കഥാകാരനിറങ്ങിയ കഥവീട്
എന്തൊരു കോലമാണിത്. എനിക്കു സങ്കടം തോന്നി. എന്നെ കണ്ടതും കട്ടിലില്‍ കൈകളൂന്നി മെല്ലെ എഴുന്നേറ്റ് ചുമരുപറ്റിയിരുന്നു അവന്‍.
എന്താണ് ചോദിക്കുക?
മരണത്തിന്റെ ആള്‍രൂപമായി മാറിക്കൊണ്ടിരുന്ന ഒരാളോട് എങ്ങനെയാണ് സുഖമല്ലേ എന്നു ചോദിക്കുക?
ഡോക്ടര്‍ എന്താണ് പറഞ്ഞത്?
അവന്‍ അവളുടെ മുഖത്തേക്കുനോക്കി.
ജീവിതത്തിന്റെയും മരണത്തിന്റെയും സൂക്ഷിപ്പുകാരി അവളാണെന്ന ഭാവം ആ നോക്കിലുണ്ടായിരുന്നു.
ഒന്നുരണ്ടു ടെസ്റ്റുകൂടി ഉണ്ടത്രെ. നാളെയോ മറ്റന്നാളോ പോകാനാവൂന്ന് പറയുന്നുണ്ട്.
അവന്‍ ചിരിച്ചു.
മോണയില്‍ പറ്റിപ്പിടിച്ച മഞ്ഞപ്പൂപ്പലും പല്ലുകളെ മൂടിത്തുടങ്ങിയ കറുപ്പും ഞാന്‍ കണ്ടു. അവന്റെ ചിരിയില്‍ ചിരി മാത്രമുണ്ടായിരുന്നില്ല. നിഷ്‌ക്കളങ്കമായ അവന്റെ ചിരി ഇനി എന്നാണ്?
എന്റെ വയസാണവന്.
എന്നിട്ടും അവനെത്രവേഗം വയസ്സായി? അവനിപ്പോള്‍ 90കാരന്റെ മണമാണ്. ഒരുതരം മനം പിരട്ടുന്ന വായില്‍ അറപ്പിന്റെ നീരുളവാക്കുന്ന വയസ്സന്റെ മണം.
ഞാന്‍ അവന്റെ കൈകള്‍ കൂട്ടിപ്പിടിച്ചു.
വല്ലാത്ത തണുപ്പ്.
എനിക്കു വിയര്‍ക്കാന്‍ തുടങ്ങി. അവനറിയുന്നില്ലല്ലോ മരണത്തിന് തൊട്ടുമുന്‍പുള്ള മനുഷ്യന്റെ ചൂര്. വെളിച്ചംകെട്ട അവന്റെ കണ്ണുകള്‍ കണ്ണീരുകൊണ്ടു തിളങ്ങി.
(മരണം മേയുന്നിടം അശ്രഫ് ആഡൂര്)
എഴുത്തിനെ മാത്രം സ്വപ്നം കണ്ട ആ പച്ച മനുഷ്യന്‍ മരണത്തിനു തൊട്ടു മുന്‍പുള്ള അനുഭവം ഇതുപോലെ രേഖപ്പെടുത്തിവച്ചായിരുന്നു ആ മഴ നനയാന്‍ പോയത്. ജീവനുണ്ടായിട്ടും ജീവിതമില്ലാതെ നാലര വര്‍ഷത്തോളമായി ഒരേ കിടപ്പിലായിരുന്നു പിന്നീട് അയാള്‍. അതില്‍പിന്നെ അശ്രഫിനെ കാണാന്‍ ധാരാളമാളുകള്‍ വന്നു. അവര്‍ മരണം മണക്കുന്ന അയാളുടെ വീടും ശരീരവും കണ്ട് കടുത്ത വേദനയോടെ തിരിച്ചുമടങ്ങി. അവര്‍ക്കെല്ലാം വേണ്ടിയാകണം നേരത്തെ തന്നെ ഇതുപോലൊരു കഥ അയാള്‍ എഴുതിവച്ചത്. മരണം മണക്കുന്ന വീടെന്ന് മറ്റൊരു കഥാ സാമാഹാരത്തിനു പേരിട്ടത്. മരിച്ചവന്റെ വേരുകളെക്കുറിച്ച് ഏറെ വ്യാകുലപ്പെട്ടത്. മരണത്തെ ഇത്രമേല്‍ സ്‌നേഹിച്ച, മരണത്തെ മഴയുടെ വിഷാദ സംഗീതം കൊണ്ട് സുന്ദരമായ കഥകളിലൂടെ വായിപ്പിച്ച ഈ എഴുത്തുകാരന്‍ ഇന്നു നമ്മോടൊപ്പമില്ല. കണ്ണൂര്‍ കാടച്ചിറയിലെ കഥാ വീട്ടില്‍ നിന്ന് പിന്നീടയാള്‍ ഉണര്‍ന്നതേയില്ല. ജീവിതത്തിന്റെ ദുരന്താത്മകതയില്‍ അലിഞ്ഞില്ലാതാവുകയായിരുന്നു.
മരിച്ചവന്റെ വേരുകളും മരണം മണക്കുന്ന വീടും പെരുമഴയിലൂടെ ഒരാളും കുഞ്ഞാമന്റെ പുതപ്പും കരഞ്ഞു പെയ്യുന്ന മഴയും അവയില്‍ ചില ഉദാഹരണങ്ങള്‍. അക്ഷരങ്ങളറിയാത്ത ഉമ്മയാണല്ലോ അയാളെ എഴുത്തുകാരനാക്കിയത്. അതുകൊണ്ടാകണം പട്ടിണിയുടെ പാഠങ്ങളില്‍ നിന്ന് വേദനയുടെ ഇരുണ്ട ആകാശം നോക്കി അയാള്‍ കഥകള്‍ പറഞ്ഞു തുടങ്ങിയത്. ഓരോ മഴത്തുള്ളിയും ഓരോരോ ആത്മഹത്യകളാണെന്നയാള്‍ പറഞ്ഞുവച്ചത്. പ്രിയപ്പെട്ടതിനെയൊക്കെയും ഭൂമിയില്‍ ഉപേക്ഷിച്ച് സ്വര്‍ഗത്തില്‍ കൂടുവെച്ച കുറേ ആത്മാക്കളുടെ പൊട്ടിക്കരച്ചിലായി ഓരോ മഴയെയും നിര്‍വചിച്ചത്. വേദന തിന്നാന്‍ മാത്രം വിധിക്കപ്പെട്ട ആമിനയും അനന്തുവും ആമിനയുടെ ആടും മറ്റനേകം കഥാപാത്രങ്ങളും ആ ദുരന്തങ്ങളുടെ വെയില്‍ തിന്നത്. വേദനകളുടെ കടലും ചിരിയുടെ അമിട്ടും ചിന്തകളുടെ ചിന്തുകളും ആ കഥകളില്‍ നിറഞ്ഞത്. എഴുതിയതിലേറെയും സാധാരണക്കാരുടെ കഥകളായിരുന്നു. അവയിലെ കഥാപാത്രങ്ങള്‍ മണ്ണില്‍ വേരൂന്നുകയും കൊടുംവെയിലില്‍ വാടിപ്പോകുകയും ചെയ്തവരുടെ പ്രതിനിധികളുമായിരുന്നു.
അതുകൊണ്ടുതന്നെയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ടി. പത്മനാഭന്റെ വീട്ടിലെത്തിയ കഥ അശ്രഫ് അഭിമാനത്തോടെ ഓര്‍മിക്കുന്നത്. പുസ്തകം വാങ്ങി മറിച്ചു നോക്കിയശേഷം അദ്ദേഹം പുസ്തകത്തിന്റെ വില നല്‍കുകയും ചെയ്തു. നൂറ് രൂപ നല്‍കി ബാക്കി വേണ്ടെന്ന് പറഞ്ഞ ആ കഥാകാരന്‍ ആ വര്‍ഷമിറങ്ങിയ ഓണപ്പതിപ്പുകളിലൊന്നില്‍ അശ്രഫിന്റെ കഥകളെക്കുറിച്ച് വാചാലമാവുകയും ചെയ്തു. അശ്രഫ് ആഡൂര് എന്ന ചെറുപ്പക്കാരന്‍ അടുത്ത കാലത്ത് നല്ല ഒന്നാന്തരം കഥകള്‍ എഴുതിയിട്ടുണ്ട് എന്നായിരുന്നു ആ വാക്കുകള്‍. മറ്റൊരിക്കല്‍ ചലച്ചിത്ര സംവിധായകന്‍ ബ്ലസി ഫോണില്‍വിളിച്ച് പുസ്തകത്തിലെ മുഴുവന്‍ കഥകളെക്കുറിച്ചും സംസാരിച്ചതും സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനും ഇടയിലെ അനുഭവമായാണ് അശ്രഫ് ഓര്‍മിച്ചിരുന്നത്.
അതിജീവനത്തിന്റെ കരുത്തായിരുന്നു അശ്രഫിന് എന്നും എഴുത്ത്. അക്ഷരങ്ങള്‍ കൂട്ടില്ലായിരുന്നുവെങ്കില്‍ താന്‍ എന്നേ ആത്മഹത്യ ചെയ്യുമായിരുന്നുവെന്നും അത്രയേറെ ഭാരം ഇറക്കിവച്ചിട്ടുണ്ടെന്നും അശ്രഫ് നേരത്തെ പറഞ്ഞുവച്ചിട്ടുണ്ട്. അയാളുടെ മനസില്‍ മരിക്കുമ്പോഴും അനേകം കഥകളുണ്ടാകണം. കടലാസില്‍ പകര്‍ത്തിയെഴുതാന്‍ കഴിയാത്ത കഥകള്‍, എഴുത്തില്‍ അശ്രഫ് ഒറ്റയ്ക്കായിരുന്നു. ഏറെ മുന്നൊരുക്കവും വ്രതശുദ്ധിയുള്ള മനസും ഉണ്ടായാലേ അയാള്‍ക്ക് എഴുത്തു പൂര്‍ത്തിയാകുമായിരുന്നുള്ളൂ. വീട് ഉറങ്ങുമ്പോഴായിരുന്നു അയാള്‍ ഉണര്‍ന്നിരുന്നത്. എഴുത്തിന്റെ ഭാരം ആരുമറിയരുതെന്നത് അശ്രഫിന്റെ നിര്‍ബന്ധങ്ങളിലൊന്നായിരുന്നു.
എഴുതിയും കഥപറഞ്ഞും കടന്നുപോയ അശ്രഫിന്റെ ജീവിതം പെട്ടെന്നാണ് രോഗശയ്യയിലായത്. ആറ് കഥാസമാഹാരങ്ങള്‍, മുപ്പതിലേറെ പുരസ്‌കാരങ്ങള്‍, നിരവധി ഡോക്യുമെന്ററി രചനകള്‍, ഇവയെല്ലാം നിര്‍വഹിച്ച അശ്രഫിന് എഴുത്തില്ലാതെ ജീവിതമില്ലായിരുന്നു. എപ്പോഴും എഴുത്തിനെക്കുറിച്ചായിരുന്നു അയാളുടെ സംസാരം. മഹാസമുദ്രത്തെ കൈക്കുമ്പിളിലൊതുക്കുന്ന കരവിരുതിലൂടെ വലിയ ലോകം സൃഷ്ടിച്ച മിനിക്കഥയിലായിരുന്നു തുടക്കം. തുടര്‍ന്ന് നീണ്ട കഥകള്‍ എഴുതാന്‍ തുടങ്ങി. രോഗം കീഴ്‌പ്പെടുത്തുന്നതിന്റെ തലേ ആഴ്ചയില്‍പോലും നോവലെഴുത്തിനെക്കുറിച്ചും സുഹൃത്തുക്കളുമായി സംസാരിച്ചു.
അശ്രഫിന്റെ ഹാജറ
അതില്‍പിന്നെ അഷ്‌റഫിന്റെ ഭാര്യ ഹാജറ പുറം ലോകം കണ്ടിട്ടില്ല. ഒരിടത്തേക്കും പോയിട്ടില്ല. കുടുംബത്തിലോ അയല്‍പക്കത്തോ ആരെങ്കിലും മരിച്ചാലും ജനിച്ചാലും പോയില്ല. കല്യാണവും സല്‍ക്കാരവും ആഘോഷവും ആനന്ദവും ഒന്നും അവര്‍ അറിഞ്ഞില്ല. അശ്രഫിന്റെയരികില്‍ നോക്കി നോക്കി ഇരുന്നു, കണ്ണുറങ്ങുമ്പോഴും കരളുറങ്ങാതെ, ഒരു പ്രാര്‍ഥനപോലെ അയാളെ പരിചരിച്ചു. അയാളുടെ ജീവിതത്തിന്റെയും മരണത്തിന്റെയും സൂക്ഷിപ്പുകാരി പിന്നീട് അവരായി. ഇതിനിടയില്‍ അവര്‍ക്കും രോഗം വന്നു. കണ്ണിനു തിമിരം ബാധിച്ചു. കാഴ്ചകളെ തിമിരം മറയ്ക്കാനും മായ്ക്കാനും തുടങ്ങി. ഓപ്പറേഷന്‍ ചെയ്യണമെന്ന് ഡോക്ടര്‍ നിര്‍ബന്ധിച്ചു. എന്നിട്ടും അവര്‍ കേട്ടില്ല.
ഞാന്‍ ഒരീസം വിട്ടു നിന്നാല് ഓര്‌ടെ കാര്യമെന്താകും? എന്നാണവര്‍ ഓപ്പറേഷന് പോകാന്‍ നിര്‍ബന്ധിച്ച ഭര്‍ത്താവിന്റെ സുഹൃത്തും നാട്ടുകാരനും എഴുത്തുകാര
നുമായ ഇയ്യ വളപട്ടണത്തോട് ചോദിച്ചത്. എത്ര പറഞ്ഞിട്ടും കേട്ടില്ല, അവസാനം അയാള്‍ അവരോട് തിരിച്ചുചോദിച്ചു. നിന്റെ കണ്ണ് പോയാല്‍ പിന്നെ എങ്ങനെയാ നീ അശ്രഫിനെ നോക്കുക?
ആ ചോദ്യത്തിനു മുമ്പില്‍ ഉത്തരം മുട്ടിയപ്പോഴാണ് അവര്‍ വീട്ടില്‍ നിന്ന് ഓപ്പറേഷനുവേണ്ടി ഇറങ്ങിയത്.
ഇടവിട്ട സമയങ്ങളില്‍ അശ്രഫിനുവേണ്ട ഭക്ഷണം നല്‍കണം. അതും ജ്യൂസായി ട്യൂബില്‍കൂടി കൊടുക്കണം. തൊണ്ടയില്‍ നിന്നും കഫം കെട്ടിക്കിടക്കുന്നതു വലിച്ചെടുക്കണം. മെഷീനിന്റെ സഹായത്തോടെയാണത് ചെയ്യേണ്ടത്. ഇടക്കിടെ പരിയാരം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയി ട്യൂബ് മാറ്റിയിടണം. ഹാജറയും മകന്‍ ആദിലുമാണ് അതിനായി ആംബുലന്‍സില്‍ കൊണ്ടുപോയിരുന്നത്. അശ്രഫ് കിടന്നിരുന്ന മുറിയില്‍ കയറുമ്പോള്‍, അയാളുടെ കിടപ്പു കണ്ടവര്‍ക്ക് ഭാര്യയുടെ ശ്രുശൂഷയുടെ മഹത്വം മനസ്സിലാകും. ജാഗ്രതയോടെ ഭര്‍ത്താവിനെ പരിചരിക്കുന്ന ഹാജിറയെ ബന്ധുക്കളും അയല്‍ക്കാരും കാണാറുണ്ട്.
പക്ഷേ, ആ വീടെപ്പോഴും ഉറക്കത്തിലായിരുന്നു. അയാള്‍ ഉണരുന്നതും എഴുതിത്തുടങ്ങുന്നതും കാത്ത്. ഒരു അത്ഭുതം സംഭവിക്കുന്നതും നോക്കിയായിരുന്നു ആ വീടും അയാളുടെ കൂട്ടുകാരും ഇരിന്നിരുന്നത്. പക്ഷേ അയാള്‍ ഉണരാനായിരുന്നില്ല ഉറങ്ങിയതെന്ന് ഇപ്പോള്‍ അവരെല്ലാവരും തിരിച്ചറിയുന്നു.
2015 ഫെബ്രുവരിയില്‍ കണ്ണൂരിലെ ആശുപത്രിയില്‍ അശ്രഫിനെ അഡ്മിറ്റ് ചെയ്തത് തളര്‍ന്ന് ഇരുന്നുപോയത് കൊണ്ടായിരുന്നു. കൈ ഉയര്‍ത്താനും സ്വിച്ച് ഇടാനും കഴിയുന്നില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് സുഹൃത്ത് ഇയ്യയെ വിളിച്ച് അശ്രഫ് കാര്യം പറഞ്ഞപ്പോള്‍ അന്നേരം തന്നെ ആശുപത്രിയില്‍ ഇയ്യ ചെന്നു കണ്ടു.
പ്രഷറായിരുന്നു. നാളെ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. രാത്രിയും ഇയ്യ അയാളെ
കണ്ടു.
ശനിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ഇയ്യ അശ്രഫിനെ ഫോണില്‍ വിളിച്ചത് വളപട്ടണം പുഴയില്‍ ആരോ ചാടി എന്ന വിവരം പറയാനായിരുന്നു.
പത്ത് മണിക്കാണ് അശ്രഫിന്റെ മകന്‍ ഇയ്യയെ വീണ്ടും വിളിച്ചുപറയുന്നത്. ഉപ്പയെ ഐ.സി.യുവിലേക്ക് കൊണ്ടുപോയി എന്ന്. തലയിലെ കോശങ്ങള്‍ നശിക്കുന്ന അപൂര്‍വരോഗമാണെന്നാണ് വളരെ വൈകി വൈദ്യശാസ്ത്രം പറഞ്ഞത്. ആദ്യം അഡ്മിറ്റ് ചെയ്ത ആശുപത്രിയിലെ ഡോക്ടര്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നുവെങ്കില്‍?
മംഗലാപുരം ആശുപത്രിയിലേക്ക്, ബാംഗ്ലൂര്‍ നിഹാന്‍സിലേക്ക്, ബാംഗ്ലൂര്‍ സത്യസായി ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റല്‍, ശ്രീചിത്തിര എന്നിവിടങ്ങളിലും ചികിത്സകള്‍, ടെസ്റ്റുകള്‍... എല്ലാവരും കൈമലര്‍ത്തി. ആയുര്‍വേദവും ഹോമിയോയും യുനാനിയും അക്യുപങ്ചറും പരീക്ഷിച്ചു.
കഥവീട് ജനിച്ചതിങ്ങനെ
പാവപ്പെട്ട കുടുംബത്തിന്റെ നാഥനായിരുന്നു
അശ്രഫ്. കയറിക്കിടക്കാന്‍ നല്ലൊരുവീടുണ്ടായിരുന്നില്ല. തുടര്‍ന്നാണ് സുഹൃത്തുക്കളും നാട്ടുകാരും വീട് നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. അശ്രഫിന്റെ തിരഞ്ഞെടുത്ത കഥകള്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ച് വില്‍പ്പന നടത്തി. നല്ല മനുഷ്യരുടെയും അക്ഷരസ്‌നേഹികളുടെയും സഹായവും കഥവീടിന് ശിലപാകി. തിരഞ്ഞെടുത്ത കഥകളുടെ ആറ് പതിപ്പാണ് പുറത്തിറങ്ങിയത്. അനക്കമറ്റ ശരീരവുമായി അശ്രഫ് കാടച്ചിറയിലെ കഥാവീട്ടില്‍ നാലര വര്‍ഷമാണ് ഒരേ കിടപ്പ് തുടര്‍ന്നത്. സ്ഥിരം കാണുന്നവര്‍ വീട്ടിലെത്തിയാല്‍ ഒരു നോട്ടം നല്‍കുമെന്നുമാത്രം. മറ്റൊരു പ്രതികരണവും ഇല്ല.
കോണ്‍ക്രീറ്റ് പണിയില്‍നിന്ന് പ്രാദേശിക ചാനല്‍ ജോലിയിലേക്ക് കയറി. മുതിര്‍ന്ന മകന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്ന സമയത്തായിരുന്നു രോഗം കീഴടക്കിയത്. അശ്രഫ് പറയുന്നത് കണ്ണുകള്‍ കൊണ്ടും ചുണ്ടുകള്‍ കൊണ്ടും നോക്കി ഇരിക്കവേ, ഓരോ പ്രാവശ്യം കാണുമ്പോഴും കണ്ണുകളില്‍ കാണുന്ന പിടക്കല്‍ തിരിച്ചുവരവിന്റേതാണെന്ന വിശ്വാസമായിരുന്നു ബന്ധുക്കള്‍ക്ക് നല്‍കിയത്. പക്ഷേ എല്ലാ പ്രതീക്ഷകളെയും തകിടം മറിച്ച്, എല്ലാ പ്രാര്‍ഥനകളെയും വിഫലമാക്കി ആ കഥാകാരന്‍ യാത്രപോയിരിക്കുന്നു. എങ്കിലും അയാള്‍ ബാക്കിയാക്കിയ കഥകളും ആ വിഷാദ നദിയുടെ ഒഴുക്കും നിലച്ചിട്ടില്ല. നിലക്കുകയുമില്ല.
വീടിനുമുറ്റത്ത് കീറപ്പായയില്‍ പൊതിഞ്ഞ് കെട്ടിയ ഒരു ശവം. ശവത്തിനരികെ ഏങ്ങലടിക്കുന്ന ഒരു കുഞ്ഞ്. കരഞ്ഞു തളര്‍ന്നുപോയ അനിയത്തിമാരെ കൂട്ടിപ്പിടിച്ച് പൊട്ടിക്കരയുന്ന ഒരേട്ടന്‍. അയാള്‍ പിടഞ്ഞുപോയി. വേദന തലച്ചോറിനകത്ത് പൊട്ടിത്തെറിക്കുമെന്നായപ്പോള്‍ അയാള്‍ മറിഞ്ഞുവീണു. വീഴ്ചയിലും അയാള്‍ ആദാമിന്റെ വിലാസം നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നു.
(മരണം മണക്കുന്ന വീട്- അശ്രഫ് ആഡൂര്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."