ഒരുക്കം മതി, ഇനി തുടങ്ങാം
''രണ്ടു പേര്‍ യാത്ര പോവാന്‍ ഉദ്ദേശിച്ചു. പക്ഷെ, ആ യാത്ര നടക്കുന്നേയില്ല. എന്തായിരിക്കും കാരണം..?'' അധ്യാപകന്റെ ചോദ്യം.
ഒരു കുട്ടി പറഞ്ഞു: ''വാഹനമില്ലാത്തതുകൊണ്ടായിരിക്കാം..''
''വാഹനമില്ലെങ്കില്‍ അവര്‍ക്കു നടന്നു യാത്ര ചെയ്യാമല്ലോ..'' അധ്യാപകന്റെ മറുചോദ്യം
''എങ്കില്‍ അവര്‍ വികലാംഗരായിരിക്കും..'' മറ്റൊരു കുട്ടി
''അവര്‍ക്ക് യാതൊരു വൈകല്യവുമില്ല. വാഹനമില്ലാത്ത കുഴപ്പവുമില്ല. യാത്രക്കാവശ്യമായ എല്ലാ അനുകൂല സാഹചര്യവുമുണ്ട്.'' അധ്യാപകന്‍ സാഹചര്യം വ്യക്തമാക്കി.
'എങ്കില്‍ പിന്നെ എന്തായിരിക്കും കാരണം..?'
കുട്ടികള്‍ ആലോചിച്ചു. പല ഉത്തരങ്ങളും പറഞ്ഞുനോക്കി. പക്ഷെ, എല്ലാറ്റിനെയും അധ്യാപകന്‍ ഖണ്ഡിച്ചു. അവസാനം ഉത്തരമില്ലെന്നു കണ്ടപ്പോള്‍ അധ്യാപകന്‍ തന്നെ പറഞ്ഞു: ''ഉത്തരം വളരെ ലളിതമാണ്. അവര്‍ യാത്ര ആരംഭിക്കാത്തതുകൊണ്ടുതന്നെ.''
യാത്രയ്ക്കുദ്ദേശിച്ചതുകൊണ്ടോ തീരുമാനിച്ചതുകൊണ്ടോ യാത്ര യാത്രയാവില്ല. യാത്ര നടക്കണമെങ്കില്‍ അതിനിറങ്ങിപ്പുറപ്പെടുകതന്നെ വേണം.
ബള്‍ബ് ഉള്ളതുകൊണ്ട് പ്രകാശം കിട്ടില്ല; സ്വിച്ച് ഓണ്‍ ചെയ്യണം. വലിയ പ്രവര്‍ത്തനക്ഷമതയുള്ള ലിഫ്റ്റുണ്ടായാല്‍ മുകളിലെത്തില്ല. മുകളിലെത്താന്‍ അതില്‍ കയറി പ്രവര്‍ത്തിപ്പിക്കണം.. റൂമില്‍ ഫിറ്റ് ചെയ്ത ഫാന്‍ എത്ര വിലയേറിയതാണെങ്കിലും കാറ്റു കിട്ടണമെങ്കില്‍ അതു പ്രവര്‍ത്തിപ്പിക്കുക തന്നെ വേണം. കൈയ്യില്‍ മൂര്‍ച്ചയേറിയ കത്തിയുള്ളതുകൊണ്ട് പഴം മുറിയില്ല. പഴം മുറിയണമെങ്കില്‍ മുറിക്കുകതന്നെ വേണം. വൈദ്യുതി ഉള്ളതുകൊണ്ട് ഒരു മൊബൈലിലും ചാര്‍ജ് കയറില്ല. ചാര്‍ജു കയറാന്‍ ചാര്‍ജു കയറ്റുകയാണു വേണ്ടത്. ലൈബ്രറി എത്ര വിപുലീകരിച്ചാലും അറിവ് കിട്ടണമെങ്കില്‍ അതിലെ പുസ്തകങ്ങള്‍ വായിക്കുക തന്നെ വേണം. വാഹനം ഉള്ളതുകൊണ്ടു മാത്രം ആരും ലക്ഷ്യത്തിലെത്തില്ല. ലക്ഷ്യത്തിലെത്താന്‍ വാഹനത്തില്‍ കയറി യാത്ര ചെയ്യുക തന്നെ വേണം. വൈദ്യനെ കണ്ടതുകൊണ്ടോ മരുന്നു വാങ്ങിവച്ചതുകൊണ്ടോ അസുഖം ഭേദമാകുമെന്നു കരുതുന്നത് വങ്കത്തമാണ്. അസുഖം ഭേദമാകാന്‍ മരുന്നു കഴിക്കുകയാണു വേണ്ടത്.. ഭക്ഷണം വിളമ്പിവച്ചാല്‍ വിശപ്പു മാറുമെന്നു കരുതരുത്. അതെടുത്തു കഴിച്ചാലേ പട്ടിണി മാറുകയുള്ളൂ. ഏറ്റവും വിലപിടിപ്പുള്ള പൈപ്പ് ഫിറ്റു ചെയ്തതുകൊണ്ട് വെള്ളം കിട്ടില്ല. വെള്ളം കിട്ടാന്‍ മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുകയും പൈപ്പ് തുറക്കുകയും വേണം..
ഇന്നാലിന്ന ക്ലാസില്‍ പങ്കെടുത്താല്‍ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് ചിലര്‍ വീമ്പിളക്കാറുണ്ട്. ശുദ്ധ അസംബന്ധമാണത്. ക്ലാസില്‍ പങ്കെടുത്തതുകൊണ്ടു മാത്രം ഒരാളിലും മാറ്റങ്ങളുണ്ടാവില്ല. മാറ്റങ്ങളുണ്ടാവാന്‍ സ്വയം മാറാന്‍ തയാറാവണം. നാം മാറുമ്പോഴാണ് നമുക്കു മാറ്റമുണ്ടാവുക.
മാറ്റിമറിക്കുന്ന ഒരു പുസ്തകവും ലോകത്തില്ല. മാറ്റത്തിനു തയാറുള്ളവരെ മാറാന്‍ സഹായിക്കുന്ന പുസ്തകങ്ങളുണ്ടാവാം. തന്റെ കുഞ്ഞിനെ വലിയ ഫീസ് കൊടുത്ത് സ്‌കൂളില്‍ ചേര്‍ത്തിയെന്നു കരുതുക. അവനു പഠിക്കാനാവാശ്യമായ എല്ലാ സാഹചര്യവും വീട്ടില്‍ ഒരുക്കുകയും ചെയ്തു. പ്രത്യേകം സജ്ജമാക്കിയ പഠനമുറി. കമ്പ്യൂട്ടര്‍.. ഇന്റര്‍നെറ്റ്. ലൈബ്രറി.. അങ്ങനെ പലതും. ഇതെല്ലാം ഉണ്ടായിട്ടും കുട്ടി പഠിക്കുക മാത്രം ചെയ്യുന്നില്ലെങ്കില്‍ എന്തു കാര്യം...?
പണ്ഡിതവേഷം ധരിച്ചവരെല്ലാം പണ്ഡിതന്മാരാണെന്നു ധരിക്കുന്നവരുണ്ട്. പാണ്ഡിത്യം ആര്‍ജിക്കാതെ വേഷം കെട്ടിനടന്നാല്‍ എങ്ങനെ പണ്ഡിതനാകും..?
കൈയ്യില്‍ മദ്യക്കുപ്പി കണ്ടാല്‍ അയാളെ ജനം മദ്യപനാക്കും. മദ്യം കുടിക്കാത്തവനെങ്ങനെ മദ്യപനാകും..? കൈയ്യില്‍ മദ്യക്കുപ്പി വയ്ക്കുമ്പോഴേക്കും അതയാളുടെ വയറ്റിലെത്തുമോ..?
കര്‍മമാണു കാതല്‍. കര്‍മങ്ങളില്ലാതെ കേവലം തീരുമാനങ്ങള്‍കൊണ്ടും പദ്ധതികള്‍കൊണ്ടും ലോകത്തൊരു മാറ്റവും സൃഷ്ടിക്കാന്‍ കഴിയില്ല. കര്‍മങ്ങളില്ലാത്ത പദ്ധതികളെ കുറിച്ച് സ്വപ്നങ്ങളെന്നേ പറയാനൊക്കൂ. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമായി മാറുന്നത് കര്‍മങ്ങള്‍കൊണ്ടു മാത്രം.
ഒരാള്‍ വലിയ ബുദ്ധിമാനിയാണെന്നു വയ്ക്കുക. ഒറ്റത്തവണ വായിച്ചാല്‍ തന്നെ എല്ലാം മനഃപാഠമായിരിക്കും. പക്ഷെ, തീരെ പഠിക്കുന്നില്ലെങ്കില്‍ എന്തു കാര്യം...? അവനു ബുദ്ധിയുണ്ടാകുന്നതും ഇല്ലാതിരിക്കുന്നതും തമ്മില്‍ എന്തു വ്യത്യാസം..?
ഒരാളുടെ കൈയ്യില്‍ കോടികളുണ്ട്. പക്ഷെ, അതില്‍നിന്ന് ഒരു നയാ പൈസ പോലും അയാള്‍ ചെലവാക്കാറില്ല. എങ്കില്‍ ആ കോടീശ്വരനും പരമദരിദ്രനും തമ്മില്‍ എന്തു വ്യത്യാസം...?
ഉണ്ടായിട്ടും ഉപയോഗപ്പെടുത്താതിരിക്കുന്നതാണ് ഇല്ലാത്തതുകൊണ്ട് ഉപയോഗപ്പെടുത്താന്‍ കഴിയാതിരിക്കുന്നതിനെക്കാള്‍ കഷ്ടം.. അറിവുണ്ടായിട്ടും പ്രവര്‍ത്തിക്കാത്ത പണ്ഡിതന്‍ അറിവില്ലാത്തതുകൊണ്ട് പ്രവര്‍ത്തിക്കാതിരിക്കുന്ന പാമരനെക്കാള്‍ താഴ്ന്നവനാണ്. ബുദ്ധിയുണ്ടായിട്ടും പഠിക്കാത്ത വിദ്യാര്‍ത്ഥിയുടെ ഗ്രേഡ് ബുദ്ധിയില്ലാത്തതുകൊണ്ട് പഠിക്കാതിരിക്കുന്ന വിദ്യാര്‍ത്ഥിയെക്കാളും താഴെയാണ്. നന്മ ചെയ്യാന്‍ കഴിവുണ്ടായിട്ടും അതു ചെയ്യാതെ തിന്മ ചെയ്യുന്നവനും നന്മ ചെയ്യാന്‍ സാഹചര്യമില്ലാത്തതിനാല്‍ തിന്മ ചെയ്യേണ്ടി വരുന്നവനും തമ്മിലുള്ള വ്യത്യാസം കഴിക്കാന്‍ അന്നമുണ്ടായിട്ടും പട്ടിണി കിടക്കുന്നവനും കഴിക്കാനില്ലാത്തതുകൊണ്ട് പട്ടിണി കിടക്കുന്നവനും തമ്മിലെ വ്യത്യാസം പോലെ.
ആയുധങ്ങള്‍ ശേഖരിച്ചുവയ്ക്കലല്ല, അവയെ ഉപയോഗപ്പെടുത്തലാണു പ്രധാനം. നമുക്കു പ്രവര്‍ത്തിച്ചു തുടങ്ങാം. തുടങ്ങിയാല്‍ തന്നെ പകുതിയായ ഫലമാണ്. പകുതിയെത്തിയാല്‍ വീണ്ടും തുടങ്ങുക. അപ്പോള്‍ പൂര്‍ത്തിയാക്കിയ ഫലവുമായി. തുടങ്ങാതെ ഒന്നും നടക്കില്ല. നടപ്പാക്കാത്തതെല്ലാം സ്വപ്നങ്ങള്‍ മാത്രം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."