്‍ മുങ്ങിയതും വിവാദമായിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഈ കത്ത് വിവാദമായതോടെ, കത്ത് വ്യാജമാണെന്നാണ് പൊലിസ് വ്യക്തമാക്കിയത്. എന്നാല്‍, വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും പൊലിസ് വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ ഡിവൈ.എസ്.പിയടക്കം എട്ടു പൊലിസുകാരാണ് കൊല്ലപ്പെട്ടിരുന്നത്. റെയ്ഡ് നടക്കുന്ന സമയത്ത് പ്രദേശത്തെ വൈദ്യുതി വിച്ഛേദിച്ചിരുന്നതായും ആരോപണമുയര്‍ന്നിരുന്നു. അതേസമയം, വികാസ് ദുബെയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്കുള്ള പാരിതോഷികം 2.5 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."