രണ്ടിടത്തെ പത്രികകളും തള്ളി: സരിത കലിപ്പിലാണ്: ഗൂഢാലോചനയെന്നും വെറുതെ വിടില്ലെന്നും സരിത
കൊച്ചി: സോളാര്‍ നായിക സരിത. എസ്. നായര്‍ കലിപ്പിലാണ്. ആറ്റുനോറ്റ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനെത്തിയതായിരുന്നു. അതും കേരളത്തിലെ രണ്ടു വി.ഐ.പി മണ്ഡലങ്ങളില്‍. എറണാകുളവും വയനാടും. രണ്ടിടത്തും മത്സരിക്കാനാകില്ലെന്നാണ് ഏറ്റവും ഒടുവിലെത്തെ വിവരം. രണ്ടിടത്തും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതാണ്. രണ്ടും തള്ളിപ്പോയതിലാണ് കലിപ്പ്. പത്രിക തള്ളിയതിന് പിന്നില്‍ രാഷ്ട്രീയമായ കളികള്‍ നടന്നുവെന്നാണ് സരിതയുടെ ആരോപണം.
സരിതക്കെതിരേ ശിക്ഷകള്‍ നിലവിലുണ്ട്. ശിക്ഷ റദ്ദാക്കിയിട്ടുമില്ല. ഈ കാരണം പറഞ്ഞാണ് രണ്ടിടത്തും വരണാധികാരികള്‍ പത്രിക തള്ളിയത്.
ശിക്ഷ റദ്ദാക്കിയതിന്റെ ഉത്തരവ് ഹാജരാക്കാന്‍ ഇന്ന് പത്തര വരെ സരിതക്ക് വരണാധികാരികള്‍ സമയം അനുവദിച്ചിരുന്നതാണ്. ഇത് ഹാജരാക്കാന്‍ അവര്‍ക്ക് കഴിയാത്തതിനാലാണ് പത്രിക തള്ളാന്‍ തീരുമാനിച്ചത്.
പക്ഷെ ആവശ്യമായ രേഖകള്‍ എല്ലാം ഹാജരാക്കിയിട്ടും വരണാധികാരി പക്ഷപാതപരമായി പെരുമാറിയെന്നാണ് സരിത പറയുന്നത്.
പത്രിക തള്ളിയതിനെതിരെ അപ്പീല്‍ നല്‍കും എന്ന് പറഞ്ഞ സരിത ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യും എന്നും അറിയിച്ചിട്ടുണ്ട്. പത്രിക തള്ളിയത് നല്ലതാണ് എന്നാണ് കരുതുന്നത് തനിക്കെതിരെ നടക്കുന്ന അനീതികളെ തുറന്നു കാണിക്കാന്‍ ഒരു അവസരമാണ് അത് ഒരുക്കുന്നത് എന്നും സരിത പ്രതികരിച്ചു.
ഇന്ന് തന്നെ റിട്ട് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുമെന്ന് സരിത പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സോളാര്‍ തട്ടിപ്പ് കേസില്‍ പാര്‍ട്ടി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് എറണാകുളത്തും വയനാട്ടില്‍ മത്സരിക്കാന്‍ ഒരുങ്ങിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."