സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിക്ക് എല്ലാം അറിയാം
തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് അറിയാമായിരുന്നെന്നും അദ്ദേഹം ആ സ്ഥാനത്തിരുന്നാല്‍ കൃത്യമായ അന്വേഷണം നടക്കില്ലെന്നും തല്‍സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ഘടകകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയതിനു ശേഷമാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന യു.ഡി.എഫ് ആവശ്യം ചെയര്‍മാന്‍കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചത്.
സ്വര്‍ണക്കടത്തു കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെ നിയമിച്ചത് സര്‍ക്കാരല്ലെന്നും സര്‍ക്കാരുമായി ഒരു ബന്ധവുമില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ അവകാശവാദങ്ങളെ തള്ളുന്ന തെളിവുകളും ചെന്നിത്തല പുറത്തുവിട്ടു. സ്വപ്ന സുരേഷിനെ അറിയില്ലെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ കഴമ്പില്ലെന്നും കള്ളക്കടത്തു കേസ് പ്രതികളെ രക്ഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ശ്രമിച്ചെന്നും ചെന്നിത്തല ആരോപിച്ചു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള സയന്‍സ് ആന്‍ഡ് ടെക്‌നോളജി വകുപ്പിലാണ് സ്വപ്ന ജോലി ചെയ്തിരുന്നത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആസൂത്രകയും പങ്കെടുക്കേണ്ടവര്‍ക്ക് ക്ഷണക്കത്ത് അയച്ചതും സ്വപ്നയായിരുന്നു. ഈ പരിപാടിയില്‍ മുഖ്യമന്ത്രി നാല് മണിക്കൂറോളം പങ്കെടുക്കുകയും ചെയ്തു. ആദ്യമായി സംഘടിപ്പിക്കപ്പെട്ട കോണ്‍ഫറന്‍സിന്റെ മുഖ്യ സംഘാടകയെ അറിയില്ലെന്ന് മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയുമോയെന്നു ചോദിച്ച ചെന്നിത്തല ഈ പരിപാടിയുടെ ഫോട്ടോകളും പുറത്തുവിട്ടു.
മുഖ്യമന്ത്രി കണ്ണടച്ച് പാലുകുടിക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫിസിനെക്കൂടി സി.ബി.ഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.
വിമാനത്താവളത്തില്‍നിന്നു കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പിടികൂടുന്നതിന് സംസ്ഥാന പൊലിസിന് പങ്കില്ലേയെന്നു ചോദിച്ച ചെന്നിത്തല പൊലിസ് കുറ്റകരമായ മൗനം പാലിക്കുകയാണെന്ന് ആരോപിച്ചു.
പൊലിസിന്റെ സഹായത്തോടെയാണ് ഇക്കാര്യങ്ങള്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായിരുന്ന ശിവശങ്കര്‍ നിരവധി കത്തുകള്‍ പൊലിസിന് എഴുതിയിട്ടുണ്ട്. ആ കത്തുകള്‍ പുറത്തുവിടണം. ഐ.ടി ഉള്‍പ്പെടെയുള്ള മുഖ്യമന്ത്രിയുടെ വകുപ്പുകളില്‍ അവിശുദ്ധമായ ഇടപെടലുകള്‍ നടന്നു.
അഴിമതി ആരോപണങ്ങളുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫിസായിരുന്നു. സര്‍ക്കാര്‍ വാഹനത്തില്‍ സ്വര്‍ണം കടത്തിയിരുന്നു എന്ന വാര്‍ത്തകളുടെ സത്യവും അന്വേഷണത്തിലൂടെ കണ്ടെത്തമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."