മലിനജലം കയറി കാരചെമ്മീന് കൃഷി നശിച്ചു
തുറവൂര്‍: പൊന്നാം വെളി തോട്ടില്‍ നിന്നുള്ള മലിന ജലം കയറി എട്ടേക്കര്‍ പാടത്തെ കാര ചെമ്മീന്‍ കൃഷി നശിച്ചു. പത്തുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കര്‍ഷകര്‍ പറയുന്നു.
വളമംഗലം തെക്ക് കാവില്‍ പള്ളിക്ക് കിഴക്ക് ഭാഗത്തുള്ള നാല് കര്‍ഷകരുടെ പാടത്തെ വിളവെടുപ്പിന് പാകമായ ചെമ്മീനാണ് കഴിഞ്ഞ ദിവസം ചത്തത്.
വളമംഗലം വിനിത നിവാസില്‍ പുരുഷോത്തമന് പാട്ടത്തിനെടുത്ത 4.5 ഏക്കര്‍, സമീപത്തെ സന്തോഷിന്റെ ഒരേക്കര്‍, ഫിലിപ്പിന്റെ രണ്ടേക്കര്‍, ഷിബുവിന്റെ ഒരേക്കര്‍ എന്നിങ്ങനെയുള്ള പാടങ്ങളിലാണ് ചെമ്മീന്‍ കൂട്ടത്തോടെ ചത്തത്. 20 കൗണ്ട് (20 ചെമ്മീന്‍ ഒരു കിലോ), 30 കൗണ്ട് (30 ചെമ്മീന്‍ ഒരു കിലോ), 40 കൗണ്ട് (40 ചെമ്മീന്‍ ഒരുകിലോ) എന്നിക്രമത്തില് ചെമ്മീനുകള്‍ വളര്‍ച്ചയെത്തിയിരുന്നു.
വളര്‍ത്തു പാടത്ത് വെള്ളം കയറ്റാന്‍ കര്‍ഷകര്‍ ആശ്രയിക്കുന്നത് പൊന്നാം വെളി തോടിനെയാണ്. ദിനംപ്രതി മാലിന്യവാഹിനിയായി മാറുന്ന തോട് പ്രശ്നമാകുമെന്ന് കര്‍ഷകര്‍ കരുതിയില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
പാടം പാട്ടത്തിനെടുത്തു കൃഷി ചെയ്യുന്നവര്‍ വന്‍ കടക്കെണിയിലായിരിക്കുകയാണ്. പൊന്നാം വെളിമാര്ക്കറ്റിലേയും മറ്റു സ്ഥലങ്ങളിലേയും ഇറച്ചിക്കടകളില്‍ നിന്നും കോഴിക്കടകളില്‍ നിന്നുമുള്ള മാലിന്യങ്ങളാണ് തോട്ടിലേക്ക് വലിച്ചെറിയുന്നത്.
എന്നാല്‍ തങ്ങളുടെ കടയില്‍ നിന്നുള്ള മറവു ചെയ്യാന്‍ വ്യക്തികള്‍ക്ക് കരാര്‍ നല്‍കിയിരിക്കുകയാണെന്ന് കച്ചവടക്കാര്‍ പറയുന്നു. പൊന്നാം വെളി തോട് പഞ്ചായത്ത് ചെലവില്‍ ശുദ്ധികരിച്ചതാണ്. മാലിന്യം തള്ളുന്ന പരാതിയില്‍ അന്വേഷിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് പട്ടണക്കാട് പഞ്ചായത്ത് പ്രസിഡന്റ് റ്റി.എം.ഷെരീഫ് പറഞ്ഞു. പൊന്നാം വെളി തോട്ടില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ പട്ടണക്കാട് പോലിസ് തയ്യാറാകണം. ക്വട്ടേഷന്‍ സംഘങ്ങളാണ് മാലിന്യം തള്ളാന്‍ കരാര്‍ എടുത്തിരിക്കുന്നത്. ഇവരെക്കുറിച്ച് പുര്‍ണമായ വിവരം നല്കാന് തയ്യാറാണെന്ന് പട്ടണക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."