എപ്പോഴും പറയുന്നു നെഹ്‌റു അത് ചെയ്തു, ഇന്ദിര ഇതു ചെയ്തു എന്ന്, ഏയ് മോദി ജി... കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങളെന്തു ചെയ്‌തെന്നു പറയൂ?- പ്രിയങ്കാ ഗാന്ധി
ഗാസിയാബാദ്: തരംഗമായി ഗാസിയാബാദില്‍ പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ. തുറന്ന കാറില്‍ കൂറ്റന്‍ ജനക്കൂട്ടത്തിനൊപ്പം സെല്‍ഫിയെടുത്തും കൈകൊടുത്തും ആവേശം ചൊരിഞ്ഞാണ് പ്രിയങ്കയുടെ റോഡ് ഷോ. ബി.ജെ.പിയിലെ കേന്ദ്രമന്ത്രി വി.കെ സിങിനെതിരെ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡോളി ശര്‍മയ്‌ക്കൊപ്പമാണ് പ്രിയങ്കയുടെ റോഡ് ഷോ.
ഗാസിയാബാദിലെ ഗണ്ടഖറിലറില്‍ നിന്നു പത്ത് കിലോമീറ്റര്‍ ചുറ്റി അംബേദ്കര്‍ റോഡ് വരെ തുറന്ന വാഹനത്തില്‍ ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്തും ഫോണ്‍ വാങ്ങി സെല്‍ഫി എടുത്തു നല്‍കിയും പ്രിയങ്ക റോഡ് ഷോ ജനകീയമാക്കി.
പൂക്കള്‍ വാരിവിതറിയും ബൊക്ക നല്‍കിയും ആളുകള്‍ പ്രിയങ്കയെ വരവേറ്റു. റോഡ് ഷോയ്‌ക്കൊടുവില്‍ മോദിക്കും ബി.ജെ.പിക്കുമെതിരെ ശക്തമായ ഭാഷയില്‍ പ്രിയങ്ക വിമര്‍ശനം ചൊരിയുകയും ചെയ്തു.
'വോട്ട് ചെയ്യുന്നതിനു മുമ്പ് നന്നായി ചിന്തിക്കുക. അധികാരത്തിലുള്ളവര്‍ മറന്നു... നിങ്ങളാണ് അവര്‍ക്ക് അധികാരം നല്‍കിയത് എന്ന്'- പ്രിയങ്ക പറഞ്ഞു.
ഗാന്ധി കുടുംബത്തിനെതിര രാജ്യത്തൊട്ടാകെയുള്ള തിരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുത്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് പ്രിയങ്ക മറുപടി പറഞ്ഞത്.
നെഹ്‌റുവും ഇന്ദിരാ ഗാന്ധിയും എന്തു ചെയ്തു എന്ന് അന്വേഷിക്കാതെ അഞ്ചു കൊല്ലം താന്‍ എന്തു ചെയ്തുവെന്ന് മോദി പറയട്ടെയെന്ന് പ്രിയങ്ക തിരിച്ചടിച്ചു.
'അദ്ദേഹം എപ്പോഴും പറയുന്നു നെഹ്‌റു അത് ചെയ്തു, ഇന്ദിര ഇതു ചെയ്തു എന്ന്. ഏയ് മോദി ജി, കഴിഞ്ഞ അഞ്ച് വര്‍ഷം നിങ്ങള്‍ എന്തു ചെയ്‌തെന്നു പറയൂ?'- പ്രിയങ്ക ചോദിച്ചു.
തന്നെ വിജയിപ്പിച്ച വാരാണസിയിലെ ജനങ്ങളെ മറന്നു ലോകം ചുറ്റുകയാണ് മോദി എന്നായിരുന്നു പ്രിയങ്കയുടെ വിമര്‍ശനം.
അദ്ദേഹം ജപ്പാനില്‍ പോയി കെട്ടിപ്പിടിച്ചു. യു.എസില്‍ പോയി കെട്ടിപ്പിടിച്ചു. പാക്കിസ്താനില്‍ പോയി ബിരിയാണി കഴിച്ചു. ചൈനയില്‍ പോയി കെട്ടിപ്പിടിച്ചു. പക്ഷെ നിങ്ങള്‍ എപ്പോഴെങ്കിലും വാരണാസിയിലെ ഒരു പാവപ്പെട്ട കുടുംബത്തെ കണ്ടിട്ടുണ്ടോ?- പ്രിയങ്ക ചോദിച്ചു.
വാരാണസിലേക്ക് ഗംഗ വഴി ബോട്ടിലും അമേഠിയില്‍ നിന്ന് അയോധ്യയിലേക്ക് റോഡ് മാര്‍ഗവും യാത്ര നടത്തിയെങ്കിലും ഇത്രയും നീണ്ട റോഡ് ഷോ ഇതാദ്യമായാണ്. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം പ്രിയങ്കയും റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. പ്രിയങ്കയുടെ പ്രിയമേറുന്നതോടെ രാജ്യം മൊത്തം പ്രചരണത്തിനായി ഇറങ്ങണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."