ലോകത്തെ ഏറ്റവും വലിയ ഒട്ടക ചികിത്സാ കേന്ദ്രം സഊദിയിൽ തുറന്നു
റിയാദ്: ഒട്ടകങ്ങളുടെ ചികിത്സക്കായി ലോകത്തെ ഏറ്റവും വലിയ ആശുപത്രി സഊദിയിൽ തുറന്നു. ഒട്ടക ചികിത്സയോടൊപ്പം ഗവേഷണവും ലക്ഷ്യമാക്കിയുള്ള അതി വിശാലമായ "സലാം വെറ്റിനറി ഗ്രൂപ്പ് ആശുപത്രി" ഖസീം പ്രവിശ്യയിലാണ് പ്രവർത്തനം ആരംഭിച്ചത്. എഴുപതിനായിരം സ്‌ക്വയർ മീറ്ററിൽ നിർമ്മാണം പൂർത്തിയാക്കിയ ആശുപത്രി നൂറ് മില്യൺ റിയാലിലധികം (26.7 മില്യൺ ഡോളർ) തുക ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്. ചികിത്സക്കും ഗവേഷണത്തിനും അതി നൂതന സംവിധാനങ്ങൾ ഉൾകൊള്ളുന്ന ആശുപത്രി ഖസീം പ്രവിശ്യ ഗവർണർ പ്രിൻസ് ഡോ: ഫൈസൽ ബിൻ മിശ്അൽ ബിൻ സഊദ് ബിൻ അബ്ദുൽ അസീസ് രാജകുമാരനാണ് സമർപ്പിച്ചത്.
മേഖലയിൽ നേരത്തെ തന്നെ വിവിധ രാജ്യങ്ങളിൽ ഒട്ടക പരിശോധനക്കായി ആശുപത്രികൾ സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം വെല്ലുന്ന രീതിയിലുള്ള ആധുനിക സജ്ജീകരണങ്ങൾ ഉൾകൊലുന്നതാണ് പുതിയ ആശുപത്രി. ഖത്തർ, ദുബായ് എന്നിവിടങ്ങളിലാണ് വലിയ ആശുപത്രിയുള്ളത്. 2015 ൽ ഖത്തറിലാണ് ആദ്യ ക്യാമൽ ആശുപത്രി നിർമ്മാണം പൂർത്തിയാക്കിയത്. 2017 ൽ തുറന്ന ദുബായ് ഒട്ടക ചികിത്സ കേന്ദ്രം പത്ത് മില്യൺ ഡോളർ ചെലവഴിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 2019 ൽ വിപുലീകരണം നടത്തിയ ഇവിടെ ഒരേ സമയം 30 ഒട്ടകങ്ങളെ ചികിത്സിക്കാനുള്ള സൗകര്യങ്ങൾ സംവിധാനിച്ചിട്ടുണ്ട്.
മരുഭൂമിയിലെ കപ്പലുകൾ എന്നറിയപ്പെടുന്ന ഏറ്റവും പ്രധാനമേറിയ ഒട്ടകങ്ങൾക്ക് അറബ് ലോകം ഏറ്റവും മുന്തിയ പരിഗണന തന്നെയാണ് നൽകുന്നത്. പ്രാചീന കാലം മുതൽ തന്നെ മരുഭൂ ജീവിതത്തിന്റെ ഭാഗമായ ഒട്ടകങ്ങൾ ഇല്ലാതെ അറബികൾക്ക് ജീവിതം തന്നെ അസാധ്യമായ കാലം വരെ ഉണ്ടായിരുന്നു. എന്നാൽ, ആധുനിക കാലത്തും ഒട്ടകങ്ങൾ തങ്ങളുടെ ആഡംബരത്തിന്റെ അടയാളമായി അറബികൾ കൊണ്ട് നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."