ടിക്ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും
വാഷിങ്ടണ്‍: ഇന്ത്യക്ക് പിന്നാലെ ടിക് ടോക് ഉള്‍പ്പെടെയുള്ള ചൈനീസ് സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷനുകള്‍ നിരോധിക്കാനൊരുങ്ങി അമേരിക്കയും. ഫോക്സ് ന്യൂസിന് നല്കിയ അഭിമുഖത്തില്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് ഇക്കാര്യം പരിശോധിച്ചുവരികയാണെന്ന് അറിയിച്ചത്. ഈ നിര്‍ദേശം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നിലെത്തിയിട്ടില്ല. എന്നാല്‍, ഇക്കാര്യത്തെക്കുറിച്ച് ഞങ്ങള്‍ ഗൗരവമായി ചിന്തിക്കുകയാണ്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ടിക് ടോക് കൈകാര്യംചെയ്യുന്നത് സംബന്ധിച്ച് അധികൃതര്‍ ആശങ്ക അറിയിച്ചിരുന്നുവെന്നും പോംപിയോ പറഞ്ഞു.
ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യംചെയ്യുന്ന രീതിയിലും രാജ്യസുരക്ഷ സംബന്ധിച്ച കാര്യങ്ങളിലും യു.എസ് അധികൃതര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കല്‍, രാജ്യസുരക്ഷ എന്നിവ മുന്‍നിര്‍ത്തി ടിക് ടോക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചതിന് പിന്നാലെയാണ് ചൈനീസ് ആപ്പുകള്‍ക്കെതിരേ കടുത്ത നടപടിയിലേക്ക് അമേരിക്കന്‍ ഭരണകൂടവും നീങ്ങുന്നത്.
നേരത്തെ ചൈനീസ് ആപ്പുകള്‍ നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തെ പോംപിയോ സ്വാഗതം ചെയ്തിരുന്നു. ഇന്ത്യയുടെ ഈ തീരുമാനം അമേരിക്ക പിന്തുടരണമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."