കാലവര്‍ഷം വീണ്ടും കനത്തു; ഹൈറേഞ്ച് ഭീതിയില്‍
തൊടുപുഴ അടിമാലി: ഒരിടവേളയ്ക്ക് ശേഷം കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ ഹൈറേഞ്ച് ഭീതിയിലായി. കഴിഞ്ഞ മൂന്ന് ദിവസമായി തോരാതെ പെയ്യുന്ന മഴയാണ് ഭീതിപരത്തുന്നത്. ഇടതടവില്ലാതെ മഴ പെയ്തിറങ്ങിയപ്പോഴോക്കെ മലയോരമേഖലയില്‍ ഉരുള്‍ പൊട്ടലും, വ്യാപകമായ മണ്ണിടിച്ചിലും ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പ്രകൃതി ദുരന്തങ്ങള്‍ വേട്ടയാടുന്ന ഹൈറേഞ്ചില്‍ മഴശക്തിപ്പെടുന്നത് എന്നുമൊരു പേടിസ്വപനമാണ്. ഇത്തവണ ജില്ലയില്‍ കാലവര്‍ഷം തുടങ്ങിയതുതന്നെ മഴക്കെടുതികളുമായിട്ടായിരുന്നു. കാറ്റ് ആഞ്ഞടിച്ചതാണ് വ്യാപക കൃഷിനാശത്തിനും നൂറ് കണക്കിന് വീടുകളുടെ തകര്‍ച്ചയ്ക്കും കാരണമായത്. നിരവധി മരങ്ങള്‍ കടപുഴകിയും വീകുടകള്‍ക്ക് മുകളിലേക്ക് ഒടിഞ്ഞുവീണും അപകടമുണ്ടായി. മഴയുടെ രണ്ടാംവരവില്‍ കാറ്റിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നതുമാത്രമാണ് ഏക ആശ്വാസം. മഴക്കാല ദുരന്തങ്ങള്‍യേറെയും ജൂലായ് മാസത്തിലായിരുന്നു. ഉറ്റവര്‍ നഷ്ടമായ ഓര്‍മ്മകളിലേക്ക് മലനാട്ടുകാരെ കൂട്ടിക്കൊണ്ട് പോകുന്നതും ജൂലായ് മാസത്തെ മഴയാണ്. അതുകൊണ്ടുതന്നെ മഴയുടെ രൗദ്രഭാവം ഹൈറേഞ്ച് നിവാസികള്‍ക്ക് ഉറക്കമില്ലാത്ത രാവുകളാകും.
തുടര്‍ച്ചയായി പെയ്യുന്ന മഴകാരണം ദുര്‍ബലമായ പ്രദേശങ്ങളില്‍ മണ്ണിടിച്ചില്‍ സാദ്ധ്യതയുണ്ട്. പെരിയാറും കൈ വഴികളും നിറഞ്ഞ് ഒഴുകുന്നു. ചെറിയ തോടുകളിലും ജലനിരപ്പ് ഉയര്‍ന്നു. ജില്ലയിലെ പ്രധാന വെള്ളചാട്ടങ്ങളെല്ലാം കുതി. പെരിയാറില്‍ ജലനിരപ്പ് ഉയരുന്നത് തീരവാസികളുടെ ആകുലത വര്‍ദ്ധിപ്പിക്കുന്നു. മലങ്കരയിലും ജലനിരപ്പ് ഉയരുന്നു. പെരിയാറ്റിലും തൊടുപുഴയാറിലും, കാളിയാര്‍ ,ദേവിയാര്‍ പുഴയിലും ജലനിരപ്പ് ഉയരുന്നു.
ഇത്തവണ ഏറ്റവും കൂടുതല്‍ മഴ ദേവികുളം താലൂക്കിലും ( 71. 4 മില്ലി മീറ്റര്‍), കുറവ് ഉടുമ്പന്‍ചോല താലൂക്കിലുമാണ് (24.2 മി. മീ) രേഖപ്പെടുത്തിയത്. പിരുമേട് (48 മി.മീ), തൊടുപുഴ (45.8 മി മീ), ഇടുക്കി (66.8 മി.മീ) .
മലങ്കര ഡാമിന്റെ ഷട്ടര്‍ തുറന്ന് വിടാന്‍ സാധ്യതയുണ്ടെന്ന് എം.വി.ഐ.പി. അസി.എക്‌സി. എഞ്ചിനീയര്‍ അറിയിച്ചു. തുടര്‍ച്ചയായായി പെയ്യുന്ന മഴയെ തുടര്‍ന്ന് മലങ്കര ഡാമിലെ ജലനിരപ്പ് 40.30 മീറ്റര്‍ ഉയര്‍ന്നു. ഡാമിലെ ജലനിരപ്പ് 41 മീറ്റര്‍ എത്തിയാല്‍ ഏത് സമയത്തും ഷട്ടര്‍ ഉയര്‍ത്തുമെന്നതിനാല്‍ ഡാമിന്റെ തീരത്തും തൊടുപുഴയാറിന്റെ തീരത്തുമുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 42 മീറ്ററാണ് മലങ്കര ഡാമിന്റെ പരമാവധി സംഭരണ ശേഷി. കനത്ത മഴയെ തുടര്‍ന്ന് കഴിഞ്ഞ മാസം രണ്ട് വട്ടം മലങ്കര ഡാമിലെ ഷട്ടര്‍ തുറന്ന് വിട്ടിരുന്നു.
കല്ലാര്‍ ചെറുകിട ജല വൈദ്യുതിപദ്ധതി പ്രദേശത്ത് നിര്‍മാണത്തിലിരിക്കുന്ന പവര്‍ ഹൗസിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. പവര്‍ഹൗസ് പൂര്‍ണമായും മൂടിയ നിലയിലാണ്. ഒരാഴ്ച മുമ്പ് നിര്‍മ്മാണം നിര്‍ത്തിവച്ചിരുന്നതുമൂലം വന്‍ ദുരന്തമാണ് ഒഴിവായത്. ഇന്നലെ പെയ്ത കനത്ത മഴയില്‍ അടിമാലി മേഖലയില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് വ്യാപക നാശമുണ്ടായി. കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ വാളറയ്ക്കു സമീപം മരം വീണ് ഗതാഗതം തടസപ്പെട്ടു. രാജാക്കാട് വെള്ളത്തൂവല്‍ റോഡില്‍ എസ് വളവില്‍ മണ്ണിടിഞ്ഞ് വീണു. ഉച്ചയ്ക്കുശേഷം മൂന്ന് മണിയോടെ മണ്ണ് നീക്കി ഗതാഗതം പുനസ്ഥാപിച്ചു. അടിമാലി ചൂരക്കെട്ടന്‍ ആദിവാസി കുടിയില്‍ മനോജിന്റെ ഷെഡ് കാറ്റിലും, മഴയിലും തകര്‍ന്നു. രാത്രി വൈകിയും മഴ ശക്തമായി തുടരുകയാണ്. ഇടതടവില്ലാതെ മഴതുടരുന്നന്നത് ഈറ്റവെട്ട് തൊഴിലാളികളെ ഏറെ പ്രതിസന്ധിയിലാക്കി. ഉള്‍കാടുകളില്‍ പോയി ഈറ്റ വെട്ടുന്ന നൂറ് കണക്കിന് തൊഴിലാളികളാണ് ജോലിക്ക് പോകാന്‍ കഴിയാതെ കഷ്ടപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."