ഒഴുക്കില്‍ പെട്ട് കാണാതായ യുവാവിന് വേണ്ടി തിരച്ചില്‍ ഊര്‍ജിതം
കുന്നംകുളം: കേച്ചേരി ചൂണ്ടല്‍ ചിറപറമ്പ് തോട്ടില്‍ ഒഴിക്കില്‍ പെട്ട് കാണാതായ യുവാവിനുവേണ്ടി തിരച്ചില്‍ ഊര്‍ജിതം. ചൂണ്ടല്‍കുന്ന് മേലൂട്ട് വീട്ടില്‍ രമണന്റെ മകന്‍ രാഹുലിനെ (22)യാണ് കാണാതായത്. ഞായാറാഴ്ച വൈകിട്ട് കൂട്ടുക്കാര്‍ക്കൊപ്പം തോടിന് സമീപത്ത് എത്തിയ രാഹുല്‍ പാലത്തിന്റെ കൈവരിയില്‍ ഇരിക്കുന്നതിനിടെ തോട്ടിലേക്ക് വിഴുകയായിരുന്നു.
അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്ന് രാഹുലിന്റെ ഒരു കാല്‍ ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുറിച്ച് മാറ്റിയിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കള്‍ തോട്ടിലേക്ക് ചാടിയെങ്കിലും ശക്തമായ അടിയൊഴുക്കുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായില്ല. കൂട്ടുക്കാരുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുക്കാര്‍ പൊലിസിലും ഫയര്‍ഫോഴ്‌സിലും വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്ത് എത്തുകയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു.
നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായെങ്കിലും മൂന്ന് മണിക്കൂറോളം നീണ്ട പ്രയത്‌നം ഫലം കണ്ടില്ല. നേരം ഇരുട്ടിയതോടെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരികയായിരുന്നു. തിങ്കളാഴ്ച രാവിലെയോടെ തിരച്ചില്‍ പുനരാരംഭിച്ചു. കുന്നംകുളത്ത് നിന്നുള്ള രണ്ട് യൂനിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് മുങ്ങല്‍ വിദഗ്ധരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.
കനത്ത മഴയും തിരച്ചിലിന് തടസമാണ്. രണ്ട് വര്ഷം മുന്പുണ്ടായ സമാന സംഭവത്തില്‍ കൂന്പുഴയില്‍ നിന്നായിരുന്നു മൃദദേഹം കണ്ടെത്തിയത്. ത്രിശൂരില്‍നിന്ന് മുങ്ങല്‍ വിദഗ്ധരെത്തി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ യു.കെ ഷാജഹാന്‍, ഫയര്‍ ഓഫിസര്‍ വിശ്വനാഥ്, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് കരീം, ജനപ്രതിനിധികളായ കെ.പി രമേഷ്, എം.ബി പ്രവീണ്‍, എം.കെ ആന്റണി, ഷീജ അശോകന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.സി ശ്രീകുമാര്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി ടി.പി റാഫേല്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."