സവര്‍ണയുക്തിവാദികള്‍ ഹിന്ദുത്വയുടെ ആരായിട്ടുവരും?
രാഷ്ട്രീയ താല്‍പര്യങ്ങളുടെ നിലനില്‍പ്പിനായി പ്രാക്തനകാലത്ത് രൂപപ്പെടുത്തപ്പെട്ട വര്‍ണാശ്രമ വ്യവസ്ഥയുടെ പ്രായോഗിക ശാലകള്‍ മതാധിഷ്ഠിതമാണെന്ന തിരിച്ചറിവാണ് യുക്തിവാദത്തിന്റെ ആചാര്യരായ സഹോദരന്‍ അയ്യപ്പനെയും കുറ്റിപ്പുഴ കൃഷ്ണന്‍പിള്ളയെയും ഇ.വി പെരിയോരെയുമെല്ലാം നിരീശ്വരവാദികളാക്കിയത്. കീഴാളരുടെ സാമൂഹിക പരിഷ്‌കരണമായിരുന്നു അവരുടെയെല്ലാം അടിസ്ഥാന ലക്ഷ്യം. അധ്യാത്മിക മഹത്വങ്ങളെ നിഷേധിച്ചുകൊണ്ട് തികഞ്ഞ ഭൗതികവാദിയായി മാറിയപ്പോഴും തന്റെ ഗുരു ശ്രീ നാരായണനോട് അങ്ങേയറ്റം ഭവ്യത കാത്തുസൂക്ഷിച്ചിരുന്നു സഹോദരന്‍ അയ്യപ്പന്‍. തന്റെ പിന്‍ഗാമിയായി ശ്രീനാരായണ ഗുരു സഹോദരന്‍ അയ്യപ്പനെ വാഴ്ത്തിയത് സാമൂഹികമായ ഉച്ചനീചത്വങ്ങള്‍ക്കെതിരേയുള്ള ഉറച്ച സന്ദേശം എന്നനിലയിലായിരുന്നു. അവരാരും സവര്‍ണ നാസ്തികരോ ഇസ്‌ലാമിക് ഫോബികോ സെമിറ്റിക് സംവരണ വിരുദ്ധരോ ആയിരുന്നില്ല. 'എനിക്ക് മതമില്ല, ഞാനൊരു മതം തിരഞ്ഞെടുക്കുന്നുവെങ്കില്‍ അത് ഇസ്‌ലാമാകുമെന്നായിരുന്നു' എന്നായിരുന്നു ഇ.വി പെരിയോര്‍ പറഞ്ഞത്. തങ്ങളുടെ അടിസ്ഥാന നിലപാട് ചോര്‍ന്ന് പോയ കാര്യത്തില്‍ കേരളത്തിലെ നവനാസ്തികാചാര്യന്മാര്‍ക്ക് ധാരണയില്ല. പക്ഷെ, ഇന്നിപ്പോള്‍ ഇ.വി പെരിയോറെയും സഹോദരന്‍ അയ്യപ്പനെയും തള്ളി സവര്‍ക്കരെ സാമൂഹിക സമുദ്ധാരകന്‍ എന്ന് വിശേഷിപ്പിച്ച സി. രവിചന്ദ്രന്‍ തീവ്രവലതുപക്ഷ യൂറോപ്യന്‍ നാസ്തികതയാണ് പ്രചരിപ്പിക്കുന്നത്.
മനുവിന്റെ വര്‍ണാശ്രമ വ്യവസ്ഥയുടെ ശാസ്ത്രീയവല്‍ക്കരണമാണ് നിയോ എയ്തിസത്തിന്റെ രാഷ്ട്രീയ മാനം.'നിങ്ങളുടെ മനുവിനെ നോക്കുമ്പോള്‍ നാസികളുടെ ഹിറ്റ്‌ലര്‍ എത്രയോ പാവമാണ്' എന്ന് നിരീക്ഷിച്ച അയ്യപ്പന്‍ ഇവര്‍ക്ക് അനഭിമതനാവുന്നതില്‍ അത്ഭുതമില്ല. ചിലര്‍ വീക്ഷിക്കുന്നതുപോലെ ഭരണകൂടത്തോടുള്ള ദാസ്യമനോഭാവത്തില്‍ നിന്നല്ല നവനാസ്തികത വലതുപക്ഷ സവര്‍ണ ചേരിയിലേക്ക് ചായുന്നത്. അതിന് ആഗോളീയമായ പ്രത്യശാസ്ത്രപരമായ മാനമാണുള്ളത്. ശാസ്ത്രമാത്രവാദം എന്ന പഥാര്‍ഥബന്ധിത പ്രാപഞ്ചിക വീക്ഷണം(സയന്റിസം) ആണ് അവരുടെ മതം. മനുഷ്യ ശരീരത്തിന്റെ ഉദാര സ്വതന്ത്രവാദമായ മാനവികവാദ (ഹ്യൂമനിസം)ത്തെ തരാതരത്തില്‍ കൂടെ കൂട്ടി സയന്റിസത്തെ പ്രായോഗികവല്‍ക്കരിക്കുക എന്നതാണ് അവരുടെ രീതി. അതനുസരിച്ച്, ന്യായാന്യായങ്ങള്‍ പ്രകൃതി നിര്‍ദ്ധാരണത്തിന്റെ ഭാഗമാണ്. അര്‍ഹതയുള്ളവരുടെ അതിജീവനം എന്ന തത്വത്തില്‍ നിലകൊള്ളുന്ന പരിണാമസിദ്ധന്തം തന്നെയാണ് അവരുടെ പക്കല്‍ സാമൂഹിക മാറ്റങ്ങളുടെയും അടിസ്ഥാനം. അതനുസരിച്ച് സവര്‍ണരുടെ അടിമകളാകേണ്ടവരാണ് അവര്‍ണര്‍.'മേലാളന്മാരുടെ ഉന്നമനത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിക്കുക എന്നതാണ് കീഴാളന്മാരുടെ ജീവിതദൗത്യം' എന്ന് പറഞ്ഞ ഫെഡറിക് നീഷേയും 'സെമിറ്റിക് മതവിശ്വാസികള്‍ ഹോമോസാപ്പിയന്‍സല്ല, ബുദ്ധിവളര്‍ച്ച പൂര്‍ണമാവാത്ത പ്രീ ഹോമോ പിരീഡുകാരാണ് ' എന്ന് പറഞ്ഞ റിച്ചാര്‍ഡ് ഡോക്കിന്‍സുമൊക്കെ മുന്നോട്ടുവയ്ക്കുന്ന വംശീയനിര്യാത നിരീശ്വരത്വത്തിന് വ്യക്തമായ രാഷ്ട്രീയ അജന്‍ഡകളുണ്ട്. 'മനുഷ്യന് ശാശ്വതമായ ആത്മാവോ സവിശേഷമായ ആത്മാംശമോ ഇല്ല' എന്ന ബര്‍ണാഡ് റസ്സലിനെ പോലുള്ളവരുടെ ആത്മനിരാസവാദം കൂടെ ഇതിനോട് ചേരുമ്പോള്‍ തികഞ്ഞ മനുഷ്യത്വവിരുദ്ധമാവുകയാണ് നവനാസ്തികത. അവരെ സംബന്ധിച്ചിടത്തോളം ഉദാരലൈംഗീകത മനുഷ്യന്റെ ഉടലിന്റെ അവകാശമാണ്. അപ്പോള്‍ എല്‍.ജി.ബി.ടിക്കാര്‍ക്ക് വേണ്ടി ശബ്ദിക്കേണ്ടത് ഹ്യുമനിസത്തിന്റെ ഭാഗമാവും. എന്നാല്‍ സംവരണമാവശ്യപ്പെടുന്ന ദലിത് പിന്നോക്കക്കാര്‍ക്ക് വേണ്ടിയോ അടിച്ചമര്‍ത്തപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയോ അവര്‍ ശബ്ദിക്കില്ല.കാരണം അത് പരിണാമ സിദ്ധാന്തത്തിന് എതിരാണ്. അര്‍ഹതയുള്ളവരെ പ്രകൃതി നേരിട്ട് അതിജീവിപ്പിച്ചുകൊള്ളും. നാം വെറുതെ വിയര്‍ക്കേണ്ട എന്നതാണ് അവരുടെ നിലപാട്.
ഇന്ത്യയില്‍ നവനാസ്തികതയുടെ കടിഞ്ഞാണിപ്പോള്‍ തീവ്രഹിന്ദുത്വതയുടെ കരങ്ങളിലാണ്. ദൈവനിഷേധ പ്രസ്ഥാനം പരദൈവ വിശ്വാസത്തിന്റെ രാഷ്ട്രീയ ഉപകരണമാവുന്നത് നാം എത്രയോ കണ്ടതാണ്. ശരീഅത്ത് പരിഷ്‌ക്കരണം, ഖുര്‍ആന്‍ ഭേദഗതിവാദം, മുത്വലാഖ് നിരോധനം, ഏകസിവില്‍കോഡ്, സ്ത്രീസ്വാതന്ത്ര്യം, തീവ്രവാദാരോപണം തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിംകള്‍ക്കെതിരേ ചര്‍ച്ചാഗതി തിരിക്കാനുള്ള ഹിന്ദുത്വയുടെ ഏജന്‍സികളാണ് സി. രവിചന്ദ്രനും അനുചരരും.
പ്രഛന്ന ആള്‍ദൈവങ്ങളിലൂടെ തന്നെയാണ് ഏത് നാട്ടിലും നാസ്തിക പ്രചരണങ്ങള്‍ നടക്കുന്നത് എന്നതാണ് വിരോധാഭാസം. ഇവിടെയും അവര്‍ക്ക് അവസാനവാക്ക് പറയുന്ന കള്‍ട്ടുകളുണ്ട്. അവര്‍ പറയുന്ന ' പ്രമാണങ്ങള്‍ ' പരീക്ഷണ നിരീക്ഷണമന്യേ 'അന്ധമായി' വിശ്വസിക്കുകയാണ് അനുയായികള്‍ ചെയ്യുന്നത്. ഏത് അതിഭ്രമവും തത്വശാസ്ത്രത്തില്‍ ആരാധനയാണ്. പ്രമാണങ്ങളോടുള്ള അതിഭ്രമം പ്യൂരിറ്റാനിസമാവും. വിശ്വാസത്തോടുള്ള അതിഭ്രമം സ്പിരിച്വലിസമാവും. ദേശീയതയോടുള്ള അതിഭ്രമം ഫാസിസമാവും. പദാര്‍ഥ ഗുണത്തോടുള്ള അതിഭ്രമം സയന്റിസമാവും. വ്യക്തിയോടുള്ള അതിഭ്രമം ഫാനിസമാവും. ഇതെല്ലാം തെളിവുകളേക്കാള്‍ 'വിശ്വാസം' തീര്‍പ്പ് കല്‍പ്പിക്കുന്ന ഡോഗ്മകള്‍ പ്രസക്തമായ മതങ്ങള്‍ തന്നെയാണ്. പ്രസ്തുത ഫാന്‍സ് കള്‍ട്ടിനാണ് ആള്‍ദൈവം എന്ന് പറയുന്നത്. അതായത്, മാതാ അമൃതാനന്ദമയി എന്താണോ അതിന്റെ രാസപരിണിത പതിപ്പ് തന്നെയാണ് സി. രവിചന്ദ്രന്‍ എന്ന ഊതിവീര്‍പ്പിച്ച ബിംബവും. തെളിവുകള്‍ നയിക്കട്ടെ എന്ന് പറഞ്ഞ് അദ്ദേഹം തന്റെ ഭക്തരെ നയിക്കുന്നത് സവര്‍ണ വംശീയതയിലേക്ക് തന്നെയാണ്. പറയുന്ന കാര്യങ്ങള്‍ക്ക് അദ്ദേഹം എന്ത് തെളിവാണ് പറയാറുള്ളത്? അദ്ദേഹം പറഞ്ഞു എന്നത് തന്നെയാണ് തെളിവ് എന്ന് വിശ്വസിക്കുന്നവര്‍ ഭക്തരല്ലെങ്കില്‍ പിന്നാരാണ് ഭക്തര്‍?
മലയാള യുക്തിവാദത്തിന്റെ സവര്‍ണബാധ കഴിഞ്ഞ പതിറ്റാണ്ടുകളിലെ ക്രമാനുഗമായ പരിണാമമാണ്. 1970കളില്‍ യുക്തിവാദിസംഘത്തില്‍ കോണ്‍ഗ്രസുകാരും സി.പി.ഐക്കാരും ആര്‍.എസ്.പിക്കാരും നക്‌സലൈറ്റുകളും സി.പിഎമ്മില്‍ പെട്ടവരും ഉണ്ടായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന എം.എ ജോണ്‍, ആര്‍.എസ്.പിയില്‍നിന്ന് വന്ന ഇടമറുക്, സി.പി.എമ്മില്‍നിന്ന് വന്ന യു. കലാനാഥന്‍, പവനന്‍, വി. ജോര്‍ജ്, തെങ്ങമം ബാലകൃഷ്ണന്‍, സി.പി.ഐ. എം.എല്ലില്‍നിന്ന് വന്ന കെ. വേണു തുടങ്ങിയവരൊക്കെയായിരുന്നു നേതാക്കള്‍. പവനനും യു. കലാനാഥനും നേതൃത്വത്തിലെത്തിയതോടെ അവര്‍ക്കിടയില്‍ ആഭ്യന്തര സംവാദങ്ങള്‍ ഉടലെടുത്ത് തുടങ്ങി. ഇക്കാലത്താണ് യുക്തിവാദവും മാര്‍ക്‌സിസവും തമ്മിലുള്ള സംവാദമുണ്ടായത്. പവനനും ഇടമറുകും യുക്തിവാദത്തിന്റെ പക്ഷത്തുനിന്നും ഇ.എം.എസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പക്ഷത്തുനിന്നും നടത്തിയ സംവാദം പ്രധാന വഴിത്തിരിവാവുകയായിരുന്നു. ജാതീയ മേല്‍ക്കോയ്മക്കെതിരില്‍ ഇടതുപക്ഷ ചിന്താഗതിക്കാര്‍ വളര്‍ത്തിയ മതാതീയ സ്വതന്ത്രചിന്ത നിക്ഷിപ്ത താല്‍പര്യങ്ങളിലേക്ക് വ്യതിചലിച്ച് തുടങ്ങുകയായിരുന്നു പിന്നെ. ചില ഉദാഹരണങ്ങള്‍ നോക്കാം, അവരുടെ മുഖപത്രമായിരുന്ന 'യുക്തിരേഖ' മാനേജറായിരുന്ന രാജഗോപാല്‍ വാകത്താനം ശ്രീ നാരായണ ഗുരുവിനെതിരേ യുക്തിരേഖയാല്‍ ലേഖനമെഴുതി. ഗുരു വിപ്ലവകാരിയല്ല, അവസരവാദിയായിരുന്നു എന്നായിരുന്നു ആക്ഷേപം. ഇ.വി പെരിയോറല്ല, ഗോള്‍വാള്‍ക്കറാണ് ശരി എന്ന രവിചന്ദ്രന്റെ കണ്ടെത്തല്‍ ആകസ്മികമല്ല എന്നര്‍ഥം. ശിവഗിരി പിടിച്ചെടുക്കാന്‍ സവര്‍ണ ഹിന്ദുത്വര്‍ ശ്രമിച്ചപ്പോള്‍ പവനന്‍ തന്നെ അവര്‍ക്കൊപ്പം വേദി പങ്കിടുന്നു. ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയായിരുന്ന മോഹനന്‍, ഹിന്ദു ഐക്യവേദി നേതാവ് കുമ്മനം രാജശേഖരന്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ശിവഗിരിയെ നമ്പൂതിരിവല്‍ക്കരിക്കാന്‍ കൂട്ടുനിന്നയാളായി പവനന്‍ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതായത്, ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് മാനവിക ചിന്ത അല്ലെങ്കില്‍ കീഴാള മതാതീത ചിന്തയേക്കാള്‍ മുസ്‌ലിം വിരുദ്ധമായത് ബ്രഹ്മണിക്കല്‍ ഹെജിമണിയെ ശാസ്ത്രീയമായി പ്രകൃതിപരമാക്കാന്‍ വളഞ്ഞു വലയം പിടിക്കുന്ന സവര്‍ണ യുക്തിവാദം തന്നെയാണ്.
ഭൗതിക പദാര്‍ഥവാദവും ഇസ്‌ലാമും രാഷ്ട്രീയമായി വിപരീതങ്ങളല്ല. ഭൗതികവാദം അരാഷ്ട്രീയമായി മതരഹിതമാണ്, വിരുദ്ധമല്ല. വിശാലമായി വ്യാഖ്യാനിക്കപ്പെടുമ്പോള്‍ ഭൗതികവാദം അഭൗതികമാവുന്നു എന്ന സാധ്യതയുടെ സാധുതയാണ് ഇസ്‌ലാം. ആത്മീയതയെ ഭൗതികമായി വ്യാഖ്യാനിച്ച നിത്യചൈതന്യയതിയും ഹിപ്പിമാരും ഇസ്‌ലാമിനോട് താദാത്മ്യപ്പെടുന്ന അകധാര കണ്ടെത്തിയവരായിരുന്നു. കേരള യുക്തിവാദത്തിന്റെ ആചാര്യന്‍ സഹോദരന്‍ അയ്യപ്പന്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ മാനവികതലം അംഗീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മകളുടെ പേര് ആഇശ എന്നായിരുന്നുവെന്നത് ഇന്നത്തെ 'മുനാഫിഖ് ' യുക്തിവാദികള്‍ക്ക് മനസ്സിലാവില്ല. ആഇശ എന്നത് അക്കാലത്ത് കീഴാള സ്ത്രീത്വത്തിന്റെ വിമോചന നാമം കൂടിയായിരുന്നു. തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ ഭൂജന്മിയായിരുന്ന കപ്രാട്ട് പണിക്കരുടെ മുറ്റംതളിക്കാരിയായിരുന്നു ചക്കി എന്ന ഹരിജന്‍ സ്ത്രീ. അവര്‍ മമ്പുറം അലവി തങ്ങളുടെ സവിധത്തിലെത്തി ഇസ്‌ലാമണഞ്ഞ് ആഇശയായി മാറില്‍ വസ്ത്രമണിഞ്ഞു. കോപാകുലനായ പണിക്കര്‍ അവരുടെ വസ്ത്രങ്ങള്‍ പിച്ചിച്ചീന്തി പീഡിപ്പിച്ചു. മമ്പുറം തങ്ങളുടെ അടുക്കല്‍ ആഇശ എന്ന ചക്കി അഭയം തേടിയപ്പോള്‍ ഏഴ് മാപ്പിളപ്പോരാളികള്‍ പണിക്കരുടെ പണി കഴിച്ചു. ഭൂപ്രഭുക്കന്മാര്‍ മാപ്പിളമാര്‍ക്കെതിരേ തിരിഞ്ഞു. ബ്രിട്ടിഷുകാര്‍ ജന്മിമാരോടൊപ്പം ചേര്‍ന്നു. 20 സായിപ്പുമാരും 7 മാപ്പിളമാരും മരണപ്പെട്ടു. അതോടെ ആഇശ ഒരു പ്രതീകമായി ഉയര്‍ന്നു. പക്ഷെ, ചാന്നാര്‍ ലഹളയുടെ നായിക, മുലക്കപ്പം വാങ്ങാന്‍ വന്നവര്‍ക്ക് മുലയരിഞ്ഞ് നല്‍കിയ കണ്ടപ്പന്റെ കെട്ടിയോള്‍ നങ്ങേലിയുടെ പ്രാധാന്യം മാപ്പിളചരിത്രത്തില്‍ പോലും ചക്കിക്ക് ലഭിച്ചില്ല. ഒഴുക്കിനെതിരേ നീന്താനാവാതെ പിന്തിരിഞ്ഞ് നടന്ന നങ്ങേലിയേക്കാള്‍ അഭയമായി മാറുന്ന തുരുത്തില്‍ ബദലന്വേഷിച്ച ചക്കി തന്നെയാണ് എന്നും സ്വതന്ത്രചിന്തയുടെ പ്രതീകം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."