നിയമം ലംഘിച്ച് അധ്യാപകരുടെ പ്രവേശന പരീക്ഷാ പരിശീലനം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തുമെന്ന് അംഗീകൃത പരിശീലന കേന്ദ്രം
കല്‍പ്പറ്റ: ജില്ലയില്‍ സര്‍ക്കാര്‍ ശമ്പളം വാങ്ങുന്ന അധ്യാപകര്‍ വ്യാപകമായി സ്വകാര്യ ട്യൂഷനും പ്രവേശന പരീക്ഷാ പരിശീലനവും നടത്തുന്നുവെന്ന് ആരോപണമുയരുന്നു.
സര്‍ക്കാരിന്റെ ഉത്തരവ് ലംഘിച്ചാണ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ട്യൂഷനും പ്രവേശന പരീക്ഷാ കോച്ചിങും നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറികളിലെ സയന്‍സ് അധ്യാപകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് പരിശീലനം. പിടിക്കപ്പെടാതിരിക്കാന്‍ അധ്യാപകര്‍ തമ്മില്‍ സ്‌കൂളുകള്‍ പരസ്പരം മാറിയാണ് ക്ലാസെടുക്കുന്നത്. ചിലയിടങ്ങളില്‍ പരിശീലനത്തിന് പി.ടി.എകളുടെ ഒത്താശയുമുണ്ട്. കുട്ടികള്‍ക്ക് മികച്ച പരിശീലനം എന്ന് തെറ്റിദ്ധരിപ്പിച്ചാണ് പി.ടി.എകളെ ഇത്തരക്കാര്‍ കൈയിലെടുക്കുന്നത്.
അയ്യായിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് എന്‍ട്രന്‍സ് കോച്ചിങിന് ഫീസായി വാങ്ങുന്നത്. അവധിക്കാലത്തും ശനി, ഞായര്‍ ദിവസങ്ങളിലുമാണ് പരിശീലനം. താല്‍പ്പര്യമില്ലാത്ത കുട്ടികളെ ഇന്റേണല്‍ മാര്‍ക്കിന്റെയും പ്രാക്ടിക്കല്‍ മാര്‍ക്കിന്റെയും പേര് പറഞ്ഞ് നിര്‍ബന്ധിച്ച് പരിശീലനത്തിന് ചേര്‍ക്കുന്നതായും ആക്ഷേപമുണ്ട്.
മുന്‍പ് സംസ്ഥാന വ്യപകമായി ഇത്തരം പരിശീലനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടതും അധ്യാപക ട്യൂഷന്‍ പാടില്ലന്ന് ഉത്തരവ് ഇറക്കിയതും. എന്നാല്‍ ഒരിടവേളക്ക് ശേഷം ഇത് വീണ്ടും സജീവമായിരിക്കുകയാണ്. അംഗീകൃത പരിശീലന കേന്ദ്രങ്ങള്‍ ഇതിനെതിരേ പരാതിയുമായി രംഗത്തു വന്നിട്ടുണ്ട്. പ്രശ്‌നം വിദ്യാഭ്യാസ മന്ത്രിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അംഗീകൃത പരിശീലന കേന്ദ്രങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. അനധികൃത പരിശീലനത്തിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ഇതോടെ ശക്തമാകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."