പെയ്തുതീരാത്ത മഴമേഘങ്ങള്‍
ച്ഛനാണ് എന്നിലേക്ക് അഷിതയിലേക്കുള്ള വഴി തുറന്നത്. വീട്ടിലെ ഒരു വൈകുന്നേരം അച്ഛന്‍ എന്നെ ഉമ്മറത്തേക്ക് വിളിപ്പിച്ചു. ചെന്നു നോക്കിയപ്പോള്‍ ഒരു മാസിക തുറന്നിട്ടിരിക്കുന്നു. കുഴിമടിയനായ എനിക്കായ് തൊലിച്ചുവച്ച പഴമായിരുന്നു അത്. എന്നെക്കണ്ടതും പുസ്തകത്തിലേക്ക് ചൂണ്ടിക്കൊണ്ട് അച്ഛന്‍ പറഞ്ഞു. 'ഈ കഥയൊന്നു വായിച്ചുനോക്ക്, അഷിതയുടേതാണ്'! അതായിരുന്നു തുടക്കം!
ഏതാണ്ട് ഒന്നരവര്‍ഷം മുന്‍പ്് ചെന്നൈയിലെ സഹപ്രവര്‍ത്തകയായ സജിത നാരായണില്‍ നിന്നാണ് 'അഷിത' എന്ന പേര് ആദ്യം കേള്‍ക്കുന്നത്. 'അതാരാ?' എന്നായിരുന്നു എന്റെ ആദ്യപ്രതികരണം. അവിടെനിന്ന് അഷിതാമ്മയിലേക്കുള്ള ദൂരം എന്നെ സംബന്ധിച്ച് വളരെ ചെറുതായിരുന്നു. അവരുടെ കടുത്ത ആരാധകരില്‍ പലര്‍ക്കും അവരെ നേരിലൊന്നു കാണാന്‍ സാധിച്ചിട്ടില്ല എന്നറിയുമ്പോഴാണ് എനിക്ക് കൈവന്ന കൃപയുടെ ആഴം ഞാന്‍ മനസ്സിലാക്കുന്നത്. സജിതയോട് ജീവിതകാലം മുഴുവന്‍ കടപ്പെടുന്നത്!
ജനുവരി 6, 2018 ശനിയാഴ്ച:
അച്ഛന്‍ തുറന്നു തന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ അവരുടെ കഥ വായിച്ചു ഞാന്‍ ആദ്യം പറഞ്ഞത് ഇതൊരു ഹ്രസ്വചിത്രം ആക്കാമല്ലോ എന്നാണ്. എന്നെ സംബന്ധിച്ച് കുറഞ്ഞ ചിലവില്‍ ചെയ്യാനുള്ള ഒരു കഥ തേടിയുള്ള അന്വേഷണത്തിന്റെ അവസാനമായിരുന്നു അത്. പക്ഷെ അഷിത എന്ന, മലയാളി മനസുകള്‍ ആരാധിക്കുന്ന ഒരു വലിയ എഴുത്തുകാരിയുടെ കഥ എങ്ങനെ സിനിമയാക്കുമെന്നോ അവരുടെ സമ്മതം എങ്ങനെ നേടുമെന്നോ എന്നതിനെക്കുറിച്ചൊന്നും യാതൊരു ധാരണയുമുണ്ടായിരുന്നില്ല.
ഓരാഴ്ചക്കുശേഷം ഏതോ ഉള്‍വിളിയുടെ പുറത്ത് ഞാന്‍ ആ കഥയൊരു തിരക്കഥാ രൂപത്തിലാക്കി സജിതക്ക് അയച്ചുകൊടുത്തു. എന്നെ സംബന്ധിച്ചിടത്തോളം എനിക്കറിയാവുന്ന വളരെ ചുരുക്കം സാഹിത്യാസ്വാദകരില്‍ മുന്‍പന്തിയിലായിരുന്നു സജിത. അതിന് പച്ചക്കൊടി കിട്ടിയതോടെ എന്റെ ആവേശം കൂടി. ശരിക്കും സിനിമയാക്കിയാലോ എന്നൊക്കെ ചിന്തിച്ചുതുടങ്ങി. മേല്‍പ്പറഞ്ഞ സമ്മതപത്രം ലഭിക്കുമോ എന്ന ആശങ്കയുള്ളതുകൊണ്ട് തന്നെ എന്നെകൊണ്ടാവും വിധം കഥയില്‍ ഭേദഗതി വരുത്താന്‍ ഞാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.
ഫെബ്രുവരി 9, 2019 വെള്ളിയാഴ്ച:
ദിവസങ്ങള്‍ കഴിയുന്തോറും ഒരുപക്ഷെ എഴുത്തുകാരിയുടെ സമ്മതം കൂടി കിട്ടിയിരുന്നെങ്കില്‍ എല്ലാം ശുഭമായേനെ എന്ന ആഗ്രഹത്തിന്റെ പുറത്തോ അതുമല്ലെങ്കില്‍ എന്റെ തിരക്കഥ അവരെ കാണിക്കാനുള്ള വ്യഗ്രതകൊണ്ടോ ഞാന്‍ രണ്ടാമതൊന്നാലോചിക്കാതെ അവരുടെ ഫേസ്ബുക്ക് പേജില്‍ കയറി 'ഹലോ മാഡം' എന്നൊരു മെസേജ് അയച്ചിട്ടു. മറുപടിയൊന്നും ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും!
ഒന്ന് രണ്ടു മണിക്കൂറുകള്‍ക്കുള്ളില്‍ വന്ന 'യെസ് പ്രവീണ്‍' എന്ന മറുപടി സത്യത്തില്‍ എന്റെ നെഞ്ചിടിപ്പ് കൂട്ടി. തിരക്കഥ എഴുതിയിട്ടുണ്ടെന്നും നേരില്‍ക്കണ്ട് അതൊന്നു വായിച്ചു കേള്‍പ്പിക്കാന്‍ ആഗ്രഹമുണ്ട് എന്നും പറഞ്ഞപ്പോള്‍ നേരില്‍ കാണാന്‍ സാധിക്കില്ല എന്നാണ് ഉടനെ കിട്ടിയ മറുപടി. കാണാന്‍ പറ്റില്ല എന്ന് പറഞ്ഞതിന്റെ കാരണം ചോദിക്കാമോ ഇല്ലയോ എന്ന് ചിന്തിക്കവേ അടുത്ത മെസേജ് വന്നു. കീമോ ചെയ്യേണ്ടതുള്ളതിനാല്‍ ആശുപത്രി വാസത്തിന് പോകേണ്ടതുണ്ട് എന്നായിരുന്നു അത്! എന്താണ് പറയേണ്ടത് എന്നറിയാതെ കുറച്ചു നേരം സ്തബ്ധനായി. എനിക്ക് കാണാന്‍ തോന്നുന്നു എന്ന് ഞാന്‍ ഒരിക്കല്‍ക്കൂടി പറഞ്ഞുനോക്കി. കൂടാതെ ഫോണ്‍ നമ്പര്‍ തരാമോ എന്ന ആദ്യാവസരത്തിലെ അതിരുകടന്ന ചോദ്യത്തിന് മറുപടിയായെത്തിയത് വാക്കുകള്‍ക്ക് പകരം ചില സംഖ്യകളായിരുന്നു!
ഒരിക്കലും ആദ്യമായി വിളിക്കുന്ന ഒരാളോട് സംസാരിക്കുന്നപോലെയല്ല എന്നോട് സംസാരിച്ചത്. സ്വകാര്യജീവിതം ആഗ്രഹിക്കുന്ന, അധികമാരോടും ഇടപഴകാത്ത വ്യക്തിയാണ് എന്നൊക്കെയുള്ള എന്റെ കേട്ടറിവുകളെ കാറ്റില്‍പ്പറത്തുന്നതായിരുന്നു ഞങ്ങളുടെ സംഭാഷണം. അന്നേദിവസം രാവിലെ സാഹിത്യോത്സവത്തിന് വന്ന ഹരിലാല്‍ മുഖേന നിഷില്‍ എന്ന ഒരു ഓട്ടോക്കാരനായ ആരാധകന്‍ ഫോണില്‍ വിളിച്ചതും അയാള്‍ ഫോണിലൂടെ കരഞ്ഞതും എല്ലാം വളരെ അടുത്ത ഒരാളോടെന്നപോലെ എന്നോട് പറഞ്ഞു. നേരില്‍ കാണണം എന്നു ഞാന്‍ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ കഴിയുമെങ്കില്‍ തൊട്ടടുത്ത ദിവസം തന്നെ വന്നു കാണാന്‍ പറഞ്ഞു. അതിനുശേഷം ആശുപതിയില്‍ പോകും എന്നും അറിയിച്ചു. കേള്‍ക്കേണ്ട താമസം ഞാന്‍ അടുത്തപുലരിക്കായി കാത്തിരുന്നു.
ഫെബ്രുവരി 10, 2018 ശനിയാഴ്ച:
മൊബൈലില്‍ അയച്ചുതന്ന അഡ്രസും തപ്പിപ്പിടിച്ചു ഞാന്‍ തൃശ്ശൂര്‍ കിഴക്കുംപാട്ടുകരയിലെ പതിമൂന്നാം നമ്പര്‍ തെരുവിലെ 'അന്നപൂര്‍ണ്ണ' എന്ന വീടിന്റെ മുന്നില്‍ ചെന്നുനിന്നു. ഏതാണ്ട് പതിനൊന്നരയോടടുത്ത സമയം. കാളിങ് ബെല്ലമര്‍ത്തി ആകാംഷയോടെ ഞാന്‍ നിന്നു. ഒരാള്‍ വന്നു വാതില്‍ തുറന്നു. മാഡത്തിന്റെ ഭര്‍ത്താവായിരുന്നു. അഷിത മാഡം വരാന്‍ പറഞ്ഞിരുന്നു എന്ന് പറഞ്ഞു തീര്‍ന്നതും അകത്തുനിന്നും ഞാന്‍ പ്രതീക്ഷിച്ച രൂപം എന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു! വീട്ടില്‍ സാധാരണ ധരിക്കാറുള്ളത് എന്ന് തോന്നിച്ച വെള്ളയില്‍ ഇളം ചാരനിറത്തിലുള്ള കുഞ്ഞുപൂക്കള്‍ നിറഞ്ഞ മാക്‌സിയായിരുന്നു വേഷം. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ഒരു മകനെ അമ്മ സ്വീകരിക്കുന്നതു പോലെയാണെനിക്കനുഭവപ്പെട്ടത്! അതെനിക്ക് കൂടുതല്‍ ആത്മവിശ്വാസമേകി. ഞാന്‍ പേടിച്ചിരുന്ന ആദ്യസമാഗമത്തിലെ ഔപചാരികത അവിടത്തന്നെ തകര്‍ന്നുവീണു. ഞാന്‍ പെട്ടെന്ന് കേറി പറഞ്ഞു 'അഷിതയുടെ കഥകള്‍ എന്ന പുസ്തകത്തിലെ പുറംചട്ടയിലെ അതേ മുഖം!' 'അതുപിന്നെ ഞാനല്ലേ... അപ്പോപ്പിന്നെ ഇതുപോലെതന്നെയല്ലേ ഉണ്ടാവുക..?' അവര്‍ വളരെ സരസമായി പറഞ്ഞു. ഞാന്‍ ജ്യാള്യമായൊരു ചിരിയോടെ അകത്തു കയറിയിരുന്നു. സത്യത്തില്‍ മുഖചിത്രത്തേക്കാള്‍ തേജസുറ്റ മുഖം! ഒരു ക്യാമറക്കും അവരുടെ മുഖത്തെ ദൈവീകത പകര്‍ത്താനായിട്ടില്ല എന്നെനിക്ക് പിന്നീട് പലതവണ തോന്നിയിട്ടുണ്ട്. അത് നേരിട്ട് ദര്‍ശനം നേടിയവര്‍ക്ക് മാത്രം നല്‍കാന്‍ മന:പൂര്‍വ്വം മാറ്റിവച്ചതാവാം അവര്‍.
യാത്രയുടെ ആവേശത്തില്‍ കഥയുടെ പ്രിന്റെടുക്കാന്‍ മറന്നു എന്നത് അപ്പോഴാണ് ഓര്‍ത്തത്. പിന്നെ ലാപ്‌ടോപ് തുറന്ന് അതിലെ കഥ ഞാന്‍ വായിച്ചു കേള്‍പ്പിക്കാനാരംഭിച്ചു. മന:പൂര്‍വ്വമായി തെറ്റിച്ചെഴുതിയ കഥാപാത്രത്തിന്റെ പേര് കേട്ടമത്രയില്‍ വായന നിര്‍ത്തിച്ചു കഥാപാത്രത്തിന്റെ ശരിയായ പേര് നിര്‍ദേശിച്ചായിരുന്നു തുടക്കം. പിന്നീടങ്ങോട്ട് എന്റെ എല്ലാ ഏച്ചുകെട്ടലുകളും ചീന്തിയെറിഞ്ഞു കഥയിലെ ഞാന്‍ കാണാതെപോയ ആത്മാവിനെ എനിക്കുമുന്നില്‍ ആവാഹിച്ചു നിര്‍ത്തിക്കൊണ്ട് പറഞ്ഞു- 'താന്‍ ഇത് ഇതുപോലെതന്നെ ചെയ്യൂ... കഥാപാത്രങ്ങളുടെ ആന്തരികവ്യാപാരങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കൂ. അനാവശ്യമായ കഥാപാത്രങ്ങളെയും സംഭാഷണങ്ങളെയും ഒഴിവാക്കൂ'. ഒരു ഷോക്കേറ്റ അനുഭവമായിരുന്നു എനിക്ക്. ആഴ്ചപ്പതിപ്പിലെ കഥ എടുത്ത് അതിലെ പ്രധാനപ്പെട്ട വരികള്‍ എനിക്കായി വായിച്ചു തന്നു. ഒരു കൊച്ചുകുഞ്ഞിനെ അമ്മ വായിക്കാന്‍ പഠിപ്പിക്കുന്നപോലെ എന്റെ എഴുത്തിലെ തെറ്റുകള്‍ ചൂണ്ടികാണിച്ചു ബോധ്യപ്പെടുത്തി തിരുത്തി കൊണ്ടുവരാനാവശ്യപ്പെട്ടു. അപൂര്‍വ്വം ചിലയിടങ്ങളിലെ എന്റെ സംഭാവനകള്‍ ഇഷ്ടപ്പെട്ടത് അതേപടി നിര്‍ത്താനാവശ്യപ്പെട്ട് എനിക്ക് പ്രോത്സാഹനവുമേകി. ഒടുവില്‍ ഭൂരിഭാഗം സ്ഥലങ്ങളില്‍ മന:പൂര്‍വ്വമായി വരുത്തിയ തെറ്റുകളും അതിന്റെ കാരണവും എനിക്ക് വിശദീകരിക്കേണ്ടിവന്നു. ഈയൊരു കൂടികാഴ്ച എന്റെ വിദൂരസ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നെന്നും അതിനാല്‍ സിനിമയുമായി മുന്നോട്ടു പോവുകയാണെങ്കില്‍ കഥ മോഷ്ട്ടിച്ചതല്ല എന്നതിനെ സാധൂകരിക്കാനുള്ള മാറ്റങ്ങള്‍ മനപൂര്‍വ്വമായിരുന്നെന്നുമുള്ള എന്റെ ന്യായങ്ങള്‍ ഒരു ചെറു പുഞ്ചിരിയോടെ അവര്‍ കേട്ടിരുന്നു. കുറ്റസമ്മതത്തെ തുടര്‍ന്ന് ഞാന്‍ അവരോടു തന്നെ കരാര്‍ എഴുതുന്നതിനെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും ചോദിച്ചറിഞ്ഞു. എല്ലാം വിശദമാക്കിയ ശേഷം പറഞ്ഞവാക്കുകള്‍ ഇന്ന് മനസിലെ വലിയ വിങ്ങലായി അവശേഷിക്കുന്നു. 'നമുക്കിടയില്‍ കരാര്‍ ഒന്നും വേണ്ട പ്രവീണ്‍, താന്‍ ഇത് ചെയ്യൂ...'. പലരും മുഴുനീള സിനിമക്കായി സമീപിച്ചതും അതെല്ലാം പിന്നീട് പല കാരണങ്ങളാല്‍ നടക്കാതെ പോയതും അഡ്വാന്‍സായി കിട്ടിയ തുകകള്‍ അലമാരയില്‍ ഇരിക്കുമ്പോഴത്തെ മനസികവിഷമങ്ങളും എല്ലാം പങ്കുവച്ചു. അതുകൊണ്ട് അഡ്വാന്‍സ് വാങ്ങുന്നത് നിര്‍ത്തി എന്നുവരെ പറഞ്ഞ് എനിക്കുവേണ്ടതായ ആത്മവിശ്വാസം നല്‍കി.
അന്ന് വൈകുന്നേരം തന്നെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അഷിതാമ്മയുടെ ഫോണ്‍ വന്നു. സിനിമയ്ക്കു പറ്റിയ വ്യക്തിയോട് സംസാരിച്ചുവെന്നും തുടര്‍ന്ന് എന്നോട് സംസാരിക്കാനുമാവശ്യപ്പെട്ട് അവരുടെ ഫോണ്‍ നമ്പര്‍ എനിക്കു കൈമാറുകയും ചെയ്തു. എന്നെക്കാളുപരി കഥ സിനിമയായിക്കാണാന്‍ അവരാഗ്രഹിക്കുന്നുവോ എന്ന ചിന്ത സത്യത്തില്‍ എന്നിലൊരു ഭയമുളവാക്കി. കാരണം എന്നെ സംബന്ധിച്ചു മാനസികമായി ഒരു സിനിമ ചെയ്യാനുള്ള കഴിവായിട്ടില്ല എന്ന ചിന്തയായിരുന്നു. ഒരു സിനിമയെങ്കിലും സഹസംവിധാനം ചെയ്ത ശേഷം ചെയ്യാമെന്ന് പറഞ്ഞു ഞാന്‍ കൂടുതല്‍ സമയം ചോദിച്ചു. സമയത്തിന്മേല്‍ നമുക്കധികാരമില്ല എന്ന സത്യമോര്‍ക്കാതെ! പിന്നീട് പലപ്പോഴായി രണ്ടുമൂന്ന് തവണകൂടി മാഡം എന്നോട് കാര്യങ്ങള്‍ എവിടെവരെയായി എന്ന് തിരക്കി. കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ലെന്ന് മനസിലാക്കി പിന്നീട് എന്നോട് അന്വേഷിച്ചില്ല! ഒരുപക്ഷെ എന്നിലെ പ്രതീക്ഷ നശിച്ചുകാണണം. എന്ത് അപ്‌ഡേറ്റ് കൊടുക്കണം എന്നറിയാതെ ഞാനും ഒരകലം പാലിച്ചു എന്ന് പറയുന്നതാവും ശരി.
മാര്‍ച്ച് 27, 2019 ബുധനാഴ്ച:
പിന്നീടൊരുവര്‍ഷത്തിനിപ്പുറം ഞാന്‍ ഒരിക്കല്‍ക്കൂടി ലക്ഷ്മി എന്‍ക്ലേവിലെ അന്നപൂര്‍ണ്ണയുടെ മുന്നില്‍ ചെന്ന് നിന്നു. അപ്പോഴും സമയം ഏതാണ്ട് പതിനൊന്നരയായിരുന്നു. തുറന്നു കിടന്ന വാതിലിലൂടെ അകത്തു കയറി ഞാനവരെ ഒരുനോക്ക് കണ്ടു. ഇത്തവണ എന്നോടൊന്നും മിണ്ടാന്‍ കൂട്ടാക്കിയില്ല. ഒരുപക്ഷെ എന്നോടുള്ള പരിഭവം തീര്‍ത്തതാവാം. എന്റെ കൈവശവും തിരുത്തിയെഴുതിയ സ്‌ക്രിപ്‌റ്റോ ഒന്നും തന്നെയും ഉണ്ടായിരുന്നില്ല. വേണ്ടുവോളം സമയം തന്നിട്ടും ഒന്നും ചെയ്യാതിരുന്നതിനു മനസില്‍ മാപ്പപേക്ഷിച്ചു ഞാന്‍ തിരികെ പടിയിറങ്ങി. അധികം വൈകാതെ എനിക്ക് പുറകിലായി അവരും ഒരു വലിയ വണ്ടിയിലേറി എങ്ങോട്ടോ പോയി. ആരോടും ഒരു യാത്രപോലും പറയാതെ. ഇനിയൊരു മടക്കമില്ല എന്ന് തോന്നിക്കുമാറ് ഒരു യാത്ര!
'താന്‍ ഇനി വേണ്ടുവോളം സമയമെടുത്ത് സിനിമ ചെയ്‌തോളൂ' എന്ന് പറഞ്ഞെന്നെ കളിയാക്കി പോയതുപോലെ എനിക്ക് തോന്നി... ഞാന്‍ ഒരു സിനിമ ഇതിനോടകം സഹസംവിധാനം ചെയ്തുവെന്നും എനിക്കായ് കുറച്ചുസമയം കൂടി കാത്തിരിക്കാമായിരുന്നില്ലേ എന്നും വിവരിക്കാന്‍ തുനിഞ്ഞെങ്കിലും അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ അവര്‍ പോയ്മറഞ്ഞിരുന്നു. ഞാന്‍ തലകുനിച്ചു തിരികെ നടന്നു. ആദ്യത്തെ തവണ യാത്രപറഞ്ഞിറങ്ങിയപ്പോള്‍ ഞാന്‍ കണ്ട നിറമുള്ള ആകാശവും ഭൂമിയുമൊന്നും അപ്പോഴെനിക്ക് കാണാനായില്ല!
്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."