ദേശീയപാതയില്‍ ഗ്യാസ് ടാങ്കര്‍ അപകടം തുടര്‍ക്കഥ; നാട്ടുകാരുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാതെ അധികൃതര്‍
കോട്ടക്കല്‍: ദേശീയപാത കക്കാട് മുതല്‍ രണ്ടത്താണിവരെയുള്ള ഭാഗങ്ങളില്‍ ഗ്യാസ് ടാങ്കര്‍ ലോറി അപകടങ്ങള്‍ പതിവായിട്ടും അധികൃതര്‍ക്ക് അനക്കമില്ല. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ രണ്ടു ടാങ്കര്‍ ലോറി അപകടങ്ങളാണ് ഈ ഭാഗത്തു മാത്രം സംഭവിച്ചത്.
ഗ്യാസ് നിറച്ചു പോകുന്ന ലോറികള്‍ തലനാരിഴയ്ക്കാണ് ചോര്‍ച്ച സംഭവിക്കാതെ രക്ഷപ്പെട്ടത്. പൂക്കിപ്പറമ്പ്, പാലച്ചിറമാട്, പാലത്തറ എന്നിവിടങ്ങളിലാണ് പലപ്പോഴും ലോറികള്‍ അപകടത്തില്‍ പെടുന്നത്. എന്നാല്‍, അപകടങ്ങളില്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനു വേണ്ടത്ര സൗകര്യമില്ലാത്തതാണ് പരിസരവാസികളെ ഭീതിയിലാഴ്ത്തുന്നത്. പൂക്കിപ്പറമ്പ് ബസ് ദുരന്തത്തെ തുടര്‍ന്ന് അഗ്നിശമനസേനാ യൂനിറ്റ്, ട്രോമാ കെയര്‍ യൂനിറ്റ്, റോഡില്‍ ഡിവൈഡറുകള്‍ സ്ഥാപിക്കല്‍, പഞ്ചിങ് സ്റ്റേഷനുകള്‍, സ്പീഡ് റഡാര്‍, മുന്നറിയിപ്പ് ബോര്‍ഡ് എന്നിവ സ്ഥാപിക്കല്‍ തുടങ്ങിയ പ്രഖ്യാപനങ്ങളുണ്ടായെങ്കിലും അപകടം നടന്ന് 16 വര്‍ഷം പിന്നിട്ടിട്ടും ഇവയൊന്നും നടപ്പായിട്ടില്ല.
ഇവിടങ്ങളില്‍ അപകടങ്ങളോ തീപിടിത്തമോ ഉണ്ടായാല്‍ മലപ്പുറം, തിരൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ അഗ്നിശമനസേനാ യൂനിറ്റുകളെ ആശ്രയിക്കേണ്ട ഗതികേടാണ്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ബജറ്റില്‍ അഗ്നിശമനസേനാ യൂനിറ്റ് സ്ഥാപിക്കുമെന്ന പ്രഖ്യാപനമുണ്ടായെങ്കിലും ഇതുവരെ നടപ്പായിട്ടില്ല. അപകട സമയങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ട്രോമാ കെയര്‍ യൂനിറ്റെന്ന പ്രഖ്യാപനവും ഫയലില്‍തന്നെയാണ്.
ദേശീയപാത ചങ്കുവെട്ടി മുതല്‍ പാലത്തറവരെ നാലുവരിയാക്കി വികസിപ്പിച്ചപ്പോഴും അപകടങ്ങള്‍ വര്‍ധിച്ചിരുന്നു. പാലത്തറയിലുണ്ടായിരുന്ന പഞ്ചിങ് സ്റ്റേഷനും അടച്ചുപൂട്ടി. പ്രതിഷേധം ശക്തമായതോടെയാണ് ചങ്കുവെട്ടി മുതല്‍ പാലത്തറവരെ ഡിവൈഡറുകള്‍ സ്ഥാപിച്ചത്. ടാങ്കര്‍ ലോറി അപകടത്തില്‍പെട്ടുവെന്നറിഞ്ഞാല്‍ ദേശീയപാതയ്ക്കു പരിസരത്തുള്ള കുടുംബങ്ങളെല്ലാം ഭീതിയോടെയാണ് കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."