വായ്പാ നല്‍കാമെന്ന് വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ്; രണ്ട് പേര്‍ അറസ്റ്റില്‍
എരുമപ്പെട്ടി: പ്രമുഖ ബിസിനസ് ഗ്രൂപ്പിന്റെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി പരാതിയില്‍ രണ്ട് പേരെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വനിത മൈക്രോഫിനാന്‍സ് സംഘങ്ങള്‍ രൂപീകരിച്ച് വായ്പ നല്കാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് ലക്ഷങ്ങള്‍ തട്ടിയെടുത്തത്.
തട്ടിപ്പിനിരയായ വനിതകള്‍ എരുമപ്പെട്ടി പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വേലൂര്‍ പോസ്റ്റോഫിസ് സെന്ററിന് സമീപം താമസിക്കുന്ന തിരുത്തിയില്‍ സുജയെന്ന് വിളിക്കുന്ന സുചിത്ര (37), പേരാമംഗലം എടത്തറ വീട്ടില്‍ പ്രശാന്ത് എന്നിവരെയാണ് എസ്.ഐ സുബിന്ത് അറസ്റ്റ് ചെയ്തത്.
പ്രതികളുടെ സഹായിയായി തട്ടിപ്പിന് കൂട്ട്‌നിന്ന വെളുപ്ര് സ്വദേശി സൈമണ്‍നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൈക്രോ ഫിനാന്‍സ് സംഘങ്ങള്‍ രൂപീകരിച്ച് അംഗങ്ങള്‍ക്ക് ഒന്നര ലക്ഷം രൂപ വീതം വായ്പ നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിട്ടുള്ളത്. ഇതിന്റെ രേഖകള്‍ തയ്യാറാക്കുന്നതിന് വേണ്ടിയാണെന്ന് പറഞ്ഞ് കബളിപ്പിച്ച് ഓരോ അംഗങ്ങളില്‍ നിന്നും 5000 രൂപ വീതമാണ് തട്ടിയെടുത്തത്. ഇത്തരത്തില്‍ 200 പേരില്‍ നിന്നുമായി ലക്ഷം രൂപ തട്ടിയെടുത്തതായാണ് പരാതിയുയര്‍ന്നിട്ടുള്ളത്. മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിന്റെ ഫീല്‍ഡ് മാനേജര്‍മാരാണെന്ന് പരിചയപ്പെടുത്തിയ സുചിത്രയും പ്രശാന്തും കഴിഞ്ഞ ഫെബ്രുവരിയിലാണ് സംഘാംഗങ്ങളില്‍ നിന്നും പണം പിരിച്ചെടുത്തത്. രേഖകള്‍ തയ്യാറാക്കി 45 ദിവസത്തിനുള്ളില്‍ പണം നല്‍കുമെന്നാണ് ഇവര്‍ അറിയിച്ചിരുന്നത്. പറഞ്ഞ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും വായ്പ തുകആര്‍ക്കും ലഭിച്ചില്ല. തട്ടിപ്പിനെതിരെ സംഘാംഗങ്ങള്‍ പരാതി നല്‍കുമെന്നറിയിച്ചപ്പോള്‍ കഴിഞ്ഞ ഞായറാഴ്ച സുചിത്രയുടെ വേലൂരിലുള്ള വീട്ടിലെത്തിയാല്‍ പണം നല്‍കാമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നിക്ഷേപകര്‍ വീട്ടിലെത്തുന്നതിന് മുന്‍പ് വീട് പൂട്ടി സുചിത്ര നിന്ന് കട കളഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണുകളും സ്വിച്ച്ഡ് ഓഫാണ്. ഇതിനെ തുടര്‍ന്നാണ് തട്ടിപ്പിനിരയായ വനിതകള്‍ എരുമപ്പെട്ടി പൊലിസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വേലൂരില്‍നിന്നാണ് പ്രതികള്‍ പിടിയിലായത്. വേലൂര്‍, കിരാലൂര്‍,വടക്കാഞ്ചേരി, ഓട്ടുപാറ, ചിറ്റണ്ട, മാറ്റാംപുറം എന്നിവടങ്ങളിലെ വനിതാ സംഘങ്ങളാണ് ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളത്. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ലഭിക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."