ലോക്‌സഭയിലെ ഏറ്റവും ദുര്‍ബല പാര്‍ട്ടിയായി സി.പി.എം മാറും: മുല്ലപ്പള്ളി
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലോക്സഭയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി.പി.എം മാറുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വയനാട് ലോക്സഭാ മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലെയും തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ സംയുക്തയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് യാതൊരു പ്രസക്തിയുമില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബിഹാറിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആരും സി.പി.എമ്മിനെ ഒപ്പം കൂട്ടിയില്ല. എന്നിട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും മത്സരിച്ച് വാചക കസര്‍ത്ത് നടത്തുകയാണ്.
മതേതര നിലപാടിനൊപ്പമാണെങ്കില്‍ രാഹുല്‍ഗാന്ധിക്കെതിരേ നിര്‍ത്തിയ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തയാറാകുകയാണ് വേണ്ടത്. അമേത്തിയില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്താതെ എസ്.പിയും ബി.എസ്.പിയും കാണിച്ച മാതൃക കാട്ടാനാണ് സി.പി.എം തയാറാകേണ്ടത്. വിടുവായത്തം പറയുന്ന മോദിയെ പോലെയും പൊള്ളയായ വാഗ്ദാനം നല്‍കുന്ന പിണറായിയെ പോലെയുമുള്ള നേതാവല്ല രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും.
രാഹുല്‍ഗാന്ധിക്ക് മാത്രമേ മോദിയുടെ വര്‍ഗീയ രാഷ്ട്രീയത്തിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കാനാകൂ. വയനാട്ടില്‍ ബി.ജെ.പി മുതിര്‍ന്ന നേതാവിനെ മത്സരിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍, സ്വന്തം സ്ഥാനാര്‍ഥിയെ പോലും നിര്‍ത്താനാവാതെ ദുര്‍ബലനായ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയാണ് അവര്‍ ചെയ്തത്. രാഹുല്‍ ഗാന്ധിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഹുല്‍ വീണ്ടും വയനാട്ടിലെത്തും. 16, 17 തിയതികളില്‍ ആയിരിക്കും എത്തുക. വയനാട് മണ്ഡലത്തിലെ പ്രചാരണത്തിനായി സോണിയാഗാന്ധിയെയും പ്രിയങ്കാഗാന്ധിയെയും എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."