കംപ്യൂട്ടര്‍ പരിശീലനത്തിന്റെ മറവില്‍ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ തടയുന്നതായി പരാതി
കോഴിക്കോട്: കംപ്യൂട്ടര്‍ പരിശീലനത്തിന്റെ മറവില്‍ അധ്യാപകരുടെ ആനുകൂല്യങ്ങള്‍ തടയുന്നതായി പരാതി. 2011ല്‍ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളില്‍ അധ്യാപക ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പ്രൊബേഷന്‍ പൂര്‍ത്തിയാകുന്നതിന് കംപ്യൂട്ടര്‍ പരിശീലനം നിര്‍ബന്ധമാക്കിക്കൊണ്ട് 2013ല്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ മറവില്‍ പല ആനുകൂല്യങ്ങളും തടയുന്നതായാണ് പരാതി ഉയര്‍ന്നത്. 45 മണിക്കൂറില്‍ കുറയാത്ത കംപ്യൂട്ടര്‍ പരിജ്ഞാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നവരുടെ ഗ്രേഡ്, ഇന്‍ക്രിമന്റ് എന്നിവയാണ് കംപ്യൂട്ടര്‍ പരിശീലനത്തിന്റെ മറവില്‍ തടഞ്ഞുവയ്ക്കുന്നത്. സര്‍വിസില്‍ പ്രവേശിച്ച തിയതി മുതല്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നത് വരെയാണ് ഇത് തടഞ്ഞുവയ്ക്കുന്നത്. സംസ്ഥാനത്തെ അധ്യാപക പാക്കേജില്‍ നിന്നുള്‍പ്പെടെ സര്‍വിസില്‍ കയറിയ നാലായിരത്തോളം അധ്യാപകരാണ് ഇത്കാരണം പ്രതിസന്ധി നേരിടുന്നത്.
2013ലെ ഉത്തരവ് 2011 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് നടപ്പാക്കുന്നത്. 2018ല്‍ ഐ.ടി പരിശീലന വിഭാഗമായ കൈറ്റിന് കീഴില്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് ' കൂള്‍ ' എന്ന പേരില്‍ ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ് ആരംഭിക്കുന്നതുവരെ വ്യവസ്ഥാപിതമായ പരിശീലന പദ്ധതികള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയിരുന്നില്ല.
48 മണിക്കൂര്‍ അധികമുള്ളതും ഹയര്‍ സെക്കന്‍ഡറി, ഡിഗ്രി, പി.ജി തലത്തിലോ കംപ്യൂട്ടര്‍ ഒരു വിഷയമായി പഠിച്ചവര്‍ക്ക് ഉയര്‍ന്ന യോഗ്യത എന്ന നിലയില്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊബേഷന്‍ ഡിക്ലയര്‍ ചെയ്യുന്നതിന് സ്വീകരിക്കാമെന്നിരിക്കെ പല വിദ്യാഭ്യാസ ഓഫിസര്‍മാരും ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ തടയുകയാണ് എന്നും പരാതിയുണ്ട്.
വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം നിലവില്‍ വന്ന കെ.ടെറ്റ് ഉള്‍പ്പെടെയുള്ള യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ നേടുന്നതിന് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തെ ഇളവുകള്‍ നല്‍കുകയും ഇനിയും മൂന്ന് വര്‍ഷത്തെ ഇളവ് വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ പോലും കേവലം 48 മണിക്കൂര്‍ നീളുന്ന കംപ്യൂട്ടര്‍ പരിശീലനത്തിന്റെ മറവില്‍ നാലായിരത്തോളം അധ്യാപകര്‍ പ്രതിസന്ധി നേരിടുകയാണ്.
അധ്യാപകര്‍ നേരിട്ടും വിവിധ അധ്യാപക സംഘടനകള്‍ മുഖേനയും വകുപ്പ് മന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. ഉടനെ അനുകൂല ഉത്തരവ് ഇറങ്ങിയില്ലെങ്കില്‍ പുതിയ അധ്യയന വര്‍ഷം വലിയ പ്രതിസന്ധികളാണ് അധ്യാപകരെ കാത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."