HOME
DETAILS

നീയാണുയിരും ഉണ്മയും

  
backup
April 06 2019 | 18:04 PM

%e0%b4%a8%e0%b5%80%e0%b4%af%e0%b4%be%e0%b4%a3%e0%b5%81%e0%b4%af%e0%b4%bf%e0%b4%b0%e0%b5%81%e0%b4%82-%e0%b4%89%e0%b4%a3%e0%b5%8d%e0%b4%ae%e0%b4%af%e0%b5%81%e0%b4%82

 

സൂഫിസദസ്സുകളിലെ ദൈവാനുസ്മരണത്തിന്റെ ഏറ്റവും ചുരുങ്ങിയതും ഏറ്റവും നിഗൂഢവുമായ ശബ്ദമാണ് ഹു എന്നത്. എല്ലാ ദിക്‌റുകളും ഫിക്‌റുകളും ചെന്നവസാനിക്കുന്ന അല്ലാഹുവിനെ ഭാഷയില്‍ ആവിഷ്‌കരിക്കാവുന്നതിന്റെ ഏറ്റവും ചെറിയ, എന്നാല്‍ അതിവ്യാഖ്യാന വൈപുല്യമുള്ള പദമാണ് അറബിയിലെ 'ഹു'. 'അല്ലാഹ് ഹു' എന്നത് പടച്ചവനെ സാക്ഷ്യപ്പെടുത്തിയും ഉറപ്പിച്ചും ബോധ്യപ്പെടുത്തിയും സ്വയംപറയുന്ന നിര്‍വൃതിദായകമായ അവസ്ഥയാണ് ഈ ഖവാലിയില്‍.
യശഃശരീരനായ അതുല്യ ഖവ്വാല്‍ ഉസ്താദ് നുസ്‌റത് ഫത്തേഹ് അലി ഖാന്റെ സ്വരമുദ്ര പതിഞ്ഞ അനശ്വരഗാനമാണ്, ഖവാലി പാരമ്പര്യങ്ങളില്‍ ഏറ്റവും പ്രസിദ്ധവും ജനകീയവുമായ 'അല്ലാഹ് ഹൂ, അല്ലാഹ് ഹൂ'. നുസ്‌റത്തിന്റെ കൂടാതെ ഐതിഹാസിക ഖവ്വാലുകള്‍ സാബ്‌രി സഹോദരങ്ങള്‍ മുതല്‍ ഖവാലിയേ പാടാത്ത സമീ യൂസഫ് വരെയുള്ളവര്‍ പലതരത്തിലും ഭാവത്തിലും വരികളിലും ഇതവതരിപ്പിച്ചിട്ടുണ്ട്. ഉസ്താദ് നുസ്‌റത് തന്നെയും സുദീര്‍ഘങ്ങളായ ആലാപനങ്ങളും ഭാഷ്യങ്ങളും സന്ദര്‍ഭാനുസാരം കൊടുത്ത കലാമാണിത്. അല്ലാഹുവിനെപ്പറ്റി പാടിപ്പുകഴ്ത്തുകയും പറഞ്ഞുപറഞ്ഞു പാടുകയും ചെയ്യുന്ന, ചൊല്ലിപ്പറയുക എന്ന മൂലാര്‍ത്ഥമുള്ള 'ഖവ്വല'യില്‍ നിന്ന് വരുന്ന പാട്ടുകളില്‍ ഒരുപക്ഷേ ഏറ്റവും സമ്പന്നമായ ഗീതമാണിത്. അനേകം പറച്ചിലുകളും തല്‍ക്ഷണ കവനങ്ങളും ഇതിന്റെ പലഭാഷ്യങ്ങളില്‍ കേള്‍ക്കാം. 'ഹു' എന്ന ശബ്ദമുപയോഗിച്ചുള്ള ലോലവും ദൈന്യവും കഠോരവുമായ പലസ്ഥായികളിലുള്ള ഉന്മാദലഹരിയാര്‍ന്ന അഭിസംബോധനകള്‍ ഈ ഖവാലിയെ ഏറെ ഉയരത്തില്‍ നിര്‍ത്തുന്നു. ഉറുദുഭാഷയുടെ ശക്തിസൗന്ദര്യങ്ങളും സഹോദരഭാഷകളില്‍ നിന്ന് യഥേഷ്ടം കടം കൊള്ളാനുള്ള അതിന്റെ വിപുലശേഷിയും പൂത്തുല്ലസിക്കുന്ന ഇതിന്റെ വരികള്‍ മറ്റുഭാഷകള്‍ക്ക് എളുപ്പം വഴങ്ങുന്നതല്ല.

'അല്ലാഹ് ഹൂ, അല്ലാഹ് ഹൂ..'

അവന്‍
സര്‍വലോകങ്ങളുടെയും തമ്പുരാന്‍.
അവനു കൂട്ടാളികളില്ലാ,
ഒരേയൊരുവന്‍.
അവനല്ലാതില്ല ഒരീശനും.
ഷംസ് തബ്രീസ്, നിനക്കവനെ വേണമെങ്കില്‍
ഉച്ചത്തിലലറ് ഇല്ലൊന്നുമവനല്ലാതെയെന്ന്...

ഇരുലോകങ്ങളെയും പടച്ചത് നീ,
ഇരുലോകങ്ങളുടെയും സാഷ്ടാംഗം നിനക്ക്.
നീയുണ്ടെന്ന് ഓരോ കണികയും സാക്ഷ്യംപറയുന്നു
ചുണ്ടിലോരോന്നിലും നിനക്കുള്ള സ്തുതിഗീതങ്ങള്‍
ശ്വാസത്തിലും രാഗത്തിലുമെന്തിലുമേതിലും നീ.

എല്ലാ തുടക്കവും നിന്റെ നാമത്തില്‍
എല്ലാ ഒടുക്കവും നിന്റെ നാമത്തില്‍
നിനക്കുള്ള സ്തുതിയാണ് അല്‍ഹംദുലില്ലാഹ്
നീയെന്റെ മുഹമ്മദിന്റെ തമ്പുരാന്‍
അല്ലാഹ് ഹൂ, അല്ലാഹ് ഹൂ
അല്ലാഹു, അല്ലാഹു...

ഈ ലോകമോ ഭൂമിയോ ഉണ്ടാകുംമുന്‍പേ
ചന്ദ്രനോ സൂര്യനോ ആകാശമോ ഉണ്ടാകുംമുന്‍പേ
നേരിന്റെ പൊരുള്‍ ഒരാളിലുമെത്തിച്ചേരും മുന്‍പേ
ഇവിടെ യാതൊന്നുമുണ്ടാകും മുന്‍പേ
ഉണ്ടായിരുന്നത് നീ,
നീമാത്രം
അല്ലാഹ് ഹൂ, അല്ലാഹ് ഹൂ
അല്ലാഹു, അല്ലാഹു... ഹൂ...

ഒന്നുമൊന്നുമില്ലാതിരുന്നപ്പോളും
നീയുണ്ടായിരുന്നു,
അല്ലാഹു, അല്ലാഹു... ഹൂ...

കാണുന്നതെല്ലാം നിന്റെയഴകിന്റെ കണ്ണാടിച്ചിത്രം.
സകലം വിളിച്ചുപറയുന്നു
നീയാണുലകിന്റെ രക്ഷകന്‍.
അല്ലാഹു, അല്ലാഹു... ഹൂ...

നിന്റെ വിശുദ്ധവദനത്തിന്റെ പ്രഭയെന്തുജ്ജ്വലം
നീ പ്രപഞ്ചങ്ങളുടെ പരിപാലകന്‍
എന്നുമെന്നും പാര്‍ക്കുന്നവന്‍.
അല്ലാഹു, അല്ലാഹു... ഹൂ...

നീയോരോ നിമിഷവും പുതുമോടികളെ പ്രദര്‍ശിപ്പിക്കുന്നു
കൗതുകചിത്തങ്ങളെ അതിശയത്തിലഭിരമിപ്പിക്കുന്നു
തൈകളും ശിഖരങ്ങളും നീ ഉയിരിട്ടതിന്റെ ഗുണംപാടുന്നു
ഇലകളോരോന്നും നിന്റെ വാഴ്‌വിനെ വാഴ്ത്തുന്നു
നിന്റെ അലിവിനാലും കരുണയാലും മാത്രം ഞാന്‍ പുലരുന്നു
എന്റെ രാജനും നാഥനും നീ
അല്ലാഹു, അല്ലാഹു... ഹൂ...

അന്ന് മിഅ്‌റാജിനു പ്രവാചകന്‍ സ്വര്‍ഗത്തോളമെത്തിയ നേരം
അടിമക്കും ഉടമക്കുമിടയിലെ മറ നീങ്ങിയ നേരം
മുത്തുനബിക്കു മുമ്പില്‍ കുനിഞ്ഞുവണങ്ങി മാലാഖമാരോതി,
സകലപടപ്പുകളിലേക്കും
നീ സത്യസാക്ഷാത്കാരം
അല്ലാഹു, അല്ലാഹു... ഹൂ...

നിന്റെ പകിട്ടാണെങ്ങും
നീയല്ലാതൊന്നുമില്ല.
മനസ് തേടുന്നതും മോഹിക്കുന്നതും നീ
കണ്ണിലെ വെളിച്ചവും ഉള്ളിന്റെയാരവവും നീ.
നീയാണുണ്ടായിരുന്നത്
നീയാണുള്ളത്
നീയാണുണ്ടായിരിക്കുക!
നീ മാത്രം.
അല്ലാഹു, അല്ലാഹു... ഹൂ...

നീയാണുയിരും ഉണ്മയും
അതിലൊരു സംവാദവുമില്ല.
നീ മാത്രം, നീ മാത്രം,
അതിലിനിയെന്തു സന്ദേഹം
എവിടെന്തിന് നോക്കിയാലും ഒരൊറ്റകാഴ്ച
നീ മാത്രം, നീ മാത്രം.
ഇവിടെവന്നു ഞാനങ്ങുമിങ്ങും നോക്കി
നോക്കിയിടത്തെല്ലാം നിന്നെ കണ്ടു
നീ മാത്രം, നീ മാത്രം.
അതിലിനിയെന്തു സന്ദേഹം?
അല്ലാഹു, അല്ലാഹു... ഹൂ...

സര്‍വലോകവും സൃഷ്ടിച്ചുവെച്ചത് നീ
സര്‍വലോകവും തേടിനടക്കുന്നതും നിന്നെ
നാലുപാടും വിളങ്ങിത്തെളിയുന്നു നീ
കൂട്ടാളികളില്ലാത്തവന്‍
രാജാധിരാജന്‍ നീ.
അല്ലാഹു, അല്ലാഹു... ഹൂ...
അല്ലാഹ് ഹൂ, അല്ലാഹ് ഹൂ



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  13 minutes ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  23 minutes ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  an hour ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  an hour ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  an hour ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  an hour ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  an hour ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  2 hours ago
No Image

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

latest
  •  2 hours ago