എഴുത്തുകാരന്‍ അപ്‌ഡേറ്റഡ് ആവണം
രണ്ടായിരമാണ്ടിനു ശേഷം, മലയാള ചെറുകഥകളില്‍, സാമ്പ്രദായിക രീതികളെ പൊളിച്ചെഴുതുന്ന രീതിയിലുള്ള ആവിഷ്‌കാരങ്ങളും, പ്രചരണ രീതികളും പ്രത്യക്ഷപ്പെട്ടു തുടങ്ങി എന്ന് പല നിരീക്ഷകരും വായനക്കാരും വിലയിരുത്തുന്നുണ്ട്. അതിവേഗം സ്വയം നവീകരിക്കാന്‍ പ്രാപ്തരായ കഥാകൃത്തുക്കള്‍, വായനക്കാരെ തീരെ നിരാശരാക്കിയില്ല. അല്ലാത്തവര്‍ പതിയെ തിരസ്‌കരിക്കപ്പെടുകയും ചെയ്യുന്നതായി കാണാം. എം. മുകുന്ദന്‍, പുനത്തില്‍, സാറാ തോമസ്, സക്കറിയ, സേതു എന്നിവരുടെ തലമുറയില്‍ നിന്നും ബി. മുരളി, സി.വി തുടങ്ങിയവരിലൂടെ, മീര, സുഭാഷ്, സന്തോഷ് എച്ചിക്കാനം എന്നിവരുടെ തലമുറയിലേയ്ക്ക് എത്തിയപ്പോഴേക്കും ഉണ്ടായ മാറ്റങ്ങളെ പുതുതലമുറയില്‍ പെടുന്ന ഒരു കഥാകൃത്ത് എന്ന നിലയില്‍ എങ്ങിനെ നിരീക്ഷിക്കുന്നു.?
കഥയുടെ ഭാവത്തിലും രൂപത്തിലുമുണ്ടായിട്ടുള്ള മാറ്റങ്ങളെ വളരെ കൗതുകത്തോടെ വായിച്ചിട്ടുണ്ട്. രണ്ടായിരത്തിനു ശേഷം മലയാള കഥയിലുണ്ടായിട്ടുള്ള ഏറ്റവും മികച്ച മുന്നേറ്റം എസ്. ഹരീഷിലൂടെയായിരുന്നു. സമകാലീന മലയാള കഥയുടെ ആഖ്യാനത്തെ നവീകരിക്കുകയും പുനര്‍നിര്‍ണയിക്കുകയും ചെയ്ത കഥാകൃത്താണ് എസ്. ഹരീഷ്. വിനോയ് തോമസും ഫ്രാന്‍സിസ് നൊറോണയും അജിജേഷ് പച്ചാട്ടുമെല്ലാം എഴുത്തില്‍ സജീവമായതോടെ കഥയില്‍ വലിയ ഒരുണര്‍വുണ്ടായി. പക്ഷേ, ഇപ്പോഴുള്ളതില്‍നിന്നു വ്യത്യസ്തമായൊരു ഭാവുകത്വത്തിലേക്ക് മലയാള കഥ ചെന്നെത്തും എന്നുതന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്. അതിലേക്കെത്താനുള്ളൊരു ട്രാന്‍സിഷന്‍ പിരിയഡാണ് ഇത്. ഇതു കടന്നാല്‍ തീര്‍ത്തും പുതിയൊരു കഥാലോകം നമുക്കു മുന്നില്‍ അവതരിപ്പിക്കപ്പെടും.
ഒരു സ്ത്രീ എഴുതുന്നു എന്നത് കൊണ്ട് മാത്രം, മഹത്വവല്‍ക്കരിക്കപ്പെടുന്നു എന്ന് ചില വാദങ്ങള്‍ പലപ്പോഴും നടന്നിട്ടുള്ളത് ശ്രദ്ധിച്ചിട്ടുണ്ടാകുമല്ലോ? മലയാളത്തിലെ സ്ത്രീ എഴുത്തുകാരെപ്പറ്റി ചോദിക്കട്ടെ. സ്വത്വ പ്രതിസന്ധി നേരിടുന്ന, സ്ഥാപിക്കപ്പെട്ട മേല്‍ക്കോയ്മകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന എഴുത്തുകള്‍ക്ക്, മലയാളത്തിലെ, സമകാലികരായ പുരുഷ എഴുത്തുകളോടും കൂടി പൊരുതേണ്ടി വന്നിട്ടുണ്ടോ, പൊരുതേണ്ട സാഹചര്യം ഇപ്പോഴും ഉണ്ടോ?
നമ്മള്‍ ജീവിക്കുന്നത് ഒരു മെയില്‍ ഷോവനിസറ്റ് സമൂഹത്തില്‍തന്നെയാണ്. അതിന് യാതൊരു മാറ്റവും വന്നിട്ടില്ല. ഫെയ്‌സ്ബുക്കിലും പ്രിന്റിലും തുറന്നെഴുതുന്ന സ്ത്രീകളെ ക്രൂരമായ വെര്‍ബല്‍ റേപ്പിന് ഇരയാകുന്നുണ്ട്. അവരുടെ കുടുംബങ്ങള്‍ ഭീഷണി നേരിടുന്നുണ്ട്. പരിഹാസങ്ങവും ബോഡി ഷെയ്മിങ്ങും വരെ ഏറ്റുവാങ്ങാറുണ്ട്. പുതിയ കാലത്തും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന മാനസികാവസ്ഥയിലേക്ക് പുരുഷ സമൂഹം എത്തിയിട്ടില്ല. പക്ഷേ, അതിനെയൊന്നും കൂസാതെ എഴുതുന്ന ഒരുപറ്റം സ്ത്രീകള്‍ ഇവിടെയുണ്ട്. അത് വലിയൊരു പ്രതീക്ഷയാണ്. മാറ്റത്തിന്റെ തുടക്കമാണ്.
രണ്ടോ മൂന്ന് ടൈപ്പ് ബൈബിളുകളും, വലിയൊരു ശബ്ദതാരാവലിയും മാത്രമുള്ള വീട്ടിലെ പുസ്തക ശേഖരം വിട്ട്, വായനശാലയുടെ വിശാലമായ ലോകത്തിലേയ്ക്ക് ചേക്കേറിയത്, എഴുത്തു ജീവിതത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് പരാമര്‍ശിക്കാന്‍, 'കല്യാശ്ശേരി തിസിസി'ന്റെ ആമുഖം ഉപയോഗപ്പെടുത്തിയിട്ടുണ്ടല്ലോ. വായനയും എഴുത്തും, വ്യക്തിപരമായും പൊതുവെയും, എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു എന്നാണ് അബിന്‍ വിലയിരുത്തുന്നത്?
വളരെ ചെറുപ്പത്തില്‍ത്തന്നെ എഴുത്തുകാരനാവാന്‍ ആഗ്രഹിച്ച ഒരാളാണ് ഞാന്‍. മറ്റൊന്നും ആയിത്തീരുന്നതിനെപ്പറ്റി പിന്നീടും ചിന്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്‌കൂള്‍ കാലംതൊട്ടേ നന്നായി വായിച്ചു തുടങ്ങിയിരുന്നു. മലയാളത്തിലെ മിക്കവാറും കഥാകൃത്തുക്കളുടെയെല്ലാം പ്രധാനപ്പെട്ട രചനകള്‍ വായിച്ചിട്ടുണ്ട്. വ്യക്തിപരമായി ഞാന്‍ ഒരു വലിയ വായനക്കാരനൊന്നുമല്ല. പക്ഷേ, എല്ലാ ദിവസവും ഒരു കഥയെങ്കിലും വായിക്കാന്‍ ശ്രമിക്കാറുണ്ട്. തീവ്രമായ വായനയാണ് എഴുത്തിന്റെ ഇന്ധനം. അതില്‍ യാതൊരു സംശയവുമില്ല. എന്നുമാത്രമല്ല, എഴുത്തില്‍ സ്വയം നവീകരിക്കാനും പുതിയ വഴികള്‍ കണ്ടെത്താനും നല്ല വായന ആവശ്യമാണ്. പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട്, സക്കറിയയുടെ ഒരു കഥ വായിച്ചാല്‍ തനിക്കും എഴുതാന്‍ തോന്നുമെന്ന്. മറ്റ് എഴുത്തുകാരുടെ ഗംഭീര കഥകള്‍ വായിക്കുമ്പോള്‍ നമുക്കും എഴുതാന്‍ തോന്നും. എഴുത്തും വായനയും അത്രമേല്‍ ഇഴുകിച്ചേര്‍ന്നു കിടക്കുന്ന സര്‍ഗാത്മക സംഗതികളാണെന്നാണ് എന്റെയനുഭവം. പൊതുവേ നോക്കിയാല്‍ അങ്ങനെ ഉറപ്പിച്ചു പറയാനും പറ്റില്ല. ലോകസാഹിത്യത്തിലെ അതിഗംഭീരമായ കൃതികള്‍ നിരന്തരം വായിക്കുന്ന പലരുടെയും എഴുത്ത് അത്രത്തോളമൊന്നും നന്നാവാറില്ല. ഒരുപാട് വായിക്കുന്ന പലരും ഒരക്ഷരംപോലും എഴുതിയിട്ടുമില്ല. അങ്ങനെ നോക്കുമ്പോള്‍ രണ്ടും രണ്ട് കാര്യങ്ങളാണ്.
പല ആനുകാലികങ്ങളിലും വന്ന കഥകളുടെ സമാഹാരമാണ് അബിന്റെ പുസ്തകം. സമൂഹമാധ്യമങ്ങളിലൂടെയോ ആനുകാലികങ്ങളിലൂടെയോ, വായനക്കാരുടെയിടയില്‍ സജീവമായി നിലനില്‍ക്കാനുള്ള സാധ്യതകള്‍ ഇന്ന് വര്‍ധിച്ചിട്ടുണ്ട്. അല്ലെങ്കില്‍ അങ്ങനെ സജീവമായി നിലനില്‍ക്കേണ്ട ഒരവസ്ഥ മുന്‍കാലങ്ങളേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്. സര്‍ഗ്ഗശേഷിക്കപ്പുറം, പുസ്തപ്രസാധനം, അതിന്റെ പ്രമോഷന്‍, വിതരണം തുടങ്ങിയ കാര്യങ്ങളില്‍ കൂടി, ഇടപെടാന്‍ എഴുത്തുകാരന്‍ കൂടുതല്‍ ബാധ്യസ്ഥനാകുന്നു എന്ന് തോന്നിയിട്ടുണ്ടോ?
പണ്ട്, എഴുത്തിനും എഴുത്തുകാര്‍ക്കും കിട്ടിയിരുന്ന സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ശ്രദ്ധ ഇന്നു കിട്ടുന്നില്ല. അന്നത്തെ എഴുത്തുകാര്‍ക്ക് ലഭിച്ച താരപദവിയും ഇന്നത്തെ എഴുത്തുകാര്‍ക്ക് ഇല്ല. പക്ഷേ, എഴുത്തിനോടും എഴുത്തുകാരോടുമുള്ള ആദരവിന് ഒട്ടും കുറവും വന്നിട്ടില്ല. ടെക്‌നോളജി വിപ്ലവത്തിന്റെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. എഴുത്തിനും വായനയ്ക്കും പുതിയ സാങ്കേതിക വിദ്യകള്‍വരുന്നു. വായനക്കാരുടെ അഭിരുചി മാറുന്നു. അതിനനുസരിച്ച് എഴുത്തുകാരനും അപ്‌ഡേറ്റ് ചെയ്യണം. പുതിയ കാലത്തെ വായനക്കാരുമായി സംവദിക്കണം. പുസ്തകം എഴുതി പൂര്‍ത്തിയാക്കി പ്രസാധകന് അയച്ചുകൊടുത്തിട്ട് വീട്ടിലിരിക്കുന്ന എഴുത്തുകാരുടെ കാലം കഴിഞ്ഞു. ഇങ്ങനൊരു പുസ്തകം ഇറങ്ങിയിട്ടുണ്ടെന്ന് വായനക്കാരെ അറിയിക്കാനും അവരെ വായിക്കാന്‍ പ്രേരിപ്പിക്കാനും എഴുത്തുകാരന്‍ കൂടി ശ്രമിക്കേണ്ട കാലമാണിത്. കാരണം വായനക്കാര്‍ക്ക് മറ്റനേകം വിനോദ സാധ്യതകളുണ്ട്. എഴുത്തുകാരന്റെ അത്തരം ഇടപെടലുകളെ വളരെ പോസിറ്റീവായ കാര്യമായിട്ടാണ് ഞാന്‍ കണക്കാക്കുന്നത്.
സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് എന്ന നിലയില്‍ 2019 തിളക്കമേറിയ ഒരു വര്‍ഷം കൂടിയാണ്. 2016ല്‍ പ്രസിദ്ധീകരിച്ച 'കല്യാശ്ശേരി തിസീസ്' നു ശേഷം എന്ത്? എന്ന വായനക്കാരുടെ ചോദ്യത്തിന് ഒരു മറുപടി പ്രതീക്ഷിക്കാമോ?
രണ്ടാമത്തെ കഥാസമാഹാരം പ്രസിദ്ധീകരിക്കണം എന്ന് ആഗ്രഹമുണ്ട്. കുറച്ചു വൈകി എന്നും തോന്നുന്നുണ്ട്. ഇപ്പോള്‍ വ്യക്തിപരമായി കുറച്ച് സ്വസ്ഥമായ അവസ്ഥയിലാണ്. എഴുത്തിനുവേണ്ടി ചിലവഴിക്കാന്‍ സമയമുണ്ട്. അതുകൊണ്ട് ഇനി സജീവമായി കഥകളെഴുതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."