വിലകുതിച്ചുയരുമ്പോഴും കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍
മണ്ണാര്‍ക്കാട്: ഇറച്ചിക്കോഴിക്ക് വിപണിയില്‍ വില കുതിച്ചുയരുമ്പോഴും കോഴി കര്‍ഷകര്‍ പ്രതിസന്ധിയില്‍. കോഴി കുഞ്ഞിനും അസംസ്‌കൃത സധനങ്ങള്‍ക്കും വില വര്‍ദ്ധിപ്പിച്ചതോടെയാണ് കോഴി കര്‍ഷകര്‍ ഏറെ പ്രതിസന്ധിയിലാവാന്‍ കാരണം. ഇതോടെ നൂറുക്കണക്കിന് കോഴി ഫാമുകള്‍ക്ക് താഴ് വീണ സ്ഥിതിയാണ്.
കോഴി കുഞ്ഞുങ്ങളെ നേരിട്ടിറക്കി വളര്‍ത്തിയിരുന്ന കര്‍ഷകര്‍ക്ക് നഷ്ടം നേരിട്ടതോടെ മാസങ്ങള്‍ക്ക് മുമ്പെ തന്നെ ഫാം നിര്‍ത്തി തുടങ്ങിയിരുന്നു. ഇങ്ങനെ നൂറുക്കണക്കിന് ഫാമുകളാണ് ഓരോ പഞ്ചായത്തിലും ഇതിനോടകം പ്രവര്‍ത്തനം നിര്‍ത്തിയിരിക്കുന്നത്.
ഏജന്റുമാര്‍ മുഖേനെ കുഞ്ഞുങ്ങളെ ഇറക്കികൊടുത്ത് വളര്‍ത്തുന്ന ഫാമുകളാണ് നിലവില്‍ ചെറിയ തോതില്‍ പ്രവര്‍ത്തിച്ചു വരുന്നത്. അതാവട്ടെ നാലോ അഞ്ചോ മാസത്തിലൊരിക്കല്‍ കുഞ്ഞുങ്ങളെ ഇറക്കുന്ന സ്ഥിതിയിലുമാണ്. മേഖല പ്രതിസന്ധിയിലായതോടെ ഇതുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തിയിരുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് പെരുവഴിയിലാവുന്നത്.
കോഴി കുഞ്ഞിനും, കോഴിത്തീറ്റക്കും തമിഴ്‌നാടിനെ ആശ്രയിച്ചാണ് പ്രത്യേകിച്ചും പാലക്കാട് മലപ്പുറം മേഖലകളിലെ കര്‍ഷകരും ഏജന്റുമാരും കഴിയുന്നത്. കൂടാതെ ഫാമില്‍ ഉപയോഗിക്കാറുളള ചകിരിച്ചോറിനും തമിഴ്‌നാടിനെ തന്നെ ആശ്രയിക്കേണ്ട ഗതികേടിലാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് 25 രൂപ വിലയുണ്ടായിരുന്ന ഒരു ചാക്ക് ചകിരിച്ചോറിന് ഇപ്പോള്‍ 125 രൂപയിലധികമാണ് വില. ഇതുപോലെ തന്നെ കോഴി കുഞ്ഞിനും, കോഴി തീറ്റക്കും വിലയില്‍ വന്‍ വര്‍ദ്ധനവാണുണ്ടായിരിക്കുന്നത്.
കേരളത്തില്‍ കോഴി കര്‍ഷകരെ സര്‍ക്കാര്‍ കണക്കില്‍ കര്‍ഷകരായി അംഗീകരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങളൊ മറ്റൊ ഇവര്‍ക്ക് ലഭിക്കുന്നുമില്ല. ഇതും ഇവിടുത്തെ കര്‍ഷകരെ ഏറെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഈ മേഖലയോടുളള അവഗണന കോഴി കൃഷിയെ നാശത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."