മുസ്ലിം ലീഗിനെതിരായ വിദ്വേഷ പ്രചാരണം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്കി
ന്യൂഡല്‍ഹി: മുസ്ലിം ലീഗിനെതിരെ സംഘ്പരിവാര്‍ നടത്തുന്ന വിദ്വേഷ പ്രചാരണം സംബന്ധിച്ച് തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമര്‍, അഡ്വ:ഹാരിസ് ബീരാന് എന്നിവരാണ് മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
മുസ്ലിം ലീഗ് പതാകയും പാക്കിസ്താന് പതാകയും ഒന്നാണെന്ന് പ്രചരിപ്പിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത് അംഗീകൃത പാര്‍ട്ടിയായി പ്രവര്‍ത്തിക്കുന്ന സംഘടനയെ അപകീര്‍ത്തിപ്പെടുത്താനാണെന്ന് പരാതിയില്‍ പറയുന്നു.
ചരിത്രത്തെയും വര്‍ത്തമാനത്തെയും രാഷ്ട്രീയത്തെയും കുറിച്ച് സാമാന്യം ബോധമുള്ളവര്‍ ഈ പ്രചാരണം തള്ളിക്കളയുമെന്നും ദുഷ്ടലാക്കോടെ അപകീര്‍ത്തി പരാമര്‍ശങ്ങള്‍ നടത്തുന്നവരെ നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയതെന്നും ലീഗ് നേതൃത്വം അറിയിച്ചു.
മുസ്ലിം ലീഗ് വൈറസാണെന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണം. ഈ വൈറസ് ഒരിക്കല്‍ രാജ്യം വിഭജിക്കാന്‍ ഇടയാക്കി. കോണ്‍ഗ്രസിന് ഈ വൈറസ് ബാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജയിച്ചാല്‍ ഈവൈറസ് രാജ്യം മുഴുവന്‍ പടരുമെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിം ലീഗ് ഒരു വൈറസ് ആണ്. എങ്ങിനത്തെ വൈറസെന്നാല് അത് ഒരാളെ ബാധിച്ചാല്‍ അവര്‍ക്ക് രക്ഷപ്പെടാനാവില്ല. ഇന്നത് കോണ്‍ഗ്രസിനെ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ എന്തു സംഭവിക്കുമെന്ന് ആലോചിക്കൂ. ഈ വൈറസ് രാജ്യമാകെ പടരും- യോഗി ട്വിറ്ററിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."