സാമൂഹിക അകലം ഉറപ്പാക്കും ഈ അപായമണിയടി
തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ ജീവനക്കാര്‍ക്കായി പ്രത്യേക ഉപകരണം വികസിപ്പിച്ച് സതേണ്‍ റെയില്‍വേ. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം തെറ്റിച്ചാല്‍ അപായമണി മുഴക്കുന്ന സംവിധാനമാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ വികസിപ്പിച്ചത്. തൃശൂര്‍ സിഗ്‌നല്‍ ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ വിഭാഗത്തിലെ എന്‍ജിനീയറായ ആര്‍. നിധീജിന്റേതാണ് കണ്ടുപിടുത്തം.
സോഷ്യല്‍ ഡിസ്റ്റന്‍സ് എന്‍ഷുറിങ് ഡിവൈസ് (എസ്.ഡി.ഇ.ഡി 2.0) എന്നാണ് ഉപകരണത്തിന്റെ മുഴുവന്‍ പേര്. റെയില്‍വേയിലെ ടെക്‌നിക്കല്‍ വിഭാഗം ഗ്രൂപ്പായി ജോലി ചെയ്യുമ്പോള്‍ സാമൂഹിക അകലം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇത് കൈവശം വച്ച് രണ്ടുപേര്‍ തമ്മില്‍ രണ്ടുമീറ്റര്‍ ചുറ്റളവിനുള്ളിലേക്ക് കടന്നാല്‍ അപായ മണി മുഴക്കും. അകലം പാലിക്കുന്ന മുറയ്ക്ക് മാത്രമെ രണ്ട് ഉപകരണങ്ങളിലെയും അലാറം നില്‍ക്കൂ.
റീചാര്‍ജബിള്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 12 മണിക്കൂറോളം പ്രവര്‍ത്തിക്കും. മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് ചാര്‍ജ് ചെയ്യാം. 20 മുതല്‍ 30 ഗ്രാം വരെയാണ് ഭാരം. മൊബൈലിനേക്കാള്‍ ചെറുതുമാണ്. അതുകൊണ്ട് തന്നെ പോക്കറ്റിലിടുകയോ ഐ.ഡികാര്‍ഡിനൊപ്പം തൂക്കിയിടുകയോ ചെയ്യാം. സ്ട്രാപ്പ് വച്ചാല്‍ വാച്ച് പോലെയും ഉപയോഗിക്കാം. ചാര്‍ജര്‍ ഉള്‍പ്പെടെ 800 രൂപയാണ് നിലവില്‍ നിര്‍മാണ ചെലവ്. വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ അഞ്ഞൂറു രൂപയില്‍ താഴെ വിപണിയിലെത്തിക്കാനാകുമെന്നും നിധീജ് പറഞ്ഞു.
2.4 ജിഗാ ഹെഡ്‌സ് റേഡിയോ ഫ്രീക്വന്‍സിയിലാണ് ഇതിന്റെ പ്രവര്‍ത്തനം. ട്രാന്‍സ്മിറ്ററും റിസീവറും കൂടിയുള്ള ആര്‍.എഫ് ട്രാന്‍സ് റിസീവര്‍, മൈക്രോ കണ്‍ട്രോളര്‍ എന്നിവയാണ് ഉപകരണത്തിലെ പ്രധാന ഘടകങ്ങള്‍. സ്ഥാപനങ്ങള്‍ ആവശ്യപ്പെടുന്ന മുറയ്ക്ക് ഇവ നിര്‍മിച്ച് നല്‍കുന്നതിനോ നിര്‍മാണ സഹായം നല്‍കുന്നതിനോ തയാറാണെന്നും നിധീജ് സുപ്രഭാതത്തോട് പറഞ്ഞു. നേരത്തെ കൊവിഡ് വാര്‍ഡുകളില്‍ ഭക്ഷണവും മരുന്നും വിതരണം ചെയ്യാനായി റോബോട്ടുകളെ നിര്‍മിച്ചതും നിധീജ് ഉള്‍പ്പെട്ട ടീമായിരുന്നു. മരുന്നും ഭക്ഷണവും നല്‍കുന്നതിനൊപ്പം മുറി ശുചീകരണത്തിന് ഉള്‍പ്പെടെ സഹായിക്കുന്ന റോബോട്ടുകള്‍ക്ക് റെയില്‍മിത്ര എന്നായിരുന്നു പേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."