സുഡാനില്‍ സൈനിക ആസ്ഥാനത്തേക്ക് പ്രക്ഷോഭകരുടെ കൂറ്റന്‍ മാര്‍ച്ച്
ഖാര്‍ത്തൂം: പ്രസിഡന്റ് ഉമര്‍ അല്‍ ബഷീറിന്റെ ഭരണത്തിനെതിരേ സമരം നടത്തുന്ന പ്രക്ഷോഭകര്‍ സുഡാന്‍ സൈനിക ആസ്ഥാനത്തേക്ക് കൂറ്റന്‍ മാര്‍ച്ച് നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള ആയിരക്കണക്കിനു പ്രക്ഷോഭകരാണ് ഇതാദ്യമായി പ്രസിഡന്റിന്റെ ആസ്ഥാനത്തിനടുത്തുള്ള സൈനിക ഹെഡ് ക്വാര്‍ട്ടേഴ്‌സിലേക്കു മാര്‍ച്ച് നടത്തിയത്.
സുരക്ഷാ സേന കണ്ണീര്‍വാതകമുപയോഗിക്കുകയും നിരവധിപേരെ അറസ്റ്റുചെയ്യുകയും ചെയ്തു. മുന്‍ പ്രസിഡന്റ് ജാഫര്‍ നിമേരിയെ പട്ടാളം അട്ടിമറിച്ചതിന്റെ 34ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് റാലി സംഘടിപ്പിച്ചത്. രാജ്യത്തെ ജീവിതച്ചെലവ് വര്‍ധിച്ചതോടെയാണ് ജനം തെരുവിലിറങ്ങിയത്. 2018 ഡിസംബര്‍ 19നാണ് എണ്ണവില വര്‍ധിപ്പിക്കുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് പണപ്പെരുപ്പം വര്‍ധിക്കുകയും സുഡാനി പൗണ്ട് നിലംപൊത്തുകയും ചെയ്തു. വിലവര്‍ധനയില്‍ അസംതൃപ്തരായ ജനം പ്രസിഡന്റിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നത്.
രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെയും അഭിഭാഷകരുടെയും സംയുക്ത സംഘമായ സുഡാനീസ് പ്രൊഫഷനല്‍സ് അസോസിയേഷനാണ് പ്രക്ഷോഭം നയിക്കുന്നത്. ഡോക്ടര്‍മാരും ഇവരോടൊപ്പമുണ്ട്. പ്രക്ഷോഭകരില്‍ മൂന്നില്‍ രണ്ടും വനിതകളാണ്. എന്നാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചാണ് പ്രസിഡന്റ് ഉമര്‍ ബഷീര്‍ ഇതിനെ നേരിട്ടത്. പ്രക്ഷോഭ സമരത്തിനിടെ ഇതുവരെ 51 പേര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."