വാഹനപരിശോധന; നിയമം ലംഘിച്ച 20,471 പേര്‍ക്കെതിരേ നടപടി ഒറ്റരാത്രി കൊണ്ട് ഈടാക്കിയ പിഴ 2.66 ലക്ഷം
തൃശൂര്‍: ജില്ലാ പൊലിസ് നടത്തിയ മിന്നല്‍ കോമ്പിങ് ഓപ്പറേഷനില്‍ സാമൂഹ്യ വിരുദ്ധരും പിടികിട്ടാപ്പുള്ളികളും ഉള്‍പ്പെടെ നിരവധി പേര്‍ പൊലിസ് വലയിലായി.
തൃശൂര്‍ സിറ്റിയിലും റൂറലിലുമായി ശനിയാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ച വരെ നടത്തിയ മോട്ടോര്‍ വാഹന പരിശോധനയില്‍ 20,471 പേരാണ് പിടിയിലായത്. സിറ്റിയില്‍ 67,400 രൂപയും റൂറലില്‍ 1,99,412 രൂപയും പിഴ ഈടാക്കി. ഇതോടെ ഒറ്റ രാത്രികൊണ്ട് പിഴ ഇനത്തില്‍ 2.66 ലക്ഷത്തോളം രൂപ ലഭിച്ചു. തൃശൂര്‍ റേഞ്ച് ഐജി എം.ആര്‍ അജിത്കുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.
സിറ്റി പൊലിസ് പരിധിയില്‍ നടത്തിയ കോമ്പിങ് ഓപ്പറേഷനില്‍ 175 സാമൂഹ്യവിരുദ്ധര്‍ പിടിയിലായി. 268 ഉദ്യോഗസ്ഥരെയാണ് പരിശോധനക്കായി നിയോഗിച്ചത്. സിറ്റി പൊലിസ് പരിധിയില്‍ ക്രിമിനല്‍ കേസുകളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന 53 പ്രതികളും പിടികിട്ടാപ്പുള്ളികളായ 9 പേരും പൊതുസ്ഥലത്ത് മദ്യപിക്കുകയും ശല്യമുണ്ടാക്കുകയും ചെയ്ത 113 പേരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. പൊലിസ് സ്്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പട്രോളിങ്ങില്‍ 459 പേരെ പിടിച്ചു.
ഇവരില്‍ നിന്ന് 67,400 രൂപ പിഴയായി ഈടാക്കി. സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 60 പേരെ ചോദ്യം ചെയ്യുകയും 39 പേരുടെ വാസസ്ഥലങ്ങളില്‍ പോയി പരിശോധന നടത്തുകയും ചെയ്തു. പത്തു കേസിലെ പ്രതികളെയാണ് റൂറല്‍ പൊലിസ് പിടികൂടിയത്. പിടികിട്ടാപ്പുള്ളികളായ 26 പേരെയും പിടികൂടി. ജില്ലയിലെ വിവിധ പൊലിസ് സ്‌റ്റേഷനുകളില്‍ വധശ്രമം, മോഷണം തുടങ്ങിയ കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി ചാലക്കുടി സ്വദേശി ചെമ്പകശേരി വീട്ടില്‍ ലോയ്ഡ് റോയിയെ പിടിക്കാന്‍ കഴിഞ്ഞതും ആശ്വാസമായി. ഇരിങ്ങാലക്കുട പൊലിസാണ് പരിശോധയ്ക്കിടെ ഇയാളെ പിടികൂടിയത്. വിവിധ കേസുകളിലായി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കപ്പെട്ടിരുന്ന 86 പേരും റൂറല്‍ പൊലിസ് വിരിച്ച വലയില്‍ കുടുങ്ങി. തൃശൂര്‍ പൂരം അടുത്തതോടെ സാമൂഹ്യവിരുദ്ധര്‍ നഗരത്തില്‍ വരുന്നത് തടയുന്നതിനായി ഷാഡോ പൊലിസിനെയും ഗുണ്ടാവിരുദ്ധ സ്‌ക്വാഡിനെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."