എറണാകുളത്ത് സ്ഥിതി ഗുരുതരം: മുന്നറിയിപ്പില്ലാതെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍
തിരുവനന്തപുരം:എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍.
കുറവ് പരിശോധനയില്‍ തന്നെ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നതില്‍ സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന ശരാശരിയാണ് എറണാകുളം ജില്ലയില്‍. ഫലം ലഭിക്കാനുള്ള ടെസ്റ്റുകളുടെ എണ്ണവും പ്രതിദിനം കൂടുന്നതോടെ സാഹചര്യം സങ്കീര്‍ണ്ണ മാകുമെന്നാണ് വിലയിരുത്തല്‍.
ജൂലൈ മാസം രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ജില്ലയില്‍ കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നല്‍കുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വര്‍ധന രേഖപ്പെടുത്തുണ്ട്. ഈ പശ്ചാത്തലത്തില്‍ ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേര്‍ക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പതിനൊന്ന് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.
ജില്ലയില്‍ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാന്‍ തീരുമാനമായിരുന്നു. മാനദണ്ഡ പ്രകാരം പൂള്‍ ടെസ്റ്റിംഗ് വഴി കൂടുതല്‍ സാംപിളുകള്‍ പരിശോധിക്കും. സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ കൂടുതല്‍ ആളുകളെ ഉള്‍പ്പെടുത്തി പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളില്‍ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകള്‍ക്ക് സ്വകാര്യ ലാബുകളില്‍ പരിശോധനക്ക് സൗകര്യം ഏര്‍പ്പെടുത്തും. സ്വകാര്യ ആശുപത്രികളില്‍ ആന്റിജന്‍ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."