മെഡിക്കല്‍ കോഴ: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ ബി.ജെ.പി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയ മെഡിക്കല്‍ കോഴ ആരോപണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ചെന്നിത്തലയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
കേരളത്തില്‍ സ്വാശ്രയ മെഡിക്കല്‍ കോളജ് ആരംഭിക്കുന്നതിനായി മെഡിക്കല്‍ കോളജ് കൗണ്‍സിലിന്റെ അംഗീകാരം വാങ്ങിത്തരാന്‍ ബി.ജെ.പി നേതാക്കള്‍ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നിയോഗിച്ച പാര്‍ട്ടി അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് നേതൃത്വം കുടുങ്ങിയത്. വര്‍ക്കല എസ്.ആര് മെഡിക്കല്‍ കോളജ്, ചെര്‍പ്പുളശ്ശേരി കേരള മെഡിക്കല്‍ കോളജ് എന്നിവയുടെ അംഗീകാരത്തിനായി എം.ടി രമേശ്, ബി.ജെ.പിയുടെ സഹകരണ സെല്‍ മുന്‍ കണ്‍വീനര്‍ എന്നിവര്‍ ഇടനിലക്കാരായി കോടികള്‍ നല്‍കിയെന്നായിരുന്നു ആരോപണം. ഡല്‍ഹിയിലെ സതീഷ് നമ്പ്യാര്‍ എന്ന ഇടനിലക്കാരനാണ് പണം കൈമാറിയതെന്നായിരുന്നു അന്വേഷണ കമ്മിഷന്റെ കണ്ടെത്തല്‍. ആദ്യം നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ തെളിവൊന്നും ലഭിച്ചില്ല. തുടര്‍ന്ന് വിജിലന്‍സ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. പിന്നീട് പ്രതിപക്ഷ നേതാവ് നല്കിയ കത്ത് പരിഗണിച്ച് സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ചെന്നിത്തലയുടെ മൊഴി രേഖപ്പെടുത്തിയത്. ബി.ജെ.പിനേതാക്കളോട് മൊഴി രേഖപ്പെടുത്താന്‍ സമയം ചോദിച്ചുവെങ്കിലും പ്രചാരണ തിരക്കായതിനാല്‍ സമയം നല്‍കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."