മുഖ്യമന്ത്രി ഡോണ്‍: കെ.എം ഷാജി
കണ്ണൂര്‍: വടക്കെ ഇന്ത്യയിലെ അധോലോക സംഘത്തലവന്‍മാരെ പോലുള്ള ഡോണാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നു മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പര്യത്തില്‍ നടന്ന ലോക കേരള സഭയ്ക്കു പിന്നിലെ കള്ളക്കടത്ത് താല്‍പര്യം അന്വേഷിക്കണം. ലോക കേരളസഭയിലെത്തിയവര്‍ കൊണ്ടുവന്ന സാധനങ്ങളെയും കൊണ്ടുപോയ സാധനങ്ങളെയും കുറിച്ച് വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാഫിയാ വലയത്തിലാണ്. കഴിഞ്ഞ 20 വര്‍ഷമായി പിണറായി വിജയനു മാഫിയകളുമായും വ്യവസായ പ്രമുഖരുമായും മാത്രമാണു ബന്ധം. മന്ത്രിയായിരുന്നപ്പോള്‍ ലാവ്‌ലിന്‍, പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ വിവാദമായ സിങ്കപ്പൂര്‍ യാത്രയും വെടിയുണ്ട കണ്ടെത്തിയ സംഭവവും വിവാദ വ്യവസായിയുമായുള്ള ബന്ധവും, ഇപ്പോള്‍ മുഖ്യമന്ത്രിയായപ്പോള്‍ സ്പ്രിംഗ്ലര്‍ മുതല്‍ കള്ളക്കടത്ത് വരെ നീളുന്നു.
സ്വപ്നയെ ഒളിപ്പിച്ചിരിക്കുന്നതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. സ്വര്‍ണ കള്ളക്കടത്ത് കേസ് തെളിയിക്കാന്‍ എം. ശിവശങ്കര്‍, മുഖ്യമന്ത്രിയുടെ ഓഫിസിലെ സ്റ്റാഫ് രവീന്ദ്രന്‍, മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ്, എ. സമ്പത്ത് എന്നിവരെ ചോദ്യം ചെയ്താല്‍ തെളിവുകള്‍ ലഭിക്കുമെന്നും കെ.എം ഷാജി പറഞ്ഞു.
സ്വപ്നയെ ഒളിപ്പിച്ചത്
അഞ്ച് പൊലിസുകാര്‍
ചേര്‍ന്ന്: തിരുവഞ്ചൂര്‍
രാധാകൃഷ്ണന്‍
കോട്ടയം. സ്വര്‍ണ തട്ടിപ്പ് കേസ് പ്രതി സ്വപ്നയെ ഒളിപ്പിച്ചത് അഞ്ച് പൊലിസുകാര്‍ ചേര്‍ന്നാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഇവരുടെ പേരുകള്‍ ഇപ്പോള്‍ പുറത്തു വിടുന്നില്ല. എങ്കിലും താമസിയാതെ ഇത് വെളിപ്പെടുത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസിലെ കൊള്ളസംഘമാണ് മുഖ്യമന്ത്രിയുടെ ഓഫിസ് വളഞ്ഞിരിക്കുന്നത്. ഇവരുടെ നടുവില്‍ ഇരുന്നുകൊണ്ടാണ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി സാരോപദേശം നല്‍കുന്നത്. സ്വപ്നയെ ഒളിപ്പിച്ചത് പൊലിസുകാര്‍ തന്നെയാണെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു. പിണറായിയേയും മറ്റു ചിലരെയും സംരക്ഷിക്കാന്‍ ഉദ്ദേശിച്ച് ചില തല്‍പ്പര കക്ഷികളാണ് സ്വപ്നയെ ഒളിപ്പിച്ചത്. സ്വര്‍ണക്കടത്തിനെ പറ്റി സി.ബി.ഐ അന്വേഷിക്കണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്തുമായി
ബന്ധം ബി.ജെ.പിക്ക്:
മന്ത്രി ഇ.പി
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എല്‍.ഡി.എഫിനെ കരിവാരിത്തേക്കാന്‍ ചിലര്‍ ശ്രമം നടത്തുന്നതായി മന്ത്രി ഇ.പി ജയരാജന്‍. സ്വര്‍ണക്കടത്തുമായി ബി.ജെ.പിക്കാണ് ബന്ധം.
കുറ്റവാളികള്‍ക്കെതിരേ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മന്ത്രി പറഞ്ഞു.
കേസില്‍ കുറ്റക്കാരനെന്ന് കസ്റ്റംസ് കണ്ടെത്തിയ സന്ദീപ് നായര്‍ക്ക് ബി.ജെ.പിയുടെ ഉന്നത നേതൃത്വവുമായി ബന്ധമുണ്ട്. ഇതു തെളിയിക്കുന്ന ചിത്രങ്ങളും പുറത്തു വന്നു.
സ്വര്‍ണക്കള്ളക്കടത്തുകാരനെ സംരക്ഷിക്കാനുള്ള ശ്രമം പ്രതിപക്ഷം നടത്തുന്നുവെന്നും ഇ.പി ജയരാജന്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."