രവീന്ദ്രന്‍ പട്ടയങ്ങള്‍ ചട്ടവിരുദ്ധമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ശീതീകരണിയില്‍
തൊടുപുഴ: ഭരണകക്ഷി ഓഫിസുകളടക്കം നിലനില്‍ക്കുന്ന മൂന്നാറിലെ വിവാദമായ രവീന്ദ്രന്‍ പട്ടയങ്ങള്‍ ചട്ടവിരുദ്ധമാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് ഏഴുവര്‍ഷമായി ശീതീകരണിയില്‍. തൊടുപുഴ വിജിലന്‍സ് ഡിവൈ.എസ്.പി.യായിരുന്ന അലക്‌സ്.എം.വര്‍ക്കിയുടെ നേതൃത്വത്തിലാണ് ഇതു സംബന്ധിച്ച് അന്വേഷണം നടത്തിയത്. ആദ്യ മൂന്നാര്‍ ദൗത്യത്തിന് മരണമണി മുഴക്കിയത് രവീന്ദ്രന്‍ പട്ടയങ്ങളായിരുന്നു.
സി.പി.ഐ. ഓഫിസ് നിലനില്‍ക്കുന്ന ഭൂമിക്ക് പട്ടയം നല്‍കിയത് പി.കെ.വി.യുടെ പേരിലുള്ള വ്യാജ അപേക്ഷയിലാണെന്ന് ദേവികുളം മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍ രവീന്ദ്രന്‍ പട്ടയങ്ങളുടെ പേരില്‍ അറിയപ്പെടുന്ന എം.ഐ.രവീന്ദ്രന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
1999 മാര്‍ച്ചില്‍ നടന്ന ഇടുക്കി ജില്ലാതല പട്ടയമേളക്ക് ദേവികുളം താലൂക്കിലെ ഒന്‍പത് വില്ലേജുകളില്‍ പട്ടയം വിതരണം ചെയ്യാന്‍ തീരുമാനിച്ചിരുന്നു. കെ.ഇ.ഇസ്മയിലായിരുന്നു അന്ന് റവന്യു മന്ത്രി. ജില്ലാ കലക്ടര്‍ വി.ആര്‍ പത്മനാഭന്‍ ദേവികുളം ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം.ഐ രവീന്ദ്രനെ പട്ടയം നല്‍കാന്‍ ചുതലപ്പെടുത്തി .
തഹസില്‍ദാരുടെ ചുമതലയുണ്ടായിരുന്ന ആര്‍.ഡി.ഒ ഓഫിസിലെ സീനിയര്‍ സൂപ്രണ്ട് എം.കെ ചെല്ലപ്പന്റെ ജോലിഭാരം കുറക്കുന്നതിന് വേണ്ടിയാണ് കലക്ടര്‍ പട്ടയം നല്‍കുന്ന ജോലി രവീന്ദ്രനെ ഏല്‍പ്പിച്ചത്. 1964ലെ കേരള ഭൂമി പതിവ് ചട്ടത്തിലെ 23(എ) വകുപ്പ് വ്യാഖ്യാനിച്ചാണ് കലക്ടര്‍ അധികാരം നല്‍കിയത്. മൂന്നാര്‍ അടങ്ങുന്ന കണ്ണന്‍ ദേവന്‍ ഹില്‍സ്, വെള്ളത്തൂവല്‍, ആനവിരട്ടി, മറയൂര്‍, കീഴാന്തൂര്‍,വട്ടവട,കൊട്ടകാമ്പൂര്‍, കുഞ്ചിത്തണ്ണി, കാന്തല്ലൂര്‍ എന്നീ വില്ലേജുകളിലാണ് പട്ടയം കൊടുക്കാന്‍ ഉത്തരവുണ്ടായത്.
2532 പട്ടയമാണ് വിതരണം ചെയ്യാന്‍ നിര്‍ദേശമുണ്ടായിരുന്നത്. അന്ന് 530 പട്ടയമാണ് വിതരണം ചെയ്തത്. 709.99 ഏക്കര്‍ ഭൂമി വിതരണം ചെയ്തു. ഇത് ചട്ടവിരുദ്ധമാണെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഭൂമി പതിവ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ഭൂമി പതിവ് ലിസ്റ്റില്‍ സീരിയല്‍ 26 ല്‍ സര്‍വേ നമ്പര്‍ 62 10ഇ പ്രകാരം പതിനൊന്നര സെന്റ് സ്ഥലം മുന്‍ മുഖ്യമന്ത്രി പി.കെ വാസുദേവന്‍ നായരുടെ പേരിലും പട്ടയം ലഭിച്ചു. ഇവിടെയാണ് സി.പി.ഐ ഓഫിസിന്റെ ഒരു ഭാഗം സ്ഥിതിചെയ്യുന്നത്. സീരിയല്‍ നമ്പര്‍ 23 ല്‍ സര്‍വേ നമ്പര്‍ 62 9 ല്‍പ്പെടുന്ന 25 സെന്റ് സ്ഥലത്തിന് എം.എം മണി മുണ്ടക്കല്‍ വീട്, 20 ഏക്കര്‍, പൊട്ടന്‍കാട് പി.ഒ എന്ന പേരില്‍ സി.പി.എം. ഓഫിസിനും പട്ടയം ലഭിച്ചു.
എം.എം.മണി അന്ന് സി.പി.എം. ജില്ലാ സെക്രട്ടറിയായിരുന്നു. സ്ഥാപനങ്ങള്‍ക്ക് പട്ടയം നല്‍കാന്‍ നിയമമില്ലാത്തിനാലാണ് വ്യക്തികളുടെ പേരില്‍ പട്ടയം നല്‍കിയത്. പി.കെ.വി.യുടെ പേരില്‍ പട്ടയം നല്‍കിയത് നിയമവിരുദ്ധമാണെന്നും അന്നത്തെ റവന്യു വകുപ്പിന്റെ ഇടപെടല്‍ മൂലമാണ് സി.പി.ഐ. പട്ടയം സ്വന്തമാക്കിയതെന്നും രവീന്ദ്രന്‍ ആരോപിച്ചിരുന്നു.
ഇതിനിടെ മുഖം രക്ഷിക്കലിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ നല്‍കിയ അപേക്ഷയില്‍ സ.പി.ഐ ഓഫിസിന്റെ രവീന്ദ്രന്‍ പട്ടയം ജില്ലാ കലക്ടര്‍ റദ്ദാക്കി. ഓഫിസ് ഇരിക്കുന്ന സ്ഥലത്തില്‍ ഏഴ് സെന്റിന് ചെമ്പുപട്ടയം ഉളളതും ഇത് 1959ല്‍ എം.എന്‍.ഗോവിന്ദന്‍ നായര്‍ സെക്രട്ടറിയായിരിക്കെ17000 രൂപ നല്‍കി വാങ്ങിയിട്ടുള്ളതുമാണ്. പിന്നീട് ഇത് പി.കെ.വിയുടെ പേരിലേക്ക് മാറ്റി. രവീന്ദ്രന്‍ പട്ടയം റദ്ദാക്കപ്പെട്ടെങ്കിലും ചെമ്പുപട്ടയം നിലനില്‍ക്കും. ശേഷിക്കുന്ന നാല് സെന്റിന് തീറവകാശം ലഭിക്കില്ലെങ്കിലും 50 വര്‍ഷത്തോളം കൈവശാവകാശമുള്ളതിനാല്‍ ഒഴിപ്പിക്കാനാകില്ല. ഭൂമിപതിവ് ചട്ടപ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സി.പി.ഐ ഓഫിസിന്റെ പട്ടയം റദ്ദ് ചെയ്തത്. 1964ലെ കേരള ഭൂമി പതിവ് ചട്ടപ്രകാരം പട്ടയത്തിന്റെ സാധുതയെ പറ്റി പരാതിയുയര്‍ന്നാല്‍ ബന്ധപ്പെട്ട കക്ഷിയില്‍ നിന്ന് നേരിട്ട് തെളിവെടുപ്പ് നടത്തണം.
നല്‍കിയ പട്ടയം റദ്ദാക്കണമെങ്കില്‍ പട്ടയം ലഭിച്ച വ്യക്തിയോ അനന്തര അവകാശികളോ വേണം അപേക്ഷ നല്‍കാന്‍. എന്നാല്‍ ഇവിടെ അപേക്ഷ നല്‍കിയിരിക്കുന്നത് പി.കെ.വിയുടെ അനന്തരാവകാശികള്‍ക്ക് പകരം സി.പി.ഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവനാണ്. പട്ടയം റദ്ദാക്കാന്‍ ജില്ലാ കലക്ടര്‍ക്കാണ് അധികാരം. എന്നാല്‍ ദേവികുളം തഹസില്‍ദാരാണ് പട്ടയം റദ്ദാക്കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."