പരിസ്ഥിതി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നെല്‍പ്പാടങ്ങള്‍ നികത്തുന്നത് വ്യാപകമാവുന്നു
പെരിങ്ങോട്ടുകുറുശ്ശി: നെല്ലറയുടെ നാടായ പാലക്കാട് ജില്ലയില്‍ നെല്‍വയലുകള്‍ നികത്തുന്നത് വ്യാപകമാകുന്നു. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും ഭൂസംരക്ഷണ നിയമങ്ങളുമെല്ലാം കാറ്റില്‍പ്പറത്തിയാണ് ഭൂമാഫിയകളുള്‍പ്പടെയുള്ളവര്‍ കൃഷി ഭൂമികള്‍ നികത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനായി കേരള ഭൂവിനിയോഗ നിയമം പര്യാപ്തമല്ലെന്നുകാണിച്ച് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷ നിയമത്തെപ്പോളും നോക്കുകുത്തിയാക്കിയാണ് നെല്‍പ്പാടങ്ങള്‍ നികത്തിക്കൊണ്ടിരിക്കുന്നത്.
തികച്ചും രാഷ്ട്രീയ സാമ്പത്തിക സ്വാധീനമുപയോഗിച്ച് ബന്ധപ്പെട്ട മേഖലകളിലെ ഉദ്യോഗസ്ഥരെ കയ്യിലെടുത്താണ് കൃഷിഭൂമികള്‍ നികത്തി കെട്ടിടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത്.
2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം 2017 ഫിബ്രുവരി 6 ന് കേരള സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവുപ്രകാരം തണ്ണീര്‍ത്തടങ്ങളിലോ നെല്‍വയലുകളിലോ ഏതെങ്കിലം രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളോ പരിവര്‍ത്തനങ്ങളോ നടത്തണമെങ്കില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്നും മുന്‍കൂട്ടി അനുമതി വാങ്ങിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ ഇതെല്ലാം പലയിടത്തും കടലാസില്‍ മാത്രമൊതുങ്ങുകയാണ്. സംസ്ഥാനത്ത് നിലവിലുള്ള ഭൂസംരക്ഷണ നിയമത്തിലെ വകുപ്പ് 14 പ്രകാരം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കൃഷിഭവനുകള്‍, കൃഷി വില്ലേജ് ഓഫിസുകളിലെ ഉദ്യോഗസ്ഥര്‍ ഇക്കാര്യം പൂര്‍ണമായും പാലിക്കേണ്ടതാണെന്നും വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ നിയമപ്രകാരമല്ലാതെയും മുന്‍കൂര്‍ അനുമതിയില്ലാതെയും ഏത് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയാലും ഇത് ഉടന്‍ നിര്‍ത്തിവെക്കാന്‍ നോട്ടിസ് നല്‍കുകയും അല്ലാത്തപക്ഷം നിയമത്തിലെ സെക്ഷന്‍ 23 പ്രകാരം ബന്ധപ്പെട്ട ഓഫിസര്‍മാരടക്കമുള്ളവര്‍ ശിക്ഷാര്‍ഹരാണ്. സംസ്ഥാന സര്‍ക്കാറിന്റെ ഉത്തരവുകളുടെ കോപ്പി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ട് മിക്കയിടത്തും റിയല്‍ എസ്റ്റേറ്റ് മാഫിയകളുടെ ബഹുനില കെട്ടിടങ്ങളാണ് ഉയരുന്നത്.
മരുതറോഡ് പഞ്ചായത്തില്‍പ്പെട്ട ഏക്കറുക്കണക്കിന് കൃഷിസ്ഥലങ്ങള്‍ നികത്തി നിര്‍മിച്ച കെട്ടിട സമുച്ചയം അനധികൃതമാണെന്ന് കണ്ടിട്ടും കെട്ടിടത്തേലേക്കു വാഹന സൗകര്യത്തിനായി വ്യാജ രേഖ സമര്‍പ്പിച്ച് കനാല്‍പ്പാലവും വിജിലന്‍സിന്റെ ഉത്തരവുണ്ടായിട്ടും പൊളിച്ചുമാറ്റാതെ തുടരുകയാണ്. ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങളാണ് ജില്ലയുടെ നാനാഭാഗങ്ങളില്‍ നെല്‍വയലുകള്‍ നികത്തി പൊന്തിക്കൊണ്ടിരിക്കുന്നത്.
ഇതിനുപുറമെ ഏക്കര്‍ക്കണക്കിന് നെല്‍പ്പാടങ്ങളാണ് റിയല്‍ എസ്റ്റേറ്റ് സംരംഭകര്‍ നികത്തി പ്ലോട്ടുകളാക്കി വിറ്റുകൊണ്ടിരിക്കുന്നത്. ഗ്രാമീണ മേഖലകളിലെ നെല്‍പ്പാടങ്ങള്‍ നികത്തുമ്പോള്‍ തുടക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടികള്‍ കുത്തി പ്രവര്‍ത്തനം നിര്‍ത്തി വെക്കുമെങ്കിലും ഇവരുടെ സാമ്പത്തിക സ്വാധീനത്തില്‍ പിന്നീട് എല്ലാം പഴയപടിയാകും. പാലക്കാട് - തൃശൂര്‍ ദേശീയ പാതയിലും പാലക്കാട് പെരിങ്ങോട്ടുകുര്‍ശ്ശി, പാലക്കാട് കുളപ്പുള്ള സംസ്ഥാന പാതകളിലുമൊക്കെ റോഡിനിരുവശത്തുമുണ്ടായിരുന്ന വയലുകള്‍ ഓര്‍മകളാവുകയാണ്. കെട്ടിടങ്ങള്‍ ഉയര്‍ന്നതോടെ പരിസ്ഥിതി നിയമങ്ങള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമങ്ങളുമൊക്കെ ഫയലുകളില്‍ മാത്രമുറങ്ങുന്നതിനാല്‍ കേരളത്തിന്റെ നെല്ലറയായ പാലക്കാട് നെല്‍പ്പാടങ്ങള്‍ വ്യാപകമായി നികത്തുന്നതോടെ കൃഷിഭൂമികളില്ലാതായി നെല്ലറയെന്ന പേരുപോലും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."