ബാഗേജില്‍ സ്വര്‍ണം ഉള്ളകാര്യം അറിയില്ലെന്ന് അറ്റാഷെ
കൊച്ചി: യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍ ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് തിരുവനന്തപുരത്ത് സ്വര്‍ണം കടത്തിയതെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കസ്റ്റംസ് വകുപ്പ് 135 അനുസരിച്ചാണ് പി.എസ്. സരിത്തിന്റെ പേരില്‍ കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. അനധികൃതമായി വസ്തുക്കള്‍ കയറ്റുമതിയോ ഇറക്കുമതിയോ ചെയ്യുന്നതിനെതിരേയാണ് കേസ്. ഒരു കോടിയില്‍ താഴെ വിലയുള്ള ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ കൈകാര്യം ചെയ്യുന്നതെങ്കില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്.ദുബൈയില്‍ നിന്ന് വീട്ടുകാര്‍ അയക്കുന്ന ഭക്ഷ്യവസ്തുക്കള്‍ എന്നായിരുന്നു ഇന്‍വോയ്സ് വിവരത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ ബാഗേജിനുള്ളില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തിയ സ്വര്‍ണത്തെപ്പറ്റി അറിയില്ലെന്ന് അറ്റാഷെ മൊഴി നല്‍കിയതായും സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.
കള്ളക്കടത്താണിതെന്നും യു.എ.ഇ കോണ്‍സുലേറ്റും താനും ഇതില്‍ അന്വേഷണം നടത്താന്‍ അഭ്യര്‍ഥിക്കുന്നെന്നും കുറ്റവാളികളെ പിടികൂടണമെന്നും അറ്റാഷെയുടെ മൊഴിയുണ്ട്. ഇന്ത്യന്‍ നിയമങ്ങളെപ്പറ്റി അറിവില്ലാതിരുന്നതിനാലാണ് ഇക്കാര്യം അറിയാവുന്ന മുന്‍ പി.ആര്‍.ഒ കൂടി ആയിരുന്ന പി.എസ് സരിത്തിനെ വിമാനത്താവളത്തിലെ നടപടികള്‍ക്ക് ചുമതലപ്പെടുത്തിയതെന്നു അറ്റാഷെ മൊഴി നല്‍കിയതായി റിപ്പോര്‍ട്ടിലുണ്ട്.
ജോലിഭാരം കൊണ്ടാണ് താന്‍ പി.ആര്‍.ഒ സ്ഥാനം രാജിവച്ചതെന്നും ഏപ്രില്‍ മാസത്തില്‍ മാത്രം മൂന്നുവട്ടം ബാഗേജ് സ്വീകരിച്ചെന്ന് സമ്മതിച്ചതായും മൊഴിയിലുണ്ട്.സ്വര്‍ണക്കടത്ത് മാത്രമല്ല, ഇതുമായി ബന്ധപ്പെട്ട കാര്‍ഗോ ബുക്ക് ചെയ്ത പണമിടപാടും ദേശസുരക്ഷയ്ക്ക് ഭീഷണിയാവുന്നതും രാജ്യാന്തരബന്ധം വെളിവാക്കുന്നതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. അതുകൊണ്ടുതന്നെ സരിത്തിന്റെ സാമ്പത്തിക ഇടപാട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണം. ഒരു സാക്ഷിയുടെയും റാഷിദ് ഖാമിസ് അതഗ മുസാഖിരി അല്‍ ആഷ്മിയ, അദ്ദേഹത്തിനൊപ്പമെത്തിയ മുകേഷ് നായര്‍ എന്നിവരുടെയും സാന്നിധ്യത്തിലായിരുന്നു ബാഗേജ് പരിശോധന നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."