ഡബ്ല്യു.എച്ച്.ഒയില്‍നിന്ന് ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് യു.എസ്
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍നിന്നും ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക. കൊവിഡ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കെയാണ് യു.എസ് തീരുമാനം. സംഘടന ചൈനയുടെ നിയന്ത്രണത്തിലാണെന്ന് ആരോപിച്ചാണ് നടപടി. നിര്‍ണായക തീരുമാനമെടുക്കുകയാണെന്ന സന്ദേശം യു.എസ് കോണ്‍ഗ്രസിനും ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിനും കൈമാറിയെന്ന് സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് പ്രാബല്യത്തില്‍വരുമെന്നാണ് വിവരം.
എന്നാല്‍ തിങ്കളാഴ്ച മുതല്‍ അമേരിക്ക ലോകാരോഗ്യ സംഘടനയിലുണ്ടാവില്ലെന്നാണ് ദ ഹില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയില്‍ നിന്ന് പിന്മാറുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് വൈറസിനെ നേരിടാന്‍ ഡബ്ലിയു.എച്ച്.ഒ ഒന്നും ചെയ്തില്ലെന്ന് ആരോപിച്ചായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ലോകാരോഗ്യ സംഘടനയ്ക്ക് നല്‍കാറുള്ള 400 ദശലക്ഷം ഡോളര്‍ ധനസഹായം മറ്റേതെങ്കിലും ആരോഗ്യ സംഘടനകള്‍ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞിരുന്നു. കൊവിഡ് സംബന്ധിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന വിവരങ്ങള്‍ ഡബ്ലിയു.എച്ച്.ഒ നല്‍കെയെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ യു.എസ് ഡബ്ലിയു.എച്ച്.ഒയില്‍ തിരിച്ചെത്തുമെന്ന് ഡമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."