പയ്യാമ്പലം ബീച്ച് സഞ്ചാരികള്‍ക്ക് ഭീഷണിയോ?
കണ്ണൂര്‍: വിനോദസഞ്ചാരികള്‍ക്ക് പറുദീസയൊരുക്കാന്‍ ഡി.ടി.പി.സി ശ്രമങ്ങള്‍ നടത്തുമ്പോഴും പയ്യാമ്പലം ബീച്ചും പരിസരവും സാമൂഹ്യവിരുദ്ധരുടെ കേന്ദ്രമാകുന്നതായി ആക്ഷേപം. വേനലവധി ആരംഭിച്ചതോടെ നിരവധി സ്വദേശിയരും വിദേശിയരുമായ വിനോദസഞ്ചാരികളാണ് പയ്യാമ്പലത്ത് എത്തുന്നത്.
കോടികള്‍ ചെലവഴിച്ച് ഇവിടെ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കുമ്പോഴും സാമൂഹ്യവിരുദ്ധര്‍ താവളമാക്കുകയാണ്. പൊലിസിന്റെ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ഗുണമില്ലെന്നാണ് സഞ്ചാരികള്‍ പറയുന്നത്. നിശ്ചിത സമയം കഴിഞ്ഞാല്‍ പയ്യാമ്പലം ബീച്ചിലേക്കെത്തുന്നത് സാമൂഹ്യ വിരുദ്ധരാണ്. ബീച്ചിലെത്തുന്നവര്‍ക്കു നേരെ സദാചാര ഗുണ്ടകളുടെ ആക്രമണവും ഉണ്ടെന്നാണ് പരാതി. മൊബൈല്‍ ഫോണില്‍ ചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ഈടാക്കുന്നതായും ആരോപണമുണ്ട്. ഇതിനെതിരേ ചിലര്‍ മാത്രമാണ് പൊലിസിനെ സമീപിക്കുന്നത്.
ഗുണ്ടാസംഘങ്ങളുടെ വിളയാട്ടത്തില്‍ പൊലിസുകാര്‍ക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. പയ്യാമ്പലത്ത് ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നയാള്‍ക്കെതിരേ കൈയേറ്റം ചെയ്യുന്നത് തടയാന്‍ ശ്രമിച്ച തീരദേശ പൊലിസ് കോണ്‍സ്റ്റബിള്‍ ജോസിന് നേരെയും അക്രമമുണ്ടായി. പയ്യാമ്പലം പാര്‍ക്കില്‍ രാത്രിയും പകലും സഞ്ചാരികള്‍ക്ക് എത്താന്‍ സൗകര്യമൊരുക്കുമ്പോഴാണ് ഗുണ്ടകളുടെ അഴിഞ്ഞാട്ടം. രാത്രികാലങ്ങളില്‍ കൃത്യമായ പൊലിസ് പെട്രോളിങ് നടക്കുന്നുണ്ട്. എന്നാല്‍ ഇവിടെ മയക്കു മരുന്നിന്റെയും മദ്യപാന്മാരുടെയും വിഹാര കേന്ദ്രമായി മാറിയിട്ടുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്. വാഹനങ്ങളിലെത്തുന്നവരും മദ്യവുമായി എത്തി വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തി മദ്യപിക്കുന്നത് പതിവ് കാഴ്ചയാണ്. ജില്ലാ ഭരണകൂടവും ഡി.ടി.പി.സി അധികൃതരും സഞ്ചാരികളുടെ സുരക്ഷയ്ക്കു പ്രാമുഖ്യം നല്‍കണമെന്നാണു പ്രദേശവാസികളും സഞ്ചാരികളും ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."