ഹജ്ജ്: മശാഇർ ട്രെയിൻ സർവീസുകളുണ്ടാകില്ലെന്ന് ഗതാഗത മന്ത്രാലയം
ജിദ്ദ: കൊവിഡ് പശ്ചാത്താലത്തിൽ ഈവർഷത്തെ ഹജിന് ട്രെയിൻ സർവീസുകളുണ്ടാകില്ലെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. പുണ്യസ്ഥലങ്ങളിലെ മശാഇർ മെട്രോയും മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിനും ഇത്തവണ സർവീസ് നടത്തില്ല. കൊറോണ മഹാമാരിയുടെയും രോഗവ്യാപനം തടയുന്നതിന് സ്വീകരിക്കുന്ന മുൻകരുതൽ നടപടികളുടെയും പശ്ചാത്തലത്തിൽ ഹജ് തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തിയ കാര്യം കണക്കിലെടുത്താണ് ട്രെയിൻ സർവീസുകൾ നിർത്തിവെക്കുന്നതെന്ന് ഗതാഗത ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് മാർക്കറ്റിംഗ് ആന്റ് കോർപറേറ്റ് കമ്യൂണിക്കേഷൻ സൂപ്പർവൈസർ ജനറൽ യാസിർ അൽമിസ്ഫർ അറിയിച്ചു.
തീർഥാടകർക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകാനും തീർഥാടന കർമം എളുപ്പമാക്കാനും ലക്ഷ്യമിട്ട് മുൻകൂട്ടി തയാറാക്കിയ സംവിധാനം അനുസരിച്ച് ഹാജിമാരുടെ യാത്രകൾക്ക് ഉപയോഗിക്കുന്ന ബസുകൾക്ക് ലൈസൻസ് നൽകും. ഹജ്, ഉംറ മന്ത്രാലയവുമായും ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ച് തീർഥാടകരുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്ന പ്രത്യേക പദ്ധതി അനുസരിച്ച് തീർഥാടകരുടെ സേവനത്തിന് ഗതാഗത മന്ത്രാലയം പ്രവർത്തിക്കുമെന്നും യാസിർ അൽമിസ്ഫർ പറഞ്ഞു.
മെയ് 31 മുതൽ റിയാദ്-ദമാം റൂട്ടിലും റിയാദ്, മജ്മ, അൽഖഹീം, ഹായിൽ റൂട്ടിലും ട്രെയിൻ സർവീസുകൾ പുനാരംഭിച്ചിട്ടുണ്ടെങ്കിലും മക്ക-മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ റെയിൽവെയിൽ ട്രെയിൻ സർവീസുകൾ ഇതുവരെ പുനരാരംഭിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."