തുറന്ന ജയിലില്‍ ജൈവകൃഷിയുടെ വിജയകാലം
കാട്ടാക്കട: കേരളത്തിലെ ആദ്യത്തെ തുറന്നജയിലില്‍ ഇനി വിളവെടുപ്പിന്റെ ഉത്സവമാണ്. വിയര്‍പ്പൊഴുക്കി വിളയിച്ചെടുത്ത വിളകളുപയോഗിച്ച് ഓണത്തിന് വിഭവ സമൃദ്ധമായ സദ്യ ഒരുക്കാനും ബാക്കി വരുന്നവ മറ്റ് ജയിലുകളില്‍ എത്തിക്കാനുമുള്ള തയാറെടുപ്പിലാണ് തടവുകാര്‍. കേരളത്തിലെ ആദ്യത്തെ തുറന്നജയിലായ നെട്ടുകാല്‍ത്തേരിയില്‍ കാര്‍ഷിക വിഭവങ്ങള്‍ പാകമായി വരുകയാണ്.
പടവലവും പാവലും ചീരയും തുടങ്ങി കാര്‍ഷികവിളകള്‍ ഏക്കറുകളോളം പരന്നു കിടക്കുകയാണ്. ജയിലിലെ ഏതാണ്ട് നാല്‍പ്പത് ഏക്കര്‍ ഭൂമിയിലാണ് കൃഷി ഇറക്കിയിരിക്കുന്നത്. കപ്പയും വാഴക്കുലയും പച്ചക്കറികളും ഉള്‍പ്പടെ മിക്ക ഇനങ്ങളും ഈ ഹരിത ഭൂമിയിലുണ്ട്. നാലായിരത്തോളം വാഴക്കുലകളാണ് ഇക്കുറി നട്ടിരിക്കുന്നത്. ചീര, പടവലം, വെണ്ടയ്ക്ക, കത്തിരിക്ക, മുളക്, തക്കാളി, ഇഞ്ചി, ചേന, ചേമ്പ്, കാച്ചില്‍ നാരങ്ങ, പയര്‍, പീയണിക്ക തുടങ്ങി നിരവധി ഇനങ്ങളാണ് വിളവെടുക്കുന്നത്. നേന്ത്രപഴം, രസകദളി, മോറിസ്, മൈസൂര്‍കപ്പ തുടങ്ങി അവിയലില്‍ ഇടുന്ന ഇനം വരെ ഇവിടുണ്ട്.
വിളവെടുക്കുന്ന ഇനങ്ങള്‍ തുറന്നജയിലിലും സെന്‍ട്രല്‍ജയിലുമാണ് ഉപയോഗിക്കുക. ജയില്‍ പരിസരത്ത് കുറെ വിഭവങ്ങള്‍ വില്‍ക്കും. തുറന്നജയിലും സെന്‍ട്രല്‍ജയിലിലും പിന്നെ അട്ടകുളങ്ങര വനിതാജയിലിലും ഇവിടുത്തെ പച്ചക്കറികളാണ് പലപ്പോഴും പൊലിമ പകരുന്നത്. ദിവസവുമുള്ള ആഹാരത്തിനും വിശേഷനാളുകളില്‍ വിഭവസമൃദ്ധമായ സദ്യയും ഒക്കെ തയാറാക്കുന്നതും ഈ പച്ചക്കറികളാണ്.
സംസ്ഥാന ഹോര്‍ട്ടികോര്‍പ്പറേഷന്റെ സഹായത്തോടെയാണ് ഇവിടെ കൃഷി നടത്തുന്നത്. ആവശ്യത്തിന് വെള്ളവും കാലാവസ്ഥയും പരിചരണവും ഉള്ളതിനാല്‍ നല്ല വിളവാണ് ഉള്ളതെന്ന് അധികൃതര്‍ പറയുന്നു. ജയിലില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥനെയും നിയമിച്ചിട്ടുണ്ട്. അതിനാല്‍ ഇവര്‍ക്ക് സമയത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങളും കിട്ടും. തികച്ചും ജൈവരീതിയിലാണ് വളം ഉപയോഗിക്കുന്നത്.
ജയിലില്‍ സുലഭമായി കിട്ടുന്ന ചാണകവും പശുവിന്റെയും എരുമയുടേയും മൂത്രവും പിന്നെ കമ്പോസ്റ്റും വളമായി ഉപയോഗിക്കുന്നുണ്ട്. ജയിലിലെ മിനി ഡാമില്‍ ഇതുവരെ വരള്‍ച്ച എത്തി നോക്കാത്തതിനാല്‍ വെള്ളവും സുലഭം. സൗജന്യമായി നല്‍കുന്ന പൊതിച്ചോറിന് ഉപയോഗിക്കുന്നതും ഇവിടുത്തെ പച്ചക്കറികളാണ്. മുന്‍പ് നെല്‍കൃഷി ജയിലില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുറെകാലമായി അത് നിലച്ചിരിക്കുകയാണ്. വയല്‍പാടങ്ങള്‍ മറ്റ് കൃഷിയിലേയ്ക്ക് വഴിമാറി. ജയിലില്‍ വളര്‍ത്തിയ മുയലുകളും ആടുകളും തീറ്റയായി എത്തും. കൃഷി വഴി ജയിലിന് വരുമാനവും ലഭിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."