ജനറല്‍ ആശുപത്രിയില്‍ എക്‌സറേ യൂനിറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പരാതി
ചങ്ങനാശേരി: താലൂക്ക് ജനറല്‍ ആശുപത്രിയിലെ എക്‌സറേ യൂനിറ്റിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നത് പതിവാകുന്നു. എക്‌സറേ യൂനിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ ആളില്ലാത്തതാണു പ്രധാന കാരണം. ഫിലിം ഇല്ലാത്തതിന്റെ പേരിലാണ് പ്രവര്‍ത്തനം നിലച്ചത്. ഇതേ തുടര്‍ന്നു രോഗികള്‍ സ്വകാര്യ ലാബുകളെയാണ് ആശ്രയിക്കുന്നത്.
ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്‌സറേ യൂനിറ്റ് സ്‌പോണ്‍സര്‍ ചെയ്തത് വാങ്ങി വെറുതെ വെച്ചിരിക്കുകയാണ്. ഇത് സ്വകാര്യ ലാബിനെ സഹായിക്കാനാണെന്ന് ആരോപണം ഉണ്ട്. സ്വകാര്യ ലാബുകളില്‍ രോഗികളില്‍ നിന്ന് 150 മുതല്‍ 250 രൂപ വരെയാണ് ഈടാക്കുന്നത്.
ബംഗളൂരുവില്‍ നിന്നും എറണാകുളത്തെ ആരോഗ്യവകുപ്പിന്റെ സ്റ്റോറില്‍ എത്തി അവിടെ നിന്നുമാണ് ആശുപത്രികളിലേക്കു ഫിലിമുകള്‍ കൊണ്ടുവരുന്നത്. ഇതിന് കാലതാമസം വരുന്നതായി ജീവനക്കാര്‍ പറയുന്നു. എന്നാല്‍, ആശുപത്രിക്ക് ഇപ്പോള്‍ സൂപ്രണ്ടില്ലാത്തതുമൂലം ചാര്‍ജ് വഹിക്കുന്നയാളുടെ അനാസ്ഥയാണ് ഇതിനു കാരണമെന്ന് ജീവനക്കാരില്‍ ഒരുവിഭാഗം പറയുന്നു.
സ്വകാര്യ ലാബുകളെ സഹായിക്കുന്ന ഉദ്യോഗസ്ഥര്‍ ആശുപത്രിയിലുണ്ടെന്നും അവരുടെ കളികളാണ് ഇത്തരം സംഭവങ്ങള്‍ക്കു കാരണമെന്നാണ് ആരോപണം.
സ്വകാര്യ സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ ആശുപത്രിയില്‍ സ്ഥിരമായി തമ്പടിച്ച് രോഗികളെ സ്വകാര്യ സ്ഥാപനങ്ങളിലേക്കു കൊണ്ടുപോകുന്നതായും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."