ഗെയില്‍ പൈപ്പ് ലൈനിന്റെ മറവില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു
മാള: ഗെയില്‍ പൈപ്പ്‌ലൈനിന്റെ പേരില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകമാകുന്നു. കുഴൂര്‍, പൊയ്യ, പുത്തന്‍ചിറ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലാണു അനധികൃതമായി നൂറുകണക്കിനു ലോഡ് ചെമ്മണ്ണ് കടത്തിക്കൊണ്ടു പോകുന്നത്.
ജില്ലാ കലക്ടറുടെ അനുമതിയുണ്ടെന്നു പറഞ്ഞാണു രാത്രിയും പകലും ടിപ്പര്‍ ലോറികളിലും മറ്റുമായി മണ്ണ് കടത്തുന്നത്. മണ്ണ് ഖനനം നടത്തുന്നതു കൂടുതലും രാത്രിയും പുലര്‍ച്ചെയുമാണ്. കുന്നുകൂട്ടിയിടുന്ന മണ്ണ് പിന്നീട് ടിപ്പര്‍ ലോറികളിലും മറ്റുമായി കടത്തുകയാണ്. പുത്തന്‍ചിറ, പൊയ്യ, പുത്തന്‍വേലിക്കര തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലൂടെ ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നുണ്ട്. പൈപ്പുകള്‍ സ്ഥാപിക്കുന്നതിനു യന്ത്രസാമഗ്രികള്‍ കൊണ്ടുപോകാനായി താല്‍ക്കാലികമായി പാടശേഖരങ്ങളിലൂടെ റോഡ് നിര്‍മാണം നടത്താന്‍ അനുമതിയുണ്ട്. ഇതിന്റെ മറവിലാണു വിവിധയിടങ്ങളിലേക്കു നിത്യേന നൂറുകണക്കിനു ലോഡ് മണ്ണ് കടത്തി കൊണ്ടു പോകുന്നത്. ജില്ലാ കലക്ടറുടെ അനുമതിയോടെയാണു ഈ പ്രവൃത്തിയെന്നു പറയുന്നതിനാല്‍ റവന്യൂ വകുപ്പിനോ പൊലിസിനോ യാതൊരു നടപടികളും സ്വീകരിക്കാനാകുന്നില്ല.
മാള എരവത്തൂര്‍ ആലുവ റൂട്ടില്‍ വലിയപറമ്പിനും പാറപ്പുറത്തിനും ഇടയിലായി മണ്ടിക്കയറ്റം ഭാഗത്തു ദിവസങ്ങളായി മണ്ണ് ഖനനവും കടത്തി കൊണ്ടു പോകലും നടക്കുന്നുണ്ട്. റോഡില്‍ നിന്നും 15 അടിയിലേറെ ഉയരമുള്ള കുന്നാണു ഇടിച്ചു നിരത്തുന്നത്. ഈ ഭാഗത്തു നിരവധി വീടുകളുണ്ട്. വലിയപറമ്പ്പാറപ്പുറം റോഡിന്റെ ടാറിങിനു മുന്‍പു ഈ ഭാഗത്തെ അപകട ഭീഷണി ഇല്ലാതാക്കുന്നതിനായി റോഡിനു വീതി കൂട്ടാന്‍ ശ്രമമുണ്ടായിരുന്നു. റോഡിനിരുവശവുമുള്ള വീട്ടുകാര്‍ ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. ഇപ്പോള്‍ മണ്ണെടുപ്പു നടക്കുന്ന സ്ഥലമുടമ മാത്രമാണു അതിനെ എതിര്‍ത്തത്.
ഏറ്റവും പ്രശ്‌നബാധിതമായ ഇടത്തു സ്ഥലം കിട്ടാതെ വന്നതോടെ ആ നീക്കം നിലച്ചു. ഇരുവശങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ക്കു പരസ്പരം കാണാനാകാത്ത അവസ്ഥയാണു ഇവിടെ. കുന്നിടിച്ചു നിരത്തുന്നതോടെ ഈ ബുദ്ധിമുട്ട് മാറുമെന്ന തോന്നല്‍ ചിലര്‍ക്കുണ്ട്. അതിനാലാണു മണ്ണെടുപ്പിനെതിരേ കാര്യമായ എതിര്‍പ്പില്ലാത്തത്. എന്നാല്‍ കുന്നിടിച്ചു നിരത്തുന്നതോടെ സ്ഥലമുടമ ഉയര്‍ന്ന മതില്‍ കെട്ടും. അതോടെ പഴയ പടിയാകും കാര്യങ്ങള്‍.
വ്യാപകമായി നടക്കുന്ന മണ്ണെടുപ്പിനെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കണമന്നാണ് ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."