സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി രാജ്യത്തിന് തന്നെ മാതൃക: മന്ത്രി വി.എസ് സുനില്‍കുമാര്‍
തൃശൂര്‍: കേരളത്തിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി ഇന്ത്യയ്ക്ക് തന്നെ മാതൃകയാണെന്ന് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍ പറഞ്ഞു.
തൃശൂര്‍ സിറ്റി സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതിയുടെ ഏഴാമത് ജില്ലാ സമ്മര്‍ ക്യാംപില്‍ പരിശീലനം പൂര്‍ത്തിയാക്കിയ കേഡറ്റുകളുടെ പാസിങ്ങ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മന്ത്രി സുനില്‍കുമാര്‍. കുട്ടികളില്‍ അച്ചടക്ക ബോധവും നാടിനോടുള്ള ദേശാഭിമാന ബോധവും സഹജീവി സ്‌നേഹവുമെല്ലാം വളര്‍ത്താന്‍ സ്റ്റുഡന്റ് പൊലിസ് കേഡറ്റ് പദ്ധതി സഹായിക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.
ജില്ലയിലെ പത്ത് സ്‌കൂളുകളില്‍ നിന്നായി 260 ആണ്‍കുട്ടികളും 117 പെണ്‍കുട്ടികളുമടക്കം ആകെ 377 കേഡറ്റുകളാണ് പരിശീലനം പൂര്‍ത്തിയാക്കി പാസിങ്ങ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. കുറ്റുമുക്ക് സാന്ദീപനി സ്‌കൂളില്‍ 19ന് ആരംഭിച്ച ക്യാംപിന് ക്രൈം ഡിറ്റാച്ച്‌മെന്റ് എ.സി.പി മുഹമ്മദ് ആരിഫ് നേതൃത്വം നല്‍കി.
പരേഡ്, കായിക പരിശീലനം, ഫീല്‍ഡ് വിസിറ്റ്, വ്യക്തിത്വ വികസന ക്ലാസുകള്‍, പ്രമുഖരുമായുള്ള അഭിമുഖങ്ങള്‍ എന്നിവ ക്യാംപിന്റെ ഭാഗമായി സംഘടിപ്പിച്ചു. സിറ്റി പോലിസ് കമ്മീഷണര്‍ ടി.നാരായണന്‍, തിരുവമ്പാടി ദേവസ്വം സെക്രട്ടറിയും സാന്ദീപനി സ്‌കൂള്‍ മാനേജരുമായ പ്രഫ.എം.മാധവന്‍കുട്ടി തുടങ്ങിയവര്‍ പരേഡ് ചടങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."